ഷെവ. വി.സി. സെബാസ്റ്യന്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍ സെക്രട്ടറി ജനറല്‍
Wednesday, October 22, 2014 12:40 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍ പ്രസിഡന്റായി മുന്‍ കേന്ദ്രമന്ത്രിയും മേഘാലയത്തിലെ ഷില്ലോംഗില്‍നിന്നുള്ള ലോക്സഭാഗവുമായ വിന്‍സെന്റ് എച്ച്. പാലയേയും സെക്രട്ടറി ജനറലായി ഷെവലിയര്‍ വി.സി. സെബാസ്റ്യനെയും (കേരളം) തെരഞ്ഞെടുത്തു.

ലയണ്‍ സി. ഫ്രാന്‍സീസ് (തെലുങ്കാന)- വൈസ് പ്രസിഡന്റ്, ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ഏബ്രഹാം പറ്റിയാനി, മരിയ ഫെര്‍ണാണ്ടസ് (കര്‍ണാടക), എല്‍സ ഡിക്രൂസ് (മഹാരാഷ്ട്ര)- സെക്രട്ടറിമാര്‍, സിറിള്‍ സഞ്ജു ജോര്‍ജ് (ഡല്‍ഹി)- നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഡേവീസ് ഇടക്കളത്തൂര്‍ (ഖത്തര്‍)-ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.

ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന ദേശീയ ഉപദേശകസമിതിക്കും വിവിധ ക്രൈസ്തവ സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന 101 അംഗ ദേശീയ നിര്‍വാഹകസമിതിക്കും നാഷണല്‍ കൌണ്‍സില്‍ രൂപംകൊടുത്തു. കേരളത്തില്‍നിന്നു ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം വി.വി. അഗസ്റിന്‍, കെസിബിസി അല്മായ കമ്മീഷന്‍ മുന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ സെക്രട്ടറി അല്‍ഫോന്‍സ് പെരേര എന്നിവരുള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍ കേന്ദ്രസമിതിയിലുണ്ട്. സെക്കന്തരാബാദില്‍ നവംബര്‍ അവസാനവാരം ചേരുന്ന ചടങ്ങില്‍ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കും.


ഇന്ത്യയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും പൊതുവേദിയാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് ഐസിസി നാഷണല്‍ കൌണ്‍സില്‍ അഫിലിയേഷനുണ്ട്.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ക്രൈസ്തവസമൂഹം വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുമ്പോള്‍ ഇന്ത്യയിലെ വിവിധ ക്രൈസ്തവ സമുദായാംഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുള്ള വേദിയാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സിലെന്നും നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.