കൊലക്കേസില്‍ രാംപാലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊലക്കേസില്‍ രാംപാലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
Friday, November 21, 2014 11:55 PM IST
ചണ്ഡിഗഡ്: 2006ലെ കൊലക്കേസില്‍ വിവാദ സന്യാസി രാംപാലിന്റെ ജാമ്യം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി റദ്ദാക്കി. 28 വരെ രാംപാല്‍ ജുഡീഷല്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരും. 2006ല്‍ റോഹ്തക് ജില്ലയിലെ കയിന്‍തോലയില്‍ രാംപാലിന്റെ ആശ്രമത്തില്‍ നടന്ന കൊലപാതകം സംബന്ധിച്ച കേസിലെ ജാമ്യമാണു കോടതി റദ്ദാക്കിയത്. സംഘര്‍ഷത്തില്‍ അന്ന് ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊലപാതകക്കേസില്‍ 2008 ഏപ്രില്‍ മുതല്‍ രാംപാല്‍ ജാമ്യത്തിലായിരുന്നു. ജാമ്യം റദ്ദാക്കി അടിയന്തരമായി രാംപാലിന്റെ അറസ്റ് രേഖപ്പെടുത്താന്‍ ജസ്റീസുമാരായ എം. ജേയാപോള്‍, ദര്‍ശന്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

ആരോഗ്യപ്രശ്നം പറഞ്ഞു കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചിരുന്ന രാംപാലിന് ഇന്നലെ രാവിലെ പഞ്ച്കുലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അസത്യമാണെന്ന് ആശുപത്രിയിലേക്കു പോകവേ രാംപാല്‍ പറഞ്ഞു. രാംപാലിന്റെ ആശ്രമത്തിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്കരിച്ചു. ഹിസാര്‍ എസ്പി സതേന്ദര്‍കുമാര്‍ ഗുപ്ത തലവനായ പ്രത്യേക അന്വേഷണസംഘത്തില്‍ രണ്ടു ഡിഎസ്പിമാരും നാല് ഇന്‍സ്പെക്ടര്‍മാരുമുണ്ട്. രാംപാലിനും അനുയായികള്‍ക്കും എതിരേ 35 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 460 പേരെ അറസ്റ് ചെയ്തിട്ടുണ്ട്.രാംപാലിന്റെ അ നുയായികളും ആശ്രമം വിട്ടുപോയിട്ടുണ്ട്. അടുത്ത അനുയായികളും അംഗരക്ഷകരും ഇപ്പോഴും ആശ്രമത്തിലുണ്ട്. കോടതിയലക്ഷ്യക്കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെയാണു രാംപാലിനെ അറസ്റ് ചെയ്യാന്‍ വന്‍ പോലീസ് സംഘം ആശ്രമത്തിലെത്തിയത്. കീഴടങ്ങാനുള്ള ഹൈക്കോടതി നിര്‍ദേശം അവഗണിച്ച രാംപാലിനെ ബര്‍വാല സത്ലോക് ആശ്രമത്തില്‍നിന്നു ബുധനാഴ്ച രാത്രിയാണ് അറസ്റ് ചെയ്തത്.


തിങ്കളാഴ്ച രാംപാലിനെ അറസ്റ് ചെയ്യാനെത്തിയ പോലീസും ആശ്രമത്തിലെ അനുയായികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. ഇരുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. പതിനയ്യായിരത്തോളം അനുയായികളെ മനുഷ്യകവചമാക്കിയാണു രാംപാല്‍ ആശ്രമത്തിനുള്ളില്‍ കഴിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.