സ്മൃതി ഇറാനി ജ്യോത്സ്യനെ കണ്ടതു വിവാദമായി
സ്മൃതി ഇറാനി ജ്യോത്സ്യനെ കണ്ടതു വിവാദമായി
Tuesday, November 25, 2014 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ജ്യോത്സ്യനെ കണ്ടതു വിവാദ ത്തിനു തിരികൊളുത്തി. മുന്‍ ടെലിവിഷന്‍ താരവും നടിയുമായിരുന്ന സ്മൃതി ഭര്‍ത്താവ് സുബിന്‍ ഇറാനിക്കൊപ്പമാണു രാജസ്ഥാനിലെ ഭില്‍വാരയിലെ കരോയി ഗ്രാമത്തിലുള്ള ജ്യോത്സ്യനെ കണ്ടത്. സ്മൃതിയുടെ കൈരേഖകളിലൂടെ കണ്ണോടിച്ച ജ്യോത്സ്യന്‍ നാഥുലാല്‍ വ്യാസിന്റെ പ്രവചനം മന്ത്രി അടുത്തുതന്നെ രാഷ്ട്രപതിയാകുമെന്നായിരുന്നു.

സ്മൃതി മന്ത്രി പദവിയിലെത്തുമെന്നു ഈ ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നത്രേ. നാലുമണിക്കൂറാണു തന്റെ ഭാവി അറിയാനായി കേന്ദ്ര മന്ത്രി ജ്യോത്സ്യന്റെ മുന്നില്‍ ഇരുന്നത്. വ്യക്തിജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഭാവിയെക്കുറിച്ചു ചോദിച്ചറിഞ്ഞ മന്ത്രി കഴിഞ്ഞ തവണത്തെ പ്രവചനം ഫലിച്ചതിനു ജ്യോത്സ്യനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ജ്യോത്സ്യനെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, മാധ്യമങ്ങള്‍ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്െടന്നായിരുന്നു മന്ത്രിയുടെ മറുപടി.

ജ്യോത്സനെക്കണ്ടതില്‍ സമ്മിശ്ര പ്രതികരണങ്ങളുമായി വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇനി മന്ത്രിയെ കാണാന്‍ പോകുമ്പോള്‍ കൈരേഖകളില്‍ അധികം വിശ്വസിക്കേണ്െടന്നും കൈയില്ലാത്തവര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളുണ്െടന്ന് ഓര്‍മിപ്പിക്കുമെന്നുമാണ് ജെഡിയു നേതാവ് അലി അന്‍വര്‍ പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെകൂടി ചുമതലയുള്ള മന്ത്രി ഇത്തരം കാര്യങ്ങള്‍ക്കിറങ്ങിത്തിരിക്കുന്നതു ശരിയല്ലെന്നും അലി അന്‍വര്‍ പറഞ്ഞു.


എന്നാല്‍, ജ്യോത്സ്യം ഒരു ശാസ്ത്രമാണെന്നും മന്ത്രി ജ്യോത്സ്യനെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്നുമാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. ജ്യോത്സ്യത്തെക്കാള്‍ മന്ത്രി നട ത്തേണ്ടത് ശാസ്ത്രീയ അന്വേഷണങ്ങളാവണമെന്നാണു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചത്. ഇതൊരു വ്യക്തിപരമായ കാര്യമാണെന്നും പ്രതികരിക്കാനില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ പറഞ്ഞു. ബിഎസ്പി നേതാവ് മായാവ തിയും വ്യക്തിപരമായ വിഷയമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.

എന്‍സിപി നേതാവ് നവാബ് മാലിക് ട്വിറ്ററില്‍ കുറിച്ച പ്രതികരണമായിരുന്നു ഏറെ ശ്രദ്ധേയം. മന്ത്രി സ്മൃതി ഇറാനി ഇനി ജ്യോത്സ്യം കൂടി സിലബസില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നവാബിന്റെ പ്രതികരണം.

ജ്യോത്സ്യം ഒരു ശാസ്ത്രമാണെന്നും താനും ജ്യോത്സ്യന്‍മാരെ കാണാറുണ്െടന്നുമായിരുന്നു മുതിര്‍ന്ന കേന്ദ്ര മന്ത്രി നജ്മ ഹെപ്തുള്ളയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.