ഇന്നു നിര്‍ണായക പരീക്ഷണം
ഇന്നു നിര്‍ണായക പരീക്ഷണം
Monday, September 22, 2014 12:01 AM IST
മംഗള്‍യാന്‍ ഒരു സാങ്കേതികവി ദ്യാ പ്രദര്‍ശനമാണെന്നാണ് ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) പറയുക. അതായതു ചൊവ്വയിലേക്ക് ഒരു ദൌത്യം നട ത്താനുള്ള സാങ്കേതികശേഷി നമുക്കുണ്ട് എന്ന് ഉറപ്പുവരുത്തുക. അമേരിക്കയ്ക്കും റഷ്യക്കും യൂറോ പ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ഇഎസ്എ)ക്കും മാത്രമുള്ള ശേഷിയാണത്.

ഈ ശേഷിപ്രകടനം ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്തുകയാണു മംഗള്‍യാനിലൂടെ. അതിന് ആശ്രയിച്ചതു പയറ്റിത്തെളിഞ്ഞ ഒരു റോക്കറ്റിനെയും (പിഎസ്എല്‍വി)യും ഒരു മോട്ടോറിനെയും (ലാം- ലിക്വിഡ് അപോജി മോട്ടോര്‍).

ഭൂമിയില്‍നിന്നു വിക്ഷേപിക്കാനാണു ധ്രുവീയ ഉപഗ്രഹ വിക്ഷേപണ യാനമായ പിഎസ്എല്‍വി. ഇതുവരെ 65 ഉപഗ്രഹങ്ങളെ (30 ഇന്ത്യനും 35 വിദേശിയും) ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട് പിഎസ്എല്‍വി. 26 വിക്ഷേപണങ്ങളില്‍ തുടര്‍ച്ചയായ 25 എണ്ണവും വിജയമായി. ലാം ആകട്ടെ 1992 മുതല്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങളെ നയിക്കുന്നു. റോക്കറ്റുകള്‍ ഉപഗ്രഹത്തെ ഭൂമിയുടെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിശേഷം ഉപഗ്രഹത്തിന്റെ ഗതിമാറ്റത്തിനും ഭ്രമണപഥ മാറ്റത്തിനും ഒക്കെ ഉപയോഗിക്കുന്നത് ലാമാണ്. റോക്കറ്റുകളുടെ ഓരോ ഘട്ടവും കത്തിത്തീരുന്നതനുസരിച്ചു വിട്ടുപോകുന്നു. എന്നാല്‍, ലാം ഉപഗ്രഹത്തില്‍ തുടരുന്നു.

1980 കളുടെ ആരംഭത്തില്‍ നൈട്രിക് ആസിഡും ഹൈഡ്രാസിനും ചേര്‍ന്നതായിരുന്നു ലാമിലെ ഇന്ധനം. ഉയര്‍ന്ന മര്‍ദത്തിലുള്ള വാതകമുപയോഗിച്ച് ഇവയെ ദഹന (കത്തിക്കല്‍) അറയില്‍ എത്തിക്കുന്നു. ഇപ്പോള്‍ അണ്‍സിമട്രിക്കല്‍ ഡൈമീതൈല്‍ ഹൈഡ്രാസിന്‍ ഇന്ധനമായും മൂ ന്നു ശതമാനം നൈട്രിക് ഓക്സൈഡ് ചേര്‍ത്ത നൈട്രജന്‍ ടെട്രോക്സൈഡ് ജാരണകാരി (ഓക്സിഡൈസര്‍) ആയും ഉപയോഗിക്കുന്നു.

ഇന്‍സാറ്റ് തുടങ്ങിയ ഉപഗ്രഹങ്ങളും മംഗള്‍യാനും ലാമിനെയാണ് ഉപയോഗിച്ചത്. ഈ ലാം മംഗള്‍യാനില്‍ ഇതിനകം പല തവണ പ്രവര്‍ത്തിച്ചു. നവംബര്‍ ഏഴിനായിരുന്നു ആദ്യം. അന്നു മംഗള്‍യാനെ 28,825 കിലോമീറ്റര്‍ ഉയരമുള്ള പഥത്തിലെത്തിക്കാന്‍ 416 സെക്കന്‍ഡ് നേരം ലാം പ്രവര്‍ത്തിച്ചു. പിറ്റേന്ന് 570.6 സെക്കന്‍ഡ് കത്തിച്ച് 40,186 കിലോമീറ്ററിലേക്ക് ഉയര്‍ത്തി. ഒമ്പതിന് 707 സെക്കന്‍ഡ് കത്തിയപ്പോള്‍ 71,636 കിലോമീറ്റര്‍ ഉയരം ലഭിച്ചു.

11-ാം തീയതിയിലെ ലാം പ്രവര്‍ത്തനം ഉദ്ദിഷ്ട ലക്ഷ്യം നേടിയില്ല. ഉയരവും വേഗവും കൂട്ടാനായില്ല. അന്ന് അര്‍ധരാത്രി 303.8 സെക്കന്‍ഡ് നേരം ലാം പ്രവര്‍ത്തിച്ചു ലക്ഷ്യം നേടി. നവംബര്‍ 16നു വീണ്ടും ലാം പ്രവര്‍ത്തിപ്പിച്ച് 1,92,874 കിലോമീറ്ററില്‍ ഉപഗ്രഹത്തെ എത്തിച്ചു.


ഡിസംബര്‍ ഒന്നു പുലര്‍ച്ചെ ആയിരുന്നു ഏറ്റവും തന്ത്രപ്രധാന പ്രവര്‍ത്തനം. 23 മിനിറ്റ് നേരം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചു. 198 കിലോഗ്രാം ഇന്ധനം ഉപയോഗിച്ചു. മംഗള്‍യാന്‍ ഭൂമിയെ വിട്ടുപോകാനുള്ള പ്രവേഗത്തോടെ ഇടക്കാല ഭ്രമണപഥത്തിലെത്തി.

പിന്നീടു നാലു തവണ യാത്രാപഥത്തില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയെങ്കിലും അതിനുപയോഗിച്ചത് ത്രസ്ററുകള്‍ എന്ന ചെറിയ മോട്ടോറുകളാണ്. ലാം ഉറക്കത്തിലായിരുന്നു.

ഇന്നു ലാമിനെ വിളിച്ചുണര്‍ത്തും. നാലു സെക്കന്‍ഡ് മാത്രം ലാം പ്രവര്‍ത്തിക്കാനാണു നിര്‍ദേശം. അതു കേട്ടില്ലെങ്കിലോ?

ആശങ്കയുണ്ട്. എങ്കിലും എല്ലാം മംഗളമാകുമെന്ന് ഇസ്രോ ഉറച്ചുവിശ്വസിക്കുന്നു. അതിനു തക്ക പരീക്ഷണങ്ങളെല്ലാം ഭൂമിയില്‍വച്ചു നടത്തിയതാണ്. പോരായ്മ വന്നാല്‍ പരിഹരിക്കാനും ക്രമീകരണമുണ്ട്. ഇനി അതൊന്നും ഫലിച്ചില്ലെങ്കില്‍ ത്രസ്ററുകള്‍ മാത്രമുപയോഗിച്ചാലും കാര്യം നേടാം. സമയം കൂടുതലാകുമെന്നു മാത്രം. ഇതാണ് ഇസ്രോയുടെ കണക്കുകൂട്ടല്‍.

ഇന്നു കടന്നുകിട്ടിയാല്‍ ബുധനാഴ്ചയാണു നിര്‍ണായക ദിനം. അന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17ന് ദൌത്യം തുടങ്ങും. വാര്‍ത്താവിനിമയത്തിന് മീഡിയം ഗെയിന്‍ ആന്റിന ഉപയോഗിച്ചാകും തുടക്കം. അപ്പോഴേക്ക് ഭൂമിയില്‍നിന്ന് 12 കിലോമീറ്ററിലേറെയെടുക്കും സന്ദേശം മംഗള്‍യാനിലെത്താന്‍. മടക്കത്തിനും അത്രതന്നെ. എന്തെങ്കിലും പ്രതികരണമറിയാന്‍ അരമണിക്കൂറോളം വേണമെന്നു ചുരുക്കം.

അന്നു ചെറിയൊരു ഗ്രഹണവും ഉപഗ്രഹത്തെ ബാധിക്കും. ചൊവ്വാഗ്രഹം ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു മറയ്ക്കും. രാവിലെ 7.12 മുതല്‍ 7.37 വരെയാണ് ഈ ചെറു ഗ്രഹണം.

അപ്പോള്‍ സന്ദേശവിനിമയം നട ക്കില്ല. അതിനാല്‍ അന്നു നടത്തേ ണ്ട കാര്യങ്ങള്‍ ഭൂമിയില്‍നിന്നു നിയന്ത്രിക്കാതെ ഉപഗ്രഹത്തില്‍ നിന്നുതന്നെ നിയന്ത്രിക്കും. അതിനുള്ള എല്ലാ വിവരങ്ങളും കഴിഞ്ഞ ചൊവ്വാഴ്ചയോടെ മംഗള്‍യാനില്‍ എത്തിച്ചു.

അന്നു രാവിലെ 7.17-നാണു ലാം പ്രവര്‍ത്തനം തുടങ്ങേണ്ടത്. 7.41ന് അവസാനിക്കണം. 7.47-നേ ഭൂമിയിലേക്കു സന്ദേശമയയ്ക്കല്‍ പുനരാരംഭിക്കൂ. സന്ദേശം ഇവിടെ ലഭിക്കുമ്പോള്‍ സമയം എട്ടാകും. 7.22 മുതല്‍ എന്താണു സംഭവിച്ചതെന്നറിയാന്‍ നീണ്ട 38 മിനിറ്റ് കാത്തിരിക്കണം. ആ നിമിഷങ്ങളിലാണു ഗ്രഹാന്തരയാത്രയ്ക്ക് ഇന്ത്യ സാങ്കേതികവിദ്യ ആര്‍ജിച്ചോ എന്നറിയുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.