മലയാളി നഴ്സുമാര്‍ക്കു നന്ദി പറഞ്ഞ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കത്ത്
മലയാളി നഴ്സുമാര്‍ക്കു നന്ദി പറഞ്ഞ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കത്ത്
Tuesday, October 21, 2014 12:12 AM IST
ന്യൂഡല്‍ഹി: ചിരിച്ചുകൊണ്ടു കുത്തിവയ്ക്കും, മധുരം പകരും പോലെ മരുന്നും തരും. ഇങ്ങനെ കരുതലോടെയുള്ള പരിചരണം മനസില്‍ തട്ടിയപ്പോള്‍ ജയ്റ്റ്ലിയുടെ ഹൃദയം നന്ദികൊണ്ടു തുളുമ്പി.

എയിംസ് ആശുപത്രിയിലെ ത ന്നെ പരിചരിച്ച എല്ലാ നഴ്സുമാര്‍ക്കും വ്യക്തിപരമായി കത്തെഴുതിയാണു കേന്ദ്രമന്ത്രി നന്ദി പ്രകാശിപ്പിച്ചത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പു കടുത്ത പ്രമേഹബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന ദിവസങ്ങളില്‍ ജയ്റ്റ്ലിയുടെ പരിചരണത്തിനായി എത്തിവരില്‍ ഭൂരിഭാഗവും മലയാളി നഴ്സുമാരായിരുന്നു.

ജോബി, ആഷിഷ്, ജ്യോതി ജോസഫ്, സായൂജ്, മനു തുടങ്ങിയവര്‍ക്കാണു അവരുടെ പേരില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള മന്ത്രിയുടെ കത്ത് ലഭിച്ചത്. ഓരോരുത്തരുടെയും പേരെടുത്ത് പ്രത്യേകം പ്രത്യേകം തയാറാക്കിയ കത്തില്‍ നഴ്സുമാരുടെ പരിചരണം തന്നെ ഏറെ സ്പര്‍ശിച്ചുവെന്നും അവരുടെ ജോലിയിലുള്ള ആത്മാര്‍ഥത പ്രശംസനീയമാണെന്നുമാണു മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തയാറാക്കി കൈയൊപ്പിട്ടിട്ടുള്ള കത്തില്‍ പറയുന്നത്.

ജയ്റ്റ്ലി ചികിത്സയ്ക്കായി എയിംസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലും മലയാളി നഴ്സുമാര്‍ക്കായിരുന്നു നഴ്സിംഗ് പരിചരണത്തിന്റെ പൂര്‍ണ ചുമതലയുണ്ടായിരുന്നത്. എയിംസ് അധികൃതര്‍ക്കു മന്ത്രാലയത്തില്‍ നിന്നയച്ച കത്ത് പിന്നീടു നഴ്സുമാര്‍ക്കു കൈമാറുകയായിരുന്നു. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മന്ത്രിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയരുതെന്ന് എയിംസ് അധികൃതര്‍ നഴ്സുമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളി നഴ്സുമാരാണ്.


കഴിഞ്ഞ ലോക്സഭാ തെര ഞ്ഞെടുപ്പിനു മുമ്പ് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് മലയാളി നഴ്സുമാര്‍ക്കെതിരേ നടത്തിയ വംശീയ അധിക്ഷേപം ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. രാജ്യത്തെ പല പ്രമുഖരും ചികിത്സ തേടി എത്താറുള്ള എംയിസ് ആശുപത്രിയില്‍ ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്നു മന്ത്രിയുടെ കൃതജ്ഞതാ കത്ത് ലഭിച്ച മലയാളി നഴ്സായ ജ്യോതി ജോസഫ് പറഞ്ഞു. പല രും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ് ചെയ്തിരിക്കുന്ന മന്ത്രിയുടെ കത്തിന് ഊഷ്മള പ്രതികരണങ്ങളാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.