മോദി തരംഗം അവസാനിച്ചിട്ടില്ല: അമിത് ഷാ
മോദി തരംഗം അവസാനിച്ചിട്ടില്ല: അമിത് ഷാ
Monday, October 20, 2014 11:52 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണു ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദി രാജ്യത്തിന്റെ അനിഷേധ്യനായ നേതാവാണ്. മോദി തരംഗം ഉണ്ടായിരുന്നത് ഇനിയും ഒരു സുനാമിയായി മാറുമെന്നും അതിലൂടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേക്കു മുന്നേറുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉറപ്പാക്കിയതിനു പിന്നാലെ ദേശീയ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണു അമിത് ഷാ പ്രതികരിച്ചത്. മോദി തരംഗം അവസാനിച്ചുവെന്നു വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം. മോദിയുടെ നാലു മാസത്തെ ഭരണത്തിന്റെ കൂടി വിലയിരുത്തലാണിത്. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അര്‍ഹതയില്ലാത്ത തരത്തിലാണു കോണ്‍ഗ്രസിനു തോല്‍വിയുണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയിലും ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ബിജെപി മുഖ്യമന്ത്രി തന്നെ ഭരണം നടത്തും. കഴിഞ്ഞ തവണ നാലു സീറ്റ് ലഭിച്ച ഹരിയാനയില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു നല്ല ഭരണം നടത്തും.


ചില പ്രശ്നങ്ങള്‍ കാരണമാണ് ഇരുസംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കേണ്ടിവന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ശിവസേനയുമായുള്ള സഖ്യം തകര്‍ന്നതിനു ബിജെപി ഉത്തരവാദിയല്ല. മൂന്നു സീറ്റിന്റെ തര്‍ക്കത്തിലാണ് സഖ്യം അവസാനിച്ചത്. കേന്ദ്രമന്ത്രിസഭയിലും മുംബൈ കോര്‍പറേഷന്‍ ഭരണത്തിലും ബിജെപിക്കൊപ്പം സേന ഇപ്പോഴുമുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയില്‍ ബിജെപിക്കു നിരുപാധിക പിന്തുണ നല്‍കുമെന്ന് എന്‍സിപി അറിയിച്ചിട്ടുണ്െടന്നും അക്കാര്യം പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, ഇരു സംസ്ഥാനങ്ങളിലും വിജയിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് സജ്ജമാണോയെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ അമിത് ഷാ തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.