ഗോവയിലെ സിനിമാമേള പുതിയ വ്യാപ്തിയിലേക്കു പോകേണ്ടതുണ്െടന്നു ഫെസ്റിവല്‍ ഡയറക്ടര്‍
ഗോവയിലെ സിനിമാമേള പുതിയ വ്യാപ്തിയിലേക്കു പോകേണ്ടതുണ്െടന്നു ഫെസ്റിവല്‍ ഡയറക്ടര്‍
Thursday, November 27, 2014 12:29 AM IST
തോമസ് മത്തായി കരിക്കംപള്ളില്‍

പനാജി: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യ ഒരു പുതിയ വ്യാപ്തിയിലേക്കു പോകേണ്ടതുണ്െടന്നു ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ശങ്കര്‍മോഹന്‍. 45-ാം ഫിലിം ഫെസ്റിവലില്‍ ഡെലിഗേറ്റുകളും സീറ്റുകളും തമ്മിലുള്ള അനുപാതമില്ലായ്മ പ്രശ്നമായിട്ടുണ്ട്. 13,700 ഡെലിഗേറ്റുകള്‍ക്ക് 2,500 സീറ്റു മാത്രമാണുള്ളത്. വലിയ അന്തരമാണിത്. കുറഞ്ഞത് 5,000 സീറ്റെങ്കിലും വേണ്ടിയിരുന്നു. അതിനാല്‍ സീറ്റുകളുടെ എണ്ണം ആനുപാതികമമായി കൂട്ടുകയേ നിവൃത്തിയുള്ളു. ഡെലിഗേറ്റുകളുടെ എണ്ണം ഒരു പരിധി വരെ നിയന്ത്രിക്കാനാകില്ല. പരമാവധി ആള്‍ക്കാരെ സിനിമകള്‍ കാണിക്കുകയെന്നതു തന്നെയാണു ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ സഹായം ഇരട്ടിയാക്കേണ്ടതുണ്ട്.

മേളയുടെ സ്ഥിരം വേദി ഗോവയാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് ആതിഥേയ സര്‍ക്കാര്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിം ഫെസ്റിവല്‍ കൂടി നടത്താന്‍ ഉതകുന്ന വിധത്തില്‍ വന്‍ ഫെസ്റിവല്‍ കോംപ്ളക്സോടു കൂടിയ കണ്‍വന്‍ഷന്‍ സെന്ററായിരിക്കും നിര്‍മിക്കുക.

അടുത്ത ബജറ്റില്‍ അടിസ്ഥാന സൌകര്യവികസനത്തിനു കൂടുതല്‍ പണം കേന്ദ്ര സര്‍ക്കാരും നീക്കി വച്ചേക്കും. എല്ലാവര്‍ഷവും നവംബര്‍ 20 മുതല്‍ 30 വരെയായിരിക്കും മേളയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനങ്ങള്‍.

ലോകത്തിനു ചുറ്റുമുള്ള മറ്റു അന്താരാഷ്ട്ര സിനിമാ മേളകളില്‍ നിന്നു മാത്രമല്ല, രാജ്യത്തിനുള്ളില്‍ തന്നെ തൊട്ടുതൊട്ടു നടത്തുന്ന മറ്റു സിനിമാ മേളകളില്‍ നിന്നും ഗോവ മേള തീവ്രമായ മത്സരം നേരിടുന്നുണ്ട്. ഓരോ മേളയും അവരവരുടെ രീതികളില്‍ എങ്ങനെ അന്തസുറ്റതാക്കാമെന്നാണ് അവയുടെ സംഘാടകര്‍ ആലോചിക്കുന്നത്. ഓരോ മേളയിലും ആകര്‍ഷകവും മികച്ചതുമായ ചിത്രങ്ങള്‍ എത്തിക്കാനാണ് ശ്രമം. മേളയിലേക്കു ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് മീന്‍ പിടിക്കാന്‍ സമുദ്രത്തില്‍ വലിയ വല വിരിക്കുന്നതു പോലെയാണ്. ഏതു സിനിമയാണ് മേളയക്കു ലഭ്യമാകുമെന്നു മുന്‍കൂട്ടി ഉറപ്പിക്കാനാകില്ല.: ശങ്കര്‍മോഹന്‍ വിശദീകരിച്ചു.


ഇതേസമയം, മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ മേളയുടെ രണ്ടാം പകുതിയില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. അവാര്‍ഡ് ലഭിക്കുന്ന സിനിമകളുടെ അണിയറ പ്രവര്‍ത്തകരെ അവാര്‍ഡ്ദാന വേളയില്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 26-നു ആരംഭിച്ച രണ്ടാം പകുതിയിലേക്കു മാറ്റിയത്. അന്താരാഷ്ട്ര മത്സരത്തില്‍ 15 ചിത്രങ്ങളാണുള്ളത്. 1000 റുപ്പി നോട്ട്, ബിഹേവിയര്‍, കോര്‍ബോ, ഫിഷ്, ജെനുവിന്‍ ലവ്, ഹാഡ്ജി ഷാ, ദി കിന്‍ഡര്‍ഗാര്‍ട്ടന്‍ ടീച്ചര്‍, ലെവിയത്താന്‍, മിറാഷ്, മിസ്റര്‍ കപ്ലന്‍, നബാത്, ന്യൂക്ക് 2030, ദി ഓണേഴ്സ്, എ ഷോര്‍ട്ട് സ്റ്റോറി, തിംബുക്തു എന്നിവയാണവ.

സമാപന ദിനത്തിലെ അവാര്‍ഡ്ദാന വേളയില്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും സംഘാടക സമിതി ശ്രമിക്കുന്നുണ്ട്. മുംബെയില്‍ നിന്നുള്ളവര്‍ക്കാണ് പ്രാമുഖ്യം നല്കുന്നതെന്നുള്ള ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണിത്. ഉദ്ഘാടനച്ചടങ്ങിലേക്ക് അമിതാബ് ബച്ചനും രജനീകാന്തും സ്വകാര്യ വിമാനങ്ങളിലാണ് വന്നു പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.