ഓപ്പറേഷന്‍ രാംപാലിന് ചെലവ് 26.16 കോടി രൂപ !
ഓപ്പറേഷന്‍ രാംപാലിന് ചെലവ് 26.16 കോടി രൂപ !
Saturday, November 29, 2014 11:55 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിവാദ സന്യാസി രാംപാലിനെ പിടികൂടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 26.16 കോടി രൂപ. ഹരിയാന ഡിജിപി എസ്.എന്‍ വസിഷ്ഠ് ഇന്നലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. കനത്ത സ്വകാര്യ സുരക്ഷാ സന്നാഹങ്ങളുടെ മധ്യത്തില്‍ കഴിഞ്ഞിരുന്ന രാംപാലിനെ പിടിക്കുന്നതിനായി ഹരിയാന സര്‍ക്കാര്‍ 15.43 കോടിയും പഞ്ചാബ് സര്‍ക്കാര്‍ 4.34 കോടിയും ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷന്‍ 3.29 കോടിയും കേന്ദ്ര സര്‍ക്കാര്‍ 3.55 കോടി രൂപയും ചെലവഴിച്ചു.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാംപാലിന്റെ കേസ് ജസ്റീസ് എം. ജയപോള്‍, ജസ്റീസ് ദര്‍ശന്‍ സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഡിസംബര്‍ 23ലേക്കു മാറ്റി. രാംപാലിനെ പിടികൂടുന്നതിനിടെയുണ്ടായ അക്രമങ്ങളില്‍ പരിക്കേറ്റവരുടെ രേഖ ഹാജരാക്കാന്‍ ഡിജിപിയോടു കോടതി ആവശ്യപ്പെട്ടു ഇതിനു പുറമേ അക്രമങ്ങളുമായി ബന്ധപ്പെട്ടു അറസ്റിലായവരില്‍ പോലീസില്‍നിന്നോ സൈന്യത്തില്‍ നിന്നോ മറ്റ് അന്വേഷണ ഏജന്‍സികളില്‍നിന്നു വിരമിച്ചവരോ ഉണ്ടായിരുന്നോ എന്നും കോടതി ആരാഞ്ഞു.

ബാര്‍വാലയിലെ രാംപാലിന്റെ സത്ലോക് ആശ്രമത്തില്‍നിന്നു 909 പേരെയാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഏഴു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകളാണു ഹരിയാന പോലീസ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ 18നാണ് 63 കാരനായ രാംപാലിനെയും ആശ്രമവാകളുടെ സായുധ ചെറുത്തുനില്‍പ്പിനെ മറികടന്ന് പോലീസ് അറസ്റ് ചെയ്തത്. എന്നാല്‍, രാംപാലിന്റെ ആശ്രമത്തില്‍ നിന്നു കണ്െടടുത്ത തോക്കുകള്‍ക്കെല്ലാംതന്നെ ലൈസന്‍സ് ഉള്ളവയാണെന്നാണു വിവാദ സ്വാമിയുടെ അഭിഭാഷന്‍ കോടതിക്കു പുറത്തു വ്യക്തമാക്കിയത്.


കൊലപാതക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട രാംപാല്‍ ഹാജരാകണമെന്നുള്ള നാല്‍പതിലധികം കോടതി ഉത്തരവുകള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ് ചെയ്യാന്‍ പുറപ്പെട്ടത്. പതിനായിരത്തോളം അണികളെ കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു വിരട്ടിയോടിച്ച ശേഷമാണു പോലീസിനു 12 ഏക്കറോളം വരുന്ന ആശ്രമത്തിനുള്ളില്‍ കടക്കാനായത്. ആസിഡ് ബള്‍ബുകളും കല്ലും മറ്റായുധങ്ങളുമായി ആശ്രമവാസികളും പോലിസിനെ നേരിട്ടു. 2006ല്‍ നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണു രാംപാലിനെ അടിയന്തരമായി അറസ്റ് ചെയ്യാനുള്ള ഉത്തരവുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.