സിപിഎമ്മിന്റെ ദളിത് സംഘടന വരുന്നു
Friday, November 28, 2014 12:30 AM IST
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ദളിത് സംഘടനയുമായി സിപിഎം. സംസ്ഥാനങ്ങളില്‍ നിന്നു പിന്നോക്കക്കാരുടെ സംഘടനകളെ ദേശീയ തലത്തില്‍ ഏകോപിപ്പിച്ചു കൊണ്ടു ള്ള മുന്നേറ്റത്തിനാണ് സിപിഎം ശ്രമം. ദളിത് ശോഷന്‍ മുക്തി മോര്‍ച്ച എന്ന പേരിലാണു സിപിഎം പിന്നോക്ക സംഘടനകളെ ദേശീയതലത്തില്‍ ഒരുമിപ്പിക്കുന്നത്.

ദളിത് വിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിച്ചു പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഈ വിഷയത്തെ അധികരിച്ചു 2006ല്‍ സിപിഎം വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ തീരുമാനമുണ്ടായിരുന്നു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടികജാതി ക്ഷേമ സമിതി, തമിഴ്നാട്ടില്‍ ജാതി വിപാടന മുന്നേറ്റം തുടങ്ങിയ ദളിത് കൂട്ടായ്മകള്‍ പാര്‍ട്ടിക്കു കീഴില്‍ രൂപപ്പെടുത്തി. കേരളം ഉള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ രൂപമെടുത്ത പാര്‍ട്ടി ബന്ധമുള്ള ദളിത് കൂട്ടായ്മകളെ ഒരുമിപ്പിച്ചുമാണു സി.പി.എം ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ദളിത് സംഘടന രൂപപ്പെടുത്തുന്നത്. കേരളത്തിലെ പട്ടികജാതി ക്ഷേമ സമിതിയാണ് പാര്‍ട്ടിയുടെ ദേശീയ ദളിത് സംഘടനയിലെ പ്രധാന സാന്നിധ്യം.


എന്നാല്‍, പാര്‍ട്ടി വര്‍ഗസമരപാതയില്‍ നിന്നു മാറി നടക്കുകയാണെന്ന് ഇടതുകേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. ഏതെങ്കിലും ജാതി വിഭാഗത്തെ പ്രത്യേകമായി സംഘടിപ്പിക്കുന്നതിനു പുറമേ രാജ്യത്തെ മുഴുവന്‍ പിന്നോക്ക വിഭാഗങ്ങളെയും ഒരുമിപ്പിക്കുകയാണു സിപിഎം ചെയ്യുന്നതെന്നു പട്ടികജാതി ക്ഷേമ സമിതി പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

ദളിത് മുക്തി ശോഷന്‍ മോര്‍ച്ചയുടെ പ്രഥമ ദേശീയ കണ്‍വന്‍ഷനില്‍ ഇന്നലെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുത്തിരുന്നു.

പിന്നോക്ക സംഘടനകളില്‍ നുഴഞ്ഞുകയറ്റം നടത്തുന്ന സംഘപരിവാര്‍ ശക്തികള്‍ വര്‍ഗീയത പരത്തുകയാണെ ന്നും ഈ സാഹചര്യത്തിലാണു സിപിഎം ഇവര്‍ക്കിടയിലേക്കു ഇറങ്ങാന്‍ തീരുമാനിച്ചതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.