മുല്ലപ്പെരിയാര്‍ പ്രശ്നം: ലോക്സഭയില്‍ ബഹളം
മുല്ലപ്പെരിയാര്‍ പ്രശ്നം: ലോക്സഭയില്‍ ബഹളം
Friday, November 28, 2014 12:27 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിച്ച കേരള എംപിമാരെ ചെറുക്കാന്‍ തമിഴ്നാട്ടിലെ എംപിമാര്‍ ഒച്ചവച്ചതോടെ ലോക്സഭയില്‍ ബഹളം.
ബഹളത്തില്‍ നടപടികള്‍ തടസ പ്പെ ട്ടെങ്കിലും എന്‍.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ കേരള എംപിമാര്‍ ഉയര്‍ത്തിയ ആശങ്കയോടു പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.

ദശലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തരമായി കേന്ദ്രം ഇടപെടണമെന്നു പ്രേമ ചന്ദ്രന്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞു ജനങ്ങളുടെ സുരക്ഷാപ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനു കഴിയില്ല. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശത്തിനു വിരുദ്ധമായാണു അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നു 142 ആയി ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിയുടെ സമയോചിത പരിശോധനയോ, ഇടപെടലോ ഉണ്ടായില്ല.

ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച അവസാനവാക്കു സുപ്രീം കോടതിയുടേതു മാത്രമല്ലെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.ഫെഡറല്‍ ജനാധിപത്യ സംവിധാനമുള്ള രാജ്യത്തു മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുമെന്നു പ്രേമചന്ദ്രന്‍ പറഞ്ഞു.


ഈ സമയം സഭയിലുണ്ടായിരുന്ന ജോയിസ് ജോര്‍ജ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ. സമ്പത്ത്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നീ കേരള എംപിമാരെല്ലാം പ്രേമചന്ദ്രനു പിന്തുണയുമായി എഴുന്നേറ്റിരുന്നു. നേരത്തേ മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിക്കാന്‍ പ്രേമചന്ദ്രനും ജോയിസ് ജോര്‍ജും നോട്ടീസ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പഠനസംഘത്തെ നിയോഗിക്കണമെന്നും പ്രശ്നപരിഹാരത്തിനു കേന്ദ്രം ഇടപെടണമെന്നുമുള്ള ആവശ്യവുമായി കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജലവി’ഭവ മന്ത്രിയും അടങ്ങുന്ന പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണുന്നതിനു മുന്നോടിയായി ആയിരുന്നു പാര്‍ലമെന്റില്‍ പ്രശ്നം ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.