ഹരിയാന സ്വന്തമാക്കി ബിജെപി
ഹരിയാന സ്വന്തമാക്കി ബിജെപി
Monday, October 20, 2014 11:50 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഹരിയാനയുടെ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി ബിജെപി അധികാരത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ബിജെപി 47 സീറ്റില്‍ വിജയിച്ചു കേവല ഭൂരിപക്ഷം നേടി. ഐഎന്‍എല്‍ഡി- 19, കോണ്‍ഗ്രസ്- 15, എച്ച്ജെസി- 2, മറ്റുള്ളവര്‍- 5 എന്നിങ്ങനെയാണു കക്ഷിനില. ഒരു സഖ്യത്തിന്റെയും പിന്‍ബലമില്ലാതെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പോലും ഉയര്‍ത്തിക്കാണിക്കാതെയാണു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയുടെ കഴിഞ്ഞകാല തെരഞ്ഞെടുപ്പു ചരിത്രങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്നില്‍ നിഴലായി നിന്നു 2005ല്‍ രണ്ടും 2009ല്‍ നാലും മാത്രം സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 47 സീറ്റുകളാണു ഹരിയാനയില്‍നിന്നു തൂത്തു വാരിയത്. അതേസമയം, 2005ല്‍ 67ഉം 2009ല്‍ 40 ഉം സീറ്റുകള്‍ നേടി ഹരിയാനയില്‍ ഭരണത്തിലേറിയ കോണ്‍ഗ്രസ് ഇത്തവണ 15 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 20 സീറ്റുമായി ഐഎന്‍എല്‍ഡിയാണു രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ പത്തു വര്‍ഷക്കാലം ഭൂപീന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഭരിച്ച ഹരിയാനയില്‍ ഇക്കുറി ഭരണവിരുദ്ധ വികാരം അലയടിച്ചെന്നാണു കോണ്‍ഗ്രസ് തന്നെ തുറന്നു സമ്മതിക്കുന്നത്. മുഖ്യമന്ത്രി ഹൂഡയുടെ മണ്ഡലമായ റോഹ്തക്കിന്റെ നാലതിരുകള്‍ വിട്ടു വികസനപ്രവര്‍ത്തനങ്ങള്‍ പുറത്തേക്കിറങ്ങിയിട്ടില്ലെന്ന ആരോപണങ്ങള്‍ക്കു കോണ്‍ഗ്രസിന്റെ മൌനം മറുപടിയായപ്പോള്‍ വോട്ടുകള്‍ ബിജെപിയുടെ പാളയത്തിലേക്കു മറിഞ്ഞുവെന്നു വേണം കരുതാന്‍.

മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ 47,185 വോട്ടിനു വിജയിച്ചെങ്കിലും മന്ത്രിസഭയിലെ പ്രമുഖരടക്കം കോണ്‍ഗ്രസിന്റെ പ്രബലര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റോഹ്ത്തക്കില്‍ പാര്‍ട്ടി നേതാവും ഹൂഡയുടെ വലംകൈയുമായ ഭരത്ഭൂഷണ്‍ ബത്ര ബിജെപിയിലെ മനീഷ് കുമാര്‍ ഗ്രോവറിനോടാണു പരാജയപ്പെട്ടത്. എന്നാല്‍, മറ്റൊരു മന്ത്രി കിരണ്‍ ചൌധരി തോഷം മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ ഗനൌര്‍ മണ്ഡലത്തില്‍ വിജയിച്ചു. മന്ത്രി മഹേന്ദ്ര പ്രതാപ് സിംഗ് ബദ്ഖലിലും മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ പുത്രനും ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ രണ്‍ബീര്‍ സിംഗ് മഹേന്ദ്ര ബദ്രയിലും തോറ്റു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാം വിലാസ് ശര്‍മ മഹേന്ദ്രഗഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കൈതാളില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് പ്രമുഖകനുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല വിജയം കണ്ടു. അംബാല കന്റോണ്‍മെന്റില്‍ ബിജെപിയുടെ പ്രധാന സ്ഥാനാര്‍ഥികളിലൊരാളായ അനില്‍ വിജ് വിജയിച്ചു. ഹരിയാനാ ജന്‍ഹിത് കോണ്‍ഗ്രസ് മേധാവി കുല്‍ദീപ് സിംഗ് ബിഷ്നോയ് ആദംപൂര്‍ മണ്ഡലത്തില്‍ വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ബിഷ്നോയ്ക്ക് ഇത് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു.


ഐഎന്‍എല്‍ഡി എംപി ദുഷ്യന്ത് ചൌട്ടാലക്ക് ഉഛാന കലന്‍ മണ്ഡലത്തില്‍ പരാജയമായിരുന്നു ഫലം. 7,480 വോട്ടുകള്‍ക്കാണ് ചൌത്താല നിരയിലെ യുവസ്ഥാനാര്‍ഥി ബിജെപിയിലെ പ്രേമലതയോട് തോറ്റത്. എന്നാല്‍, ദുഷ്യന്തിന്റെ അമ്മ നയ്നാ സിംഗ് ചൌത്താല ധബ്വാലിയില്‍നിന്നു ചെറിയച്ഛന്‍ അഭയ് സിംഗ് ചൌത്താല ഇലീനാബാദില്‍നിന്നും വിജയം നേടി. ഐഎന്‍എല്‍ഡി സംസ്ഥാന പ്രസിഡന്റ് അശോക് അറോക താനേസറില്‍ തോറ്റു. അംബാല സിറ്റിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ഹരിയാന ജന്‍ചേത്നാ പാര്‍ട്ടി നേതാവുമായ വിനോദ് ശര്‍മ ബിജെപിയിലെ അസീം ഗോയലിനോട് തോറ്റു. സാഫിദോണില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ സഹോദരി ഡോ. വന്ദനാ ശര്‍മ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്ബീര്‍ ദേശ്വാളിനോട് തോറ്റു.

മൂന്നു വര്‍ഷത്തെ തെരഞ്ഞെടുപ്പു സഖ്യം വേണ്െടന്നു വച്ചാണു ഇത്തവണ ഹരിയാനയില്‍ ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് മത്സരിക്കാനിറങ്ങിയത്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുമ്പു മാത്രം സഖ്യം അവസാനിപ്പിച്ച എച്ച്ജെസിയുടെ നടപടി ബിജെപിയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ഒട്ടും മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു മാനേജ്മെന്റിന്റെ വിജയം തന്നെയാണെന്നാണ് തലസ്ഥാത്തുള്‍പ്പടെയുള്ളവര്‍ ഹരിയാനയിലെ ബിജെപി വിജയത്തെ വിലയിരുത്തുന്നത്. പ്രചാരണത്തിനു ഒറ്റയ്ക്കു നേതൃത്വം നല്‍കിയ മോദിയുടെയും എന്‍ഡിഎ സര്‍ക്കാരിന്റെ നാലുമാസത്തെ ഭരണത്തിന്റെയും വിലയിരുത്തല്‍ കൂടിയായിട്ടാണ് ബിജെപി ദേശീയ നേതൃത്വം വിജയത്തെ കാണുന്നത്.

അതിനിടെ, അഴിമതിക്കേസില്‍ പെട്ടു അകത്തായ ഓം പ്രകാശ് ചൌട്ടാല ജയിലില്‍നിന്നു പ്രചാരണത്തിനെത്തി വീണ്ടും ജയിലിലേക്കു തന്നെ മടങ്ങിയ സഹതാപ തരംഗം വോട്ടാക്കി മാറ്റാന്‍ ഐഎന്‍എല്‍ഡിക്കും കഴിഞ്ഞില്ല. ജാട്ടുകള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന അജിത് സിംഗിന്റെ ആര്‍എല്‍ഡിക്കും ഹരിയാനയില്‍ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞില്ല.

ജാതി രാഷ്ട്രീയത്തിനു പേരു കേട്ട ഹരിയാനയില്‍ പിന്നോക്ക വിഭാഗങ്ങളുടെയും ദളിതരുടെയും അകമഴിഞ്ഞ പിന്തുണയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ഇത്തണ ജാട്ട് സമുദായത്തില്‍നിന്നും 27 പേര്‍ക്കാണു ബിജെപി സീറ്റു നല്‍കിയിരുന്നത്. 1966 നവംബര്‍ ഒന്നിനാണു ഹരിയാന പഞ്ചാബില്‍ നിന്നു വിഭജിച്ചു സ്വതന്ത്ര സംസ്ഥാനമാകുന്നത്. സഖ്യങ്ങളൊഴിഞ്ഞ് ആദ്യമായി ഇവിടെ മത്സരിക്കാനിറങ്ങിയ ബിജെപി വിജയത്തേരിലേറി അധികാരം പിടിച്ചെടുത്തു എന്നു തന്നെ പറയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.