മംഗള്‍യാന്‍ ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു മാസം
മംഗള്‍യാന്‍ ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു മാസം
Sunday, October 26, 2014 1:19 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വ ഭ്രമണപഥത്തിലെത്തിയിട്ട് ഒരുമാസമായി. ആ വിജയമുഹൂര്‍ത്തത്തിന് ഒരുമാസം തികഞ്ഞതു ഡൂഡില്‍ കൊണ്ട് ആചരിക്കുകയാണു ഗൂഗിള്‍. മംഗള്‍യാന്റെ ഒരുമാസം സൂചിപ്പിക്കുന്ന ഡൂഡില്‍ തയാറാക്കിയാണ് ഗൂഗിള്‍ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്.

വാര്‍ഷികാചരണങ്ങള്‍ക്കും വ്യത്യസ്ത മേഖലയിലുള്ളവരുടെ ജനന/മരണ വാര്‍ഷികങ്ങള്‍ക്കും ലോകകപ്പ് ഫുട്ബോള്‍, ലോകകപ്പ് ക്രിക്കറ്റ്, ഒളിമ്പിക്സ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുമാണു ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കാറ്. മംഗള്‍യാന്റെ കാര്യത്തില്‍ അതിനു മാറ്റം വന്നിരിക്കുന്നു.

പിഎസ്എല്‍വി സി25 റോക്കറ്റാണ് മംഗള്‍യാനെ വഹിച്ചത്. 2013 നവംബര്‍ അഞ്ചിനായിരുന്നു വിക്ഷേപണം. ഈ വര്‍ഷം സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

മംഗള്‍യാന്റെ വിജയത്തോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കു ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകമെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചരിത്രത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാദൌത്യമായിരുന്നു ഇന്ത്യയുടേത്. ആകെ ചെലവായത് 450 കോടി രൂപ. ആദ്യ പരീക്ഷണത്തില്‍ത്തന്നെ ദൌത്യം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. ഈ പ്രാധാന്യമാണ് ഗൂഗിളിനെ ഡൂഡില്‍ തയാറാക്കാന്‍ പ്രേരിപ്പിച്ചത്.


അഞ്ച് പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡുകള്‍) മംഗള്‍യാനിലുള്ളത്. രണ്ടു സ്പെക്്ട്രോമീറ്ററുകളും ഒരു റേഡിയോ മീറ്ററും ഒരു കാമറയും ഒരു ഫോട്ടോമീറ്ററും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടത്തെ മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചും ഈ ഉപകരണങ്ങളുടെ സഹായത്തോടെ മംഗള്‍യാന്‍ പഠനം നടത്തും. മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചുള്ള പഠനം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചു സൂചന നല്‍കുമെന്നാണു ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ചൊവ്വയ്ക്ക് ഏറ്റവും സമീപത്തുകൂടെ കടന്നുപോയ സൈഡിംഗ് സ്പ്രിംഗ് എന്ന വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാനും മംഗള്‍യാനായി.

സൈഡിംഗ് സ്പ്രിഗ് തട്ടി മംഗള്‍യാനു തകരാര്‍ സംഭവിക്കാതിരിക്കാനായി മംഗള്‍യാന്റെ ഭ്രമണപഥത്തില്‍ ഐഎസ്ആര്‍ഒ മാറ്റം വരുത്തിയിരുന്നു. മംഗള്‍യാന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ് സൈഡിംഗ് സ്പ്രിംഗിനെ കാണാനായതെന്നാണ് ഐഎസ്ആര്‍ ടിറ്ററില്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.