അയ്യപ്പഭക്തര്‍ക്കായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റേഷന്‍ നവീകരിക്കും
Thursday, October 2, 2014 12:20 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: അയ്യപ്പ ഭക്തര്‍ക്ക് ചെങ്ങന്നൂര്‍ റെയില്‍വേ സ്റേഷനില്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കുന്നതിനു റെയില്‍വേ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ.

ശബരിമല തീര്‍ഥാടനത്തിന്റെ ഈ വര്‍ഷത്തെ ഒരുക്കങ്ങളെക്കുറിച്ചു മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് ഇന്നലെ കേന്ദ്രമന്ത്രിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്.

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ ഏറെയും ചെങ്ങന്നൂര്‍ റെയില്‍വേ സ്റേഷനിലാണെത്തുന്നത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ രണ്ടാം വാരത്തില്‍ അവലോകന യോഗം ചേരണമെന്നു കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റേഷനെ ശബരിമലയുടെ കവാടമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റേഷനെ ലോകോത്തര നിലവാര ത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

തീര്‍ഥാടനത്തിനു മുമ്പായി റെയില്‍വേ സ്റേഷന്‍ കെട്ടിടത്തിലും പരിസരത്തും ഹൈമാസ്റ് ലൈറ്റുകളും സ്പോട്ട് ലൈറ്റുകളും കൂടുതലായി സ്ഥാപിക്കുക, പ്രധാന ടെര്‍മിനല്‍ കെട്ടിടവും ഒന്നാം പ്ളാറ്റ്ഫോമിന്റെ തറയും ടൈല്‍സ് പതിക്കുക, തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പായി യുദ്ധകാലാടിസ്ഥാനത്തില്‍ എസ്കലേറ്റര്‍ സ്ഥാപിക്കുക, തീര്‍ഥാടകര്‍ക്കുള്ള അഭയകേന്ദ്രം, വിശ്രമ മുറി, കുളിമുറി എന്നിവ പുതുക്കി പണിയുക, വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, പ്രവേശന കവാടം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.


തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ ഡിസ്പെന്‍സറി തുടങ്ങുക, കൂടുതല്‍ റിസര്‍വേഷന്‍ കൌണ്ടറുകള്‍ ആരംഭിക്കുക, ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുക, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ അറിയിപ്പു നല്‍കുക, ഇന്‍ഫര്‍മേഷന്‍ കൌണ്ടറില്‍ കൂടുതല്‍ സ്റാഫിനെ നിയമിക്കുക, ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും തീര്‍ഥാടകര്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കുക.

എല്ലാ സ്പെഷല്‍ ട്രെയിനുകളും കൊല്ലം വരെ സര്‍വീസ് നടത്തുക, ചെന്നൈ സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റോപ്പ് അനുവദിക്കുക, തീര്‍ഥാടകര്‍ക്ക് കുറഞ്ഞ ചെലവില്‍ ജനതാ ആഹാരങ്ങള്‍ വിതരണം ചെയ്യുക, സ്റേഷനില്‍ ഫു ഡ് പ്ളാസകള്‍ അനുവദിക്കുക, സ്റേഷന്‍ കോമ്പൌണ്ടിനുള്ളില്‍ തീര്‍ഥാടകര്‍ക്കായി റെയില്‍ യാത്രി നിവാസ് പണിയുന്നതിന് അടുത്ത ബജറ്റില്‍ പണം നീക്കിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും റെയില്‍വേ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കൊടിക്കുന്നില്‍ ഉന്നയിച്ചു. അനുഭാവപൂര്‍വമായ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.