വനിതാസുരക്ഷയ്ക്കു ട്രെയിനുകളില്‍ മഹിളാവാഹിനി സേന
Friday, November 28, 2014 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ മഹിളാവാഹിനി എന്ന വനിതാ പോലീസ് സംഘത്തെ നിയോഗിക്കുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം കൂടി വേണമെന്നു മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി മഹിളാ വാഹിനിയുടെ 1056 പേരടങ്ങുന്ന എട്ടു സ്ക്വാഡുകളെ നിയോഗിക്കും. ട്രെയിനുകളില്‍ വനിതകളുടെയും കുട്ടികളുടെയും നേരേയുണ്ടാകുന്ന അക്രമങ്ങളില്‍ പോയവര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്തകാലത്തു വന്‍ വര്‍ധന ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ വരെ 245 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു. 2011ല്‍ ഇത് 106ഉം 2012ല്‍ 165ഉം 2013ല്‍ 242ഉം ആയിരുന്നു. ഈ സാഹചര്യത്തിലാണു വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രത്യേ വനിതാ പോലീസ് സംഘത്തെ നിയോഗിക്കുന്നത്.

2010-2011 റെയില്‍വേ ബജറ്റില്‍ സ്ത്രീയാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ചതാണു മഹിളാ വാഹിനി എന്ന പ്രത്യേക സേന. സെന്‍ട്രല്‍, വെസ്റേണ്‍ റെയില്‍വേകളില്‍ വലിയ വിജയം കണ്ട ഈ സേന പ്രഖ്യാപനത്തിന് ഏറെ നാളുകള്‍ക്കുശേഷവും കേരളത്തില്‍ രൂപീകരിച്ചിട്ടില്ലായിരുന്നു. ആര്‍പിഎഫിലെ നിലവിലെ വനിതാ പോലീസിനു പുറമേ പ്രത്യേക അധികാരങ്ങളോടു കൂടി ട്രെയിനുകളിലും പ്ളാറ്റുഫോമുകളിലും സ്ഥിരസാന്നിധ്യമായി നില്‍ക്കുന്നതാണ് മഹിളാ വാഹിനി സേന. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ആര്‍പിഎഫില്‍ തന്നെ ആള്‍ക്ഷാമമുള്ളപ്പോള്‍ പുതിയൊരു സേനാരൂപീകരണം അസാധ്യമാണെന്നായിരുന്നു കേരളം കേന്ദ്രത്തിന്റെ കത്തിനു മറുപടിയായി പറഞ്ഞിരുന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള റെയില്‍വേ പോലീസിന്റെ നിയന്ത്രണം റെയില്‍വേ ഏറ്റെടുക്കുന്നതിനോടു സംസ്ഥാന സര്‍ക്കാരുകള്‍ പ്രതികൂലമായാണു പ്രതികരിച്ചത്.


സംസ്ഥാന റെയില്‍വേ പോലീസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തിനോടു പ്രതികരിച്ച 17 സംസ്ഥാനങ്ങള്‍ വിയോജിപ്പാണ് അറിയിച്ചത്. നിലവില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള റെയില്‍വേ പോലീസിനു ശമ്പളത്തിന്റെ പകുതിയും റെയില്‍വേയാണു നല്‍കുന്നത്.

റെയില്‍വേ സംരക്ഷണസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്വന്തം നിലയില്‍ ഫോറന്‍സിക് ലാബുകള്‍ തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സുപ്രധാന ഫോറന്‍സിക് ലാബുകളുമായി ഇതിനെ ബന്ധിപ്പിക്കും. സുരക്ഷാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ ആര്‍പിഎഫ് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

യാത്രക്കാര്‍ സ്വകാര്യതയുടെ പ്രശ്നം ഉന്നയിച്ചിട്ടുണ്െടങ്കിലും ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ കേരള എംപിമാരായ എ. സമ്പത്ത്, കെ.സി. വേണുഗോപാല്‍ തുടങ്ങിയ എംപിമാര്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.