വിമാനത്താവളത്തിന് എന്‍.ടി.ആറിന്റെ പേര്: പ്രതിഷേധവുമായി തെലുങ്കാന നിയമസഭ
Saturday, November 22, 2014 12:13 AM IST
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച എന്‍.ടി. രാമറാവുവിന്റെ പേര് നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധമറിയിച്ചു തെലുങ്കാന നിയമസഭ. ടെര്‍മിനലിന്റെ പേര് മാറ്റരുതെന്നും തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞദിവസം തെലുങ്കാന നിയമസഭ പാസാക്കി.

സിവില്‍ വ്യോമയാന വകുപ്പ് കഴിഞ്ഞദിവസം ആഭ്യന്തര ടെര്‍മിനലിനു എന്‍.ടി. രാമറാവുവിന്റെ പേരു നല്‍കി ഉത്തരവിറക്കിയ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധവും പ്രമേയം പാസാക്കലും. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ആണ് ആക്ഷേപം ഉന്നയിച്ചത്. ടിഡിപി പ്രമേയത്തെ എതിര്‍ത്തു. എന്‍ടിആറിന്റെ പേര് ടെര്‍മിനലിനു നല്‍കുന്നത് സീമാന്ധ്രയ്ക്കു മേല്‍ക്കൈ നല്‍കുന്ന നടപടിയാകുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.


രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു എന്‍.ടി. രാമ റാവുവിന്റെ പേര് നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗതെത്തി. കോണ്‍ഗ്രസ് എംപി ഹനുമന്ത് റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.