അടിതെറ്റിയവരില്‍ രാജ്യത്തെ ഏറ്റവും വലിയ ധനികയും
അടിതെറ്റിയവരില്‍ രാജ്യത്തെ  ഏറ്റവും വലിയ ധനികയും
Monday, October 20, 2014 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ധനികയാണെങ്കിലും ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ അതൊന്നും ഒരു യോഗ്യതയല്ലെന്നു ഹരിയാനയില്‍ നിന്നുള്ള ഫലം തെളിയിക്കുന്നു. പ്രമുഖ വ്യവസായിയും ഹരിയാനയിലെ മുന്‍ മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കഴിഞ്ഞ തവണ വിജയിച്ച ഹിസാര്‍ മണ്ഡലത്തില്‍ 13,646 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെന്നു മാത്രമല്ല, മൂന്നാം സ്ഥാനത്തിനു അരികെ ചെന്നെത്തുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലം ഉള്‍പ്പെടുന്ന കുരുക്ഷേത്രയില്‍ മത്സരിച്ച മുന്‍ എംപി കൂടിയായ നവീന്‍ ജിന്‍ഡാലും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

ശതകോടികള്‍ ആസ്തിയായുള്ള ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണായ സാവിത്രി ജിന്‍ഡാലിന് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വോട്ട് ചെയ്താല്‍ തന്നെ ജയിക്കുമെന്നാണു നാട്ടില്‍ സംസാരമുണ്ടായിരുന്നത്. ധനാഢ്യയെങ്കിലും ലാളിത്യമുള്ള നേതാവ് എന്ന ഖ്യാതിയും ഭൂപീന്ദര്‍സിംഗ് ഹൂഡ മന്ത്രിസഭയില്‍ ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇവര്‍ക്കു തുണയായില്ല. ബിജെപി സ്ഥാനാര്‍ഥി കമല്‍ ഗുപ്തയാണ് ഇത്തവണ ജയിച്ചത്.

ഇന്ത്യയിലെ പ്രമുഖ സ്റീല്‍ കമ്പനികളിലൊന്നായ ജിന്‍ഡാല്‍ സ്റീലിനു നേതൃത്വം നല്‍കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ആണ് സാവിത്രി. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കിയാണ് സാവിത്രി ജിന്‍ഡാലിന്റെ വ്യവസായ മേഖലയിലേക്കുള്ള രംഗപ്രവേശം. കമ്പനിയുടെ മേധാവിയും ഭര്‍ത്താവുമായിരുന്ന ഒ.പി. ജിന്‍ഡാല്‍ 2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്.

സാവിത്രി നേതൃസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള കമ്പനിയുടെ വളര്‍ച്ച വിലയിരുത്തി ഫോബ്സ് മാഗസിന്‍ 2008ല്‍ രാജ്യത്തെ ഏറ്റവും വലിയ ധനികയായി ഇവരെ തെരഞ്ഞെടുത്തിരുന്നു.

പതിനൊന്നാം തവണയും ഗണപത്റാവു ദേശ്മുഖ് ജയിച്ചു റിക്കാര്‍ഡിട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന ഗണപത്റാവു ദേശ്മുഖ് പതിനൊന്നാം തവണയും വിജയിച്ചു റിക്കാര്‍ഡിട്ടു. കഴിഞ്ഞ 54 വര്‍ഷമായി സോലാപ്പൂര്‍ ജില്ലയിലെ സംഗോള നിയമസഭാ സീറ്റില്‍ വിജയിച്ചുവരുന്ന പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവായ ഗണപത്റാവു ദേശ്മുഖ് ഇക്കുറി ശിവസേനയിലെ ഷഹാജിബാപ്പു പാട്ടീലിനെ 25,224 വോട്ടിനു തോല്പിച്ചാണു വീണ്ടും നിയമസഭാംഗമായത്.

ദേശ്മുഖിന് 94,374 വോട്ടു ലഭിച്ചപ്പോള്‍ പാട്ടീലിന് 69,150 വോട്ടു കിട്ടി. ദേശ്മുഖിനെതിരേ എന്‍സിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. 1962 ലാണു ദേശ്മുഖ് ആദ്യമായി എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 1972ലും 1995ലും ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും ജയിച്ചു. 2012ല്‍ നിയമസഭാംഗമായി 50 വര്‍ഷം തികച്ചു. കൂടുതല്‍ കാലവും പ്രതിപക്ഷത്തു പ്രവര്‍ത്തിച്ച ദേശ്മുഖ് സംസ്ഥാനത്തു രണ്ടുവട്ടം മന്ത്രിയായിട്ടുണ്ട്- 1978ല്‍ ശരദ് പവാറിന്റെ മന്ത്രിസഭയിലും 1999ലെ കോണ്‍ഗ്രസ് - എന്‍സിപി മന്ത്രിസഭയിലും.

ഗഡ്ചിരോളിയില്‍ നോട്ട മൂന്നാംസ്ഥാനത്ത്

ഗഡ്ചിരോളി: വിദര്‍ഭയിലെ ഗഡ്ചിരോളി ലോക്സഭാ മണ്ഡലത്തില്‍ നോട്ട മൂന്നാംസ്ഥാനത്തെത്തി. ബിജെപിയുടെ ഡോ. ദേവ്റാം ഹോളിയാണു വിജയിച്ചത്. ഹോളി 70,185 വോട്ട് നേടിയപ്പോള്‍ എതിരാളിയായ എന്‍സിപി സ്ഥാനാര്‍ഥി ഭാഗ്യശ്രീ അത്റാമിന് ലഭിച്ചത് 18,280 വോട്ടാണ്. തൊട്ടടുത്തെത്തിയ നോട്ട 17,510 വോട്ട് നേടി.

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസി ഇതര സംഘടനകളുടെയും ആഹ്വാനമാണു നോട്ടയ്ക്ക് വോട്ട് കൂട്ടിയത്.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേനാ സഖ്യം നേടിയത് 244 സീറ്റില്‍ ലീഡ്

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ലീഡ് നേടിയത് 244 നിയമസഭാ മണ്ഡലങ്ങളില്‍. ബിജെപി 145 സീറ്റിലും ശിവസേന 99ലും ലീഡ് നേടിയിരുന്നു. കോണ്‍ഗ്രസ് 16 സീറ്റിലും എന്‍സിപി 24 സീറ്റിലുമാണു ലീഡ് ചെയ്തിരുന്നത്. ഇരുകക്ഷികള്‍ക്കുംകൂടി 42 സീറ്റില്‍ ലീഡുണ്ടായിരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടിയോളമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം 42ഉം കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ആറും സീറ്റാണു നേടിയത്.

ബിജെപിയുടെ വിജയം കപട പ്രചാരണങ്ങളിലൂടെ: മല്ലികാര്‍ജുന ഖാര്‍ഗെ

ഗുല്‍ബര്‍ഗ: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വിജയം നേടിയതു കപട പ്രചാരണങ്ങളിലൂടെയാണെന്നു ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. എന്നാല്‍, ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ തിരിച്ചടിയില്‍ നിന്നു കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

റായിയില്‍ കോണ്‍ഗ്രസ് ജയിച്ചത് മൂന്നു വോട്ടിന്

ന്യൂഡല്‍ഹി: ഭരണത്തകര്‍ച്ചയുടെ കുത്തൊഴുക്കില്‍ മൊത്തം ഒലിച്ചു പോകുന്നതിനിടെ ഹരിയാനയില്‍ കോണ്‍ഗ്രസിനു കിട്ടി കച്ചിത്തുരുമ്പിലെ ഒരു വിജയം. പത്ത് വര്‍ഷമായി ഹരിയാന ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ റായി മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ജയ് തിരാത്ത് ദാഹിയ വിജയിച്ചത് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ വിമത സ്ഥാനാര്‍ഥി ഇന്ദര്‍ജീത് ദാഹിയയെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. 15 സ്ഥാനാര്‍ഥികളാണ് റായി മണ്ഡലത്തില്‍നിന്നു ജനവിധി തേടിയത്. ഇന്ദര്‍ജീത് ദാഹിയയ്ക്ക് 36,700 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജയ് തിരാത്ത് ദാഹിയ 36,703 വോട്ടുകള്‍ സ്വന്തമാക്കി. തൊട്ടുപിന്നില്‍ ബിജെപിയുടെ കൃഷ്ണ ഗെലോട്ട് 34,523 വോട്ട് നേടി മൂന്നാം സ്ഥാനത്തുമെത്തി.

പ്രീതം മുണ്െടയ്ക്ക് 6,96,321 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം

മുംബൈ: ഗോപിനാഥ് മുണ്െട പ്രതിനിധാനം ചെയ്തിരുന്ന ബീഡ് ലോക്സഭാ മണ്ഡലത്തില്‍ മുണ്െടയുടെ മകള്‍ പ്രീതം ജയിച്ചത് 6,96,321 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഒമ്പതു ലക്ഷം വോട്ട് പ്രീതത്തിനു ലഭിച്ചു. കോണ്‍ഗ്രസിന്റെ അശോക് പാട്ടീലിനെയാണു പ്രീതം പരാജയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് പ്രീതം നേടിയത്. സിപിഎമ്മിന്റെ അനില്‍ ബസു 2004ല്‍ നേടിയ 5,92,502 വോട്ടിന്റെ റിക്കാര്‍ഡാണു പ്രീതം മറികടന്നത്. എന്‍സിപിക്കും ശിവസേനയ്ക്കും ബീഡില്‍ സ്ഥാനാര്‍ഥികളില്ലായിരുന്നു. പാര്‍ലി മണ്ഡലത്തില്‍ പ്രീതത്തിന്റെ മൂത്ത സഹോദരി പങ്കജ 25,895 വോട്ടിനു ബന്ധുവും എന്‍സിപി സ്ഥാനാര്‍ഥിയുമായ ധനഞ്ജയിനെ തോല്പിച്ചു.

അമരാവതിയില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാജേന്ദ്ര ഷെഖാവത്ത് തോറ്റു. ബാലഗംഗാധര തിലകന്റെ ചെറുമകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രോഹിത് തിലക് കസബ പേട്ടില്‍ പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ കുദല്‍ മണ്ഡലത്തില്‍ തോറ്റപ്പോള്‍ മകന്‍ നിതേഷ് കാന്‍കവലിയില്‍ വിജയിച്ചു. എന്‍സിപി പ്രമുഖന്‍ ഛഗന്‍ ഭുജ്ബലും മകന്‍ പങ്കജും വിജയിച്ചു. വിലാസ്റാവു ദേശ്മുഖിന്റെ മകന്‍ അമിത്, സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണിതി എന്നിവര്‍ വിജയിച്ചപ്പോള്‍ എംപിസിസി അധ്യക്ഷന്‍ മണിക്റാവു താക്കറെയുടെ മകന്‍ രാഹുല്‍ യവത്മാലില്‍ നാലാംസ്ഥാനത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.