സിബിഐ ഡയറക്ടര്‍ നിയമനം: ബില്‍ ലോക്സഭയില്‍ പാസായി
സിബിഐ ഡയറക്ടര്‍ നിയമനം:  ബില്‍ ലോക്സഭയില്‍ പാസായി
Thursday, November 27, 2014 12:26 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിബിഐ തലപ്പത്ത് അടുത്ത മാസം പുതിയ മേധാവിയെ നിയമിക്കണമെന്നിരിക്കേ ഡയറക്ടര്‍നിയമനവുമായി ബന്ധപ്പെട്ട ബില്‍ ഇന്നലെ ലോക്സഭയില്‍ പാസായി. ചൊവ്വാഴ്ച അവതരിപ്പിച്ച ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റാബ്ളിഷ്മെന്റ് ഭേദഗതി ബില്‍-2014 ബുധനാഴ്ച ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റീസോ അദ്ദേഹം നിര്‍ദേശിക്കുന്ന മറ്റൊരു ജസ്റീസോ അടങ്ങിയ സിബിഐ ഡയറക്ടര്‍ നിയമന സമിതിയില്‍ ഒരംഗം ഇല്ലാത്ത സാഹചര്യമുണ്ടായാലും നിയമനം തടസപ്പെടരുതെന്ന് നിഷ്കര്‍ഷിക്കുന്ന ഭേദഗതിക്കു പിന്നില്‍ സര്‍ക്കാരിനു ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നു കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി എന്നിവര്‍ കുറ്റപ്പെടുത്തി.

നിര്‍ണായക തീരുമാനങ്ങളില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു ഭേദഗതി ബില്‍ കൊണ്ടുവന്നത്. ഇതിന്‍മേല്‍ സര്‍ക്കാരിനുള്ളത് ക്രിമിനല്‍ താത്പര്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് ഏറെയും കാണുന്നത്. തങ്ങള്‍ക്കു താത്പര്യമുള്ള വ്യക്തികളെ സിബിഐയുടെ തലപ്പത്തു നിയമിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഏകാധിപത്യത്തിലേക്കാണു പോകുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഭേദഗതി ബില്‍ പാസാക്കിയ ദിനം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്തദിനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പങ്കാളിത്തം നിഷേധിക്കുകയായിരുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നുമായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.


പ്രതിപക്ഷനേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവിനെ നിയമനസമിതിയില്‍ ഉള്‍പ്പെടുത്തുകയാണു ഭേദഗതിയിലൂടെ ചെയ്തത്. ഇക്കാര്യം കോണ്‍ഗ്രസ് സ്വാഗതം ചെയ്യണമെന്നും നായിഡു പറഞ്ഞു. നിയമന സമിതിയിലെ ഒരംഗത്തിന്റെ അസാന്നിധ്യം കാരണം നിയമനം നീണ്ടുപോകരുതെന്ന വ്യവസ്ഥ പുതിയതല്ലെന്നും ലോക്പാല്‍ നിയമന ബില്ലില്‍ ഉള്‍പ്പെടെ ഈ വ്യവസ്ഥ ഉണ്െടന്നും പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന ബദല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ടു തള്ളിയ ശേഷമാണു സിബിഐ ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ലോക്സഭ പാസാക്കിയത്. ബില്‍ അടുത്ത ദിവസം രാജ്യസഭയില്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.