പ്രധാനമന്ത്രിയുടെ ദീപാവലി കാഷ്മീരില്‍
പ്രധാനമന്ത്രിയുടെ ദീപാവലി കാഷ്മീരില്‍
Wednesday, October 22, 2014 12:27 AM IST
ന്യൂഡല്‍ഹി: ജമ്മു-കാഷ്മീരില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണു തന്റെ ദീപാവലിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. ദീപാവലിദിനമായ ഇന്നു ശ്രീനഗറില്‍ എത്തുന്ന പ്രധാനമന്ത്രി, നാളെ കാഷ്മീരില്‍ താഴ്വരയില്‍ സന്ദര്‍ശനം നടത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. പ്രധാനമന്ത്രിയായ ശേഷം കാഷ്മീരിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.

കഴിഞ്ഞമാസം കാഷ്മീര്‍ താഴ്വരയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുന്നൂറോളം പേരാണു മരിച്ചത്. 1.4 ലക്ഷം പേര്‍ക്കു വീടുകള്‍ നഷ്ടപ്പെട്ടു. ഒന്നര ലക്ഷം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കേന്ദ്രസഹായം അഭ്യര്‍ഥിച്ചു ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കേന്ദ്രത്തിനു നല്കിയ നിവേദനത്തില്‍ 44,000 കോടിയുടെ നാശനഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയിരുന്നു.


ഇതേത്തുടര്‍ന്ന് ജമ്മു-കാഷ്മീരിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1000 കോടി രൂപയുടെ ധനസഹായമാണു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം, ദീപാവലി ദിനത്തില്‍ കാഷ്മീര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. മോദിയുടെ സന്ദര്‍ശനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി)യുടെ മുഖ്യവക്താവ് നയീം അക്തര്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.

എന്നാല്‍, കാഷ്മീരിനു പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതു നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ തന്ത്രമാണെന്നു ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലി ഷാ ഗീലാനി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.