ലാം ആദ്യം പേടിപ്പിച്ചു
ലാം ആദ്യം പേടിപ്പിച്ചു
Saturday, September 20, 2014 11:36 PM IST
മൊത്തം 14.49 കിലോഗ്രാം വരുന്ന അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളുമായാണു മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുക. ഉപരിതലഘടന പഠിക്കാനുള്ള തെര്‍മല്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ (നാലു കിലോഗ്രാം), കളര്‍ കാമറ (1.4 കിലോഗ്രാം), അന്തരീക്ഷത്തിലെ ഹൈഡ്രജന്‍ അളക്കാനുള്ള ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ (1.5 കിലോഗ്രാം), അന്തരീക്ഷ പഠനത്തിനുള്ള മെന്‍ക എന്ന മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപസിഷന്‍ അനലൈസര്‍ (3.56 കിലോഗ്രാം), മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് (3.59 കിലോഗ്രാം) എന്നിവയാണവ.

നേരത്തേ 25 കിലോഗ്രാം ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതാണ്. ജിഎസ്എല്‍വിയാണു വിക്ഷേപണവാഹനമെങ്കില്‍ അതു സാധിക്കുമായിരുന്നു. പക്ഷേ, ജിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടുതവണ പരാജയപ്പെട്ടപ്പോള്‍ പിഎസ്എല്‍വിയിലേക്കു മാറി. ഉപകരണങ്ങള്‍ കുറച്ചു.

ഈ ഉപകരണങ്ങളുമായി ഇപ്പോള്‍ സൂര്യകേന്ദ്രിത ഭ്രമണപഥത്തില്‍ നീങ്ങുന്ന മംഗള്‍യാനെ ബുധനാഴ്ച രാവിലെയാണു ചൊവ്വയുടെ ഭ്രമണപഥത്തിലാക്കുന്നത്. ചൊവ്വയോടു 365 കിലോമീറ്റര്‍ അടുത്തും 80,000 കിലോമീറ്റര്‍ അകന്നും 77 മണിക്കൂര്‍കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കാവുന്ന ദീര്‍ഘവൃത്തപഥത്തിലാണ് എത്തേണ്ടത്.

ഇതിനു ലിക്വിഡ് അപോജീ മോട്ടോര്‍ (ലാം) എന്ന ദ്രവ ഇന്ധന എന്‍ജിനും ത്രസ്ററുകള്‍ എന്നു വിളിക്കുന്ന ചെറുമോട്ടോറുകളും ഉപയോഗിക്കും. ത്രസ്ററുകളിലും ദ്രവ ഇന്ധനമാണ് ഉപയോഗിക്കുന്നത്.

ചന്ദ്രയാനിലും മറ്റും ഉപയോ ഗിച്ചു വിജയിച്ചതാണു ലാം.

1980കളില്‍ ഇസ്രോ തുടങ്ങിയതാണു ദ്രവഇന്ധന എന്‍ജിനായുള്ള ശ്രമം. ഇന്‍സാറ്റ്2 എ വിക്ഷേപിച്ച 1992 ജൂണിലാണ് ഇതിന്റെ ആദ്യ പരീക്ഷണം. ആദ്യ ശ്രമം വലിയ ആശങ്ക ജനിപ്പിച്ചശേഷം വിജയിച്ചു. ഇന്ധനം മോണോമീതൈല്‍ ഹൈഡ്രോസിനും നൈട്രജന്‍ ടെട്രോക്സൈഡും ചേര്‍ന്ന മിശ്രിതമാണ്. ഇതിനെ ഇന്ധന അറയില്‍നിന്ന് എന്‍ജിനിലേക്കു തള്ളിവിടുന്നത് അതിമര്‍ദത്തില്‍ ഹീലിയം വാതകം അറയിലേക്ക് അടിച്ചുകയറ്റിയാണ്. ഈ പ്രക്രിയ ക്രമീകരിക്കേണ്ട ഒരു വാല്‍വ് പണിമുടക്കിയതാണ് അന്നു ഞെട്ടിച്ച കാര്യം. അറയിലെ മര്‍ദം ഭീതിപ്പെടുത്തുന്ന നിലയില്‍ കൂടി. ഇന്‍സാറ്റ് 2 എ ഒരു സ്ഫോടനത്തില്‍ അവസാനിക്കുന്ന നില. പരിഹാരം എന്‍ജിന്‍ കൂടുതല്‍ നേരം കത്തിക്കുക മാത്രമാണ്. കത്തുന്ന അറയ്ക്കു തന്മൂലം കേടുവരുമോ ഉപഗ്രഹഗതി മാറുമോ എന്നൊന്നും വ്യക്തമല്ലാതിരുന്നിട്ടും കൂടുതല്‍ സമയം കത്തിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്ധനം കത്തിയതനുസരിച്ചു മര്‍ദം കുറഞ്ഞുവന്നു. ഇന്‍സാറ്റ് 2 എ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ എത്തി പ്രവര്‍ത്തിച്ചു.


പിന്നീട് ഇത്തരം സാഹചര്യം മറികടക്കാന്‍ ബദല്‍ വാല്‍വുകള്‍ വാതക അറയിലും ഇന്ധന അറയിലും സ്ഥാപിച്ചു. പുറമേ ചെറിയ ത്രസ്ററുകളുടെ എണ്ണം കൂട്ടി. തണുത്തുറഞ്ഞ ബഹിരാകാശത്തില്‍ 300 ദിവസം വിശ്രമത്തിലായിരുന്നു എന്‍ജിന്‍. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഇപ്പോഴത്തെ ഭ്രമണപഥത്തിലേക്കു മംഗള്‍യാനെ കയറ്റിയശേഷം എന്‍ജിന്‍ അനങ്ങിയിട്ടില്ല. അതിനിടെ ആദ്യം ഉപയോഗിച്ച വാല്‍വുകള്‍ തുരുമ്പിച്ചോ ലീക്ക്വന്നോ പ്രശ്നമുണ്ടാകാം. അങ്ങനെ വന്നാല്‍ ഉപയോഗിക്കാന്‍ വേറൊരു സെറ്റ് വാല്‍വ് ഘടിപ്പിച്ചിട്ടുണ്ട്.

850 കിലോഗ്രാം ഇന്ധനവുമായാണു മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്. ഭ്രമണപഥം ഉയര്‍ത്തലിനു പല തവണയായി 365 കിലോഗ്രാം ഉപയോഗിച്ചു. ഭ്രമണപഥം മാറ്റാന്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനു 198 കിലോഗ്രാം വേണ്ടിവന്നു. ഇനി 287 കിലോഗ്രാം ഉണ്ട്. 240 കിലോഗ്രാം മതിയാകും ലാം പ്രവര്‍ത്തിക്കാന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.