കാഷ്മീരിലും ജാര്‍ഖണ്ഡിലും ഒന്നാംഘട്ടം തെരഞ്ഞെടുപ്പ് നാളെ
കാഷ്മീരിലും ജാര്‍ഖണ്ഡിലും ഒന്നാംഘട്ടം തെരഞ്ഞെടുപ്പ് നാളെ
Monday, November 24, 2014 12:24 AM IST
ശ്രീനഗര്‍/റാഞ്ചി: ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും നാളെ നടക്കുന്ന ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. കാഷ്മീരില്‍ 15 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡില്‍ 13 മണ്ഡലങ്ങളിലുമാണു തെരഞ്ഞെടുപ്പ്.

കാഷ്മീരില്‍ പിഡിപി, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളുടെ ശക്തമായ പോരാട്ടമാണു കാഷ്മീരില്‍ നടക്കുന്നത്. പ്രമുഖ പാര്‍ട്ടികളുടെ ശക്തമായ പ്രചാരണംമൂലം വോട്ടിംഗ് ശതമാനം ഉയരുമെന്നാണു പ്രതീക്ഷ. വോട്ട് ബഹിഷ്കരണത്തിനുള്ള വിഘടനവാദികളുടെ ആഹ്വാനത്തിനു കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും കാഷ്മീരില്‍ പ്രചാരണത്തിനെത്തിയിരുന്നു.

നാളെ തെരഞ്ഞെടുപ്പു നടക്കുന്ന 15 മണ്ഡലങ്ങളില്‍ ഏഴെണ്ണം നാഷണല്‍ കോണ്‍ഫറന്‍സിന്റെയും ആറെണ്ണം കോണ്‍ഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളായിരുന്നു. ഓരോ സീറ്റ് വീതം പിഡിപിയും സ്വതന്ത്രനും വിജയിച്ചു. 15 മണ്ഡലങ്ങളില്‍ 123 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. പിഡിപി, ബിജെപി കക്ഷികള്‍ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണു വിലയിരുത്തല്‍.


ജാര്‍ഖണ്ഡില്‍ ആറു ജില്ലകളിലെ 13 സീറ്റുകളിലേക്കു 199 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി കെ.എന്‍. ത്രിപാഠി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുഖ്ദേവ് ഭഗത്, എജെഎസ്യു നേതാവ് കമല്‍ കിഷോര്‍ ഭഗത് തുടങ്ങിയവര്‍ നാളെ ജനവിധി തേടുന്ന പ്രമുഖരാണ്. നരേന്ദ്ര മോദി, സോണിയഗാന്ധി, രാഹുല്‍ഗാന്ധി, ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ ജാര്‍ഖണ്ഡില്‍ പ്രചാരണത്തിനെത്തിയിരുന്നു. ആകെ 81 സീറ്റുകളാണ് ഇവിടെയുള്ളത്.

ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം ഒറ്റയ്ക്കാണു മത്സരിക്കുന്നത്. എജെഎസ്യുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്- ആര്‍ജെഡി- ജെഡി(യു) കക്ഷികള്‍ സഖ്യത്തില്‍ മത്സരിക്കുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു വിലയിരുത്തല്‍. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.