മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും
മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി  ചൊവ്വാഴ്ച പരിഗണിക്കും
Wednesday, November 26, 2014 12:11 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന വിധിക്കെതിരേ കേരളം നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ രണ്ടിനു പരിഗണിക്കും. ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു കേസ് പരിഗണിക്കുക. സാധാരണ പുനഃപരിശോധന ഹര്‍ജി കേസ് നേരത്തെ പരിഗണിച്ച ജഡ്ജിമാര്‍ ചേംബറിലാണു പരിഗണിക്കാറുള്ളതെങ്കിലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലും ചേംബറില്‍ ചേരുന്ന ഭരണഘടന ബെഞ്ച് തീരുമാനമെടുക്കും.

1886ല്‍ തമിഴ്നാടുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല, ഡാം സുരക്ഷിതമാണെന്നു കണ്െടത്തിയതില്‍ കോടതിക്കു വീഴ്ച സംഭവിച്ചിട്ടുണ്െടന്നും അതിനാല്‍ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം നിര്‍ണയിക്കുന്നതിനു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ മാത്രമാണ് അടിസ്ഥാനമാക്കിയിട്ടുള്ളതെന്നും ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടില്ലെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം, കേരളവും തമിഴ്നാടുമായുള്ള ജലതര്‍ക്കം ഇന്നലെ പാര്‍ലമെന്റില്‍ കേരള-തമിഴ്നാട് എംപിമാര്‍ തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ഇടുക്കി ജില്ലയില്‍ കാന്തല്ലൂരില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്നാട് എംപിമാര്‍ രംഗത്തെത്തിയതാണ് ബഹളത്തിടയാക്കിയത്. ഇവിടെ അണക്കെട്ട് നിര്‍മിച്ചാല്‍ പാമ്പാറില്‍നിന്നും തമിഴ്നാടിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് തമിഴ്നാടിന്റെ വാദം. അണക്കെട്ട് പണിയുന്നതില്‍നിന്ന് കേരളത്തെ പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍, തമിഴ്നാടിന്റെ ഈ ആവശ്യത്തെ കേരള എംപിമാര്‍ എതിര്‍ത്തു. പിന്നീട് ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബഹളം അവസാനിപ്പിച്ചത്. കേരളം അണക്കെട്ട് നിര്‍മിക്കുന്നതിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.