പ്രശാന്ത് ഭൂഷണെതിരേ കേസ് രജിസ്റര്‍ ചെയ്യാന്‍ സിബിഐ അനുമതി തേടി
പ്രശാന്ത് ഭൂഷണെതിരേ കേസ് രജിസ്റര്‍ ചെയ്യാന്‍ സിബിഐ അനുമതി തേടി
Monday, September 22, 2014 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അഴിമതികളില്‍ അന്വേഷണം നേരിടുന്ന കമ്പനി ഉദ്യോഗസ്ഥരുമായി നിരവധി തവണ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സിപിഐഎലിനുമെതിരേ കേസ് രജിസ്റര്‍ ചെയ്യാന്‍ സിബിഐ സുപ്രീംകോടതിയുടെ അനുമതി തേടി. സിബിഐ ഡയറക്ടര്‍ക്കെതിരേ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സെന്റര്‍ ഫോര്‍ പബ്ളിക് ലിറ്റിഗേഷനും ഗൂഢാലോചന നടത്തിയതാണെന്നും കോടതിയെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

രഞ്ജിത് സിന്‍ഹയെ വസതിയിലെത്തി സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഡയറിയുടെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്നു പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഉറവിടം വെളിപ്പെടുത്തണമെന്ന കോടതിയുടെ നിര്‍ദേശത്തിനു നല്‍കിയ സത്യവാങ്മൂലത്തിലാണു പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കോടതിയെ പ്രശാന്ത് ഭൂഷണും സിപിഐഎലും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്യാന്‍ സിബിഐ അനുമതി തേടിയിരിക്കുന്നത്. 2ജി അഴിമതി കേസ് പരിശോധിക്കുന്ന ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചാണു ഡയറിയുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി അജ്ഞാതരായ ആള്‍ തന്റെ വസതിയിലെത്തിച്ചത് എന്നായിരുന്നു ആദ്യം കോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ഡയറി വ്യാജമാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമുള്ള രഞ്ജിത് സിന്‍ഹയുടെ വാദത്തെ ത്തുടര്‍ന്ന് ഡയറി യുടെ ഉറവിടം മുദ്രവച്ച കവറില്‍ കോടതിയെ അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ഡയറി നല്‍കിയ ആളിന്റെ പേര് വെളിപ്പെടുത്തിയാല്‍ അവരുടെ ജീവനു ഭീഷണിയാകുമെന്നാണു പ്രശാന്ത് ഭൂഷണ്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും കോടതി ഇന്നു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.