പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു തുടക്കമായി
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു തുടക്കമായി
Tuesday, November 25, 2014 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു ഇന്നലെ തുടക്കമായി. രാജ്യസഭാംഗം മുരളി ദേവ്ര അടക്കം അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിവസം സഭ പിരിഞ്ഞു. ഡിസംബര്‍ 23 വരെ തുടരുന്ന സമ്മേളനത്തില്‍ 22 ദിവസം സഭ സമ്മേളിക്കും.

രാജ്യസഭ ആരംഭിച്ചപ്പോള്‍തന്നെ സഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി മുരളി ദേവ്രയുടെ മരണവാര്‍ത്ത സഭയില്‍ ഔദ്യോഗികമായി അറിയിച്ചു. ബിജെഡിയിലെ ഹേമേന്ദ്ര ചന്ദ്ര സിംഗിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിലെ കപില്‍ കൃഷ്ണ ഠാക്കൂറിന്റെയും നിര്യാണത്തില്‍ ലോക്സഭയും അനുശോചിച്ചു. മുന്‍ സഭകളിലുണ്ടായിരുന്ന അമിതവ നന്ദി, എം.എസ്. സഞ്ജീവി റാവു, വൈദ്യനാഥ്, സെയ്ഫുദ്ദീന്‍ ചൌധരി, സഞ്ജയ് സിംഗ് ചൌഹാന്‍ എന്നിവര്‍ക്കും സഭ ആദരാഞ്ജലി അര്‍പ്പിച്ചു.

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് അംഗങ്ങളില്‍ മൂന്നു പേര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദി രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന വഡോദര മണ്ഡലത്തില്‍ നിന്നു വിജയിച്ച രഞ്ജന ബെന്‍ ഭട്ട് (ബിജെപി), മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുള്ള അന്തരിച്ച കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്െടയുടെ മകള്‍ പ്രീതം (ബിജെപി), മെയിന്‍പുരിയില്‍നിന്നുള്ള തേജ് പ്രതാപ് യാദവ് (എസ്പി) എന്നിവ രാണ് സത്യപ്രതിജ്ഞ ചെയ്തത്.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ത്രിമാരെ സഭയ്ക്കു പരിചയപ്പെടുത്തി. യോഗാചാര്യന്‍ ബി.കെ.എസ്. അയ്യങ്കാറെയും മുന്‍ അംഗങ്ങളായ ലേഖ്രാജ് ബച്ചാനി, ജഗ്ദേവ് സിംഗ് തല്‍വണ്ടി, എസ്.എസ് രാജേന്ദ്രന്‍ എന്നിവരെ സഭ അനുസ്മരിച്ചു. ഇതോടൊപ്പം ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റിലും, ജമ്മു കാഷ്മീരിലെ പ്രളയത്തിലും, ദസറയോടനുബന്ധിച്ചു പാറ്റ്നയിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവര്‍ക്കും ലോക്സഭ പിരിയുന്നതിനു മുന്‍പായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്നും സമ്മേളനം ഫലപ്രദമാകുമെന്നുമാണ് പ്രതീക്ഷയെ ന്നും മോദി പറഞ്ഞു.
ഭരണം നട ത്താനാണ് ജനങ്ങള്‍ ഉത്തരവാദി ത്തം ഏല്‍പ്പിച്ചതെന്നും അതു നിറവേറ്റാന്‍ എല്ലാ അംഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്െടന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കള്ളപ്പണ വിഷയവും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പാേേര്‍ട്ടും സഭയില്‍ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.

അതിനിടെ, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തെ സഭയില്‍ എതിര്‍ക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയില്‍ വ്യക്തമായി ചര്‍ച്ചയ്ക്കെടുക്കാതെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് തൃണമൂല്‍ നേതാവ് ദേരക് ഒബ്രിയന്‍ പറഞ്ഞു. ഇന്‍ഷ്വറന്‍സ് ബില്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഏകാഭിപ്രായം രൂപീകരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.