ഖുശ്ബു കോണ്‍ഗ്രസില്‍
ഖുശ്ബു കോണ്‍ഗ്രസില്‍
Thursday, November 27, 2014 12:25 AM IST
ന്യൂഡല്‍ഹി: തമിഴ്നടി ഖുശ്ബു ഡിഎംകെ വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന്റെ ഭാഗമായി അവര്‍ ഇന്നലെ ഇവിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു.

താന്‍ ഡിഎംകെയ്ക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടും പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതിനാല്‍ രാജിവച്ചെന്നു ഖുശ്ബു പറഞ്ഞു. ഹൃദയവേദനയോടെയാണു ഡിഎംകെയില്‍നിന്നു രാജിവച്ചതെന്നും അവര്‍ വിശദീകരിച്ചു.

രണ്ടു വര്‍ഷം മുന്‍പു ഡിഎംകെ തലവന്‍ എം. കരുണാനിധി, മകന്‍ സ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചപ്പോള്‍ ഖുശ്ബു എതിര്‍ത്തിരുന്നു. ആനന്ദ വികടന്‍ മാസികയ്ക്ക് അഭിമുഖം നല്‍കിയാണു താരം എതിര്‍പ്പറിയിച്ചത്. അഭിമുഖം പുറത്തുവന്നപ്പോള്‍ സ്റാലിന്‍ അനുകൂലികള്‍ ഖുശ്ബുവിന്റെ വീടിനു കല്ലെറിഞ്ഞു.


കരുണാനിധിയുടെ മകള്‍ കനിമൊഴിയുമായി നല്ല സൌഹൃദത്തിലാണു ഖുശ്ബു. പക്ഷേ സ്റാലിന്റെ എതിര്‍പ്പു മൂലം ഖുശ്ബുവിനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു.

ഖുശ്ബുവിനെ കോണ്‍ഗ്രസില്‍ എത്തിക്കാനായതു തമിഴ്നാടു കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവനു വലിയ നേട്ടമായി. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള 44 കാരിയായ ഖുശ്ബു നാലുവര്‍ഷം മുമ്പാണു ഡിഎംകെയില്‍ ചേര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.