രാജ്യസഭ വീണ്ടും സ്തംഭിച്ചു
രാജ്യസഭ വീണ്ടും സ്തംഭിച്ചു
Thursday, December 18, 2014 12:04 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും ക്രിസ്മസിനു പ്രവൃത്തിദിനം ആക്കുന്നതടക്കമുള്ള വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ രാജ്യസഭ തുടര്‍ച്ചയായ മൂന്നാം ദിവസവും പൂര്‍ണമായി സ്തംഭിച്ചു. ക്രിസ്മസ് ദിനത്തില്‍ കലാലയങ്ങളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ സംബന്ധിച്ചു പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചു ലോക്സഭയിലും ബഹളം ആവര്‍ത്തിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിനുള്ള വിവാദ പരിപാടികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്നു പ്രധാനമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു രാജ്യസഭയില്‍ സംയുക്ത പ്രതിപക്ഷം വ്യക്തമാക്കി. വെറുതെ ചര്‍ച്ചകൊണ്ടു കാര്യമില്ല. ഇക്കാര്യത്തില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമെന്നു രാജ്യത്തിനു പ്രധാനമന്ത്രിയാണ് ഉറപ്പു നല്‍കേണ്ടതെന്നു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. എന്തുകൊണ്ടു പ്രധാനമന്ത്രി സഭയിലെത്തി സംസാരിക്കാന്‍ തയാറാകുന്നില്ലെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ചോദിച്ചു.

രാജ്യം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി എന്തുകൊണ്ടു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയാറാകുന്നില്ലെന്നു ആനന്ദ് ശര്‍മ ചോദിച്ചു. പാര്‍ലമെന്റ് നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനു താത്പര്യമില്ല എന്നതിനുള്ള ഉദാഹരണമാണ് ഇത്തരം നടപടികളെന്നും ശര്‍മ ആരോപിച്ചു. വിഷയത്തില്‍ നിന്നു പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചുു.

പ്രധാനമന്ത്രിക്കു പാര്‍ലമെന്റില്‍ വരാന്‍ വീസ നല്‍കേണ്ടതുണ്േടായെന്നു നേരത്തേ ചോദിച്ചിട്ടും മോദി സഭയോടു അനാദരവു തുടരുകയാണെന്നു തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിലെത്തി ചര്‍ച്ചകള്‍ ശ്രവിക്കുകയും മറുപടി പറയുകയും ചെയ്യേണ്ട പ്രധാനമന്ത്രി പുറത്തു സെല്‍ഫി ചിത്രങ്ങളെടുത്തു നടക്കുകയാണെന്നും ഡെറിക് പരിഹസിച്ചു. എന്നാല്‍, ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി മറുപടി പറയുമെന്നു ഉറപ്പു നല്‍കാന്‍ തനിക്കു കഴിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ആരെങ്കിലും ഇക്കാര്യം വിശദീകരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയുടെ സമയത്തു ഈയാവശ്യം ഉന്നയിക്കാമെന്നും അതുവരെ സഭാനടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നുമുള്ള കുര്യന്റെ അഭ്യര്‍ഥന പ്രതിപക്ഷം സ്വീകരിച്ചില്ല.


ഇതേസമയം, പ്രധാനമന്ത്രി ഇന്നു രാജ്യസഭയിലെത്തി പ്രസ്താവന നടത്തിയേക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൈകുന്നേരം സൂചന നല്‍കി. ഇക്കാര്യത്തില്‍ ഇന്നു മാത്രമേ പ്രധാനമന്ത്രി തീരുമാനമെടുക്കൂ. ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്‍ പാസാക്കണമെങ്കില്‍ പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ വാശി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.

മതപരിവര്‍ത്തനം, വിദ്യാലയങ്ങളില്‍ ക്രിസ്മസ് ദിനത്തില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഹാജരാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയവ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്നു ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍ ആരോപിച്ചു. എന്നാല്‍, സംഘപരിവാറല്ല പ്രശ്നമെന്നും കോണ്‍ഗ്രസിലെ ഒരു കുടുംബ പരിവാറാണു രാജ്യത്തിനു വിനാശമെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചതു ലോക്സഭയെ കുറെനേരം ബഹളത്തിലാക്കി.

വിവാദ പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നു പ്രതിപക്ഷവും സംഘപരിവാറിനെക്കുറിച്ചു വേണുഗോപാല്‍ പറഞ്ഞതു പിന്‍വലിച്ചാല്‍ താന്‍ പറഞ്ഞതും പിന്‍വലിക്കാമെന്നു നായിഡുവും തിരിച്ചടിച്ചു. വാജ്പേയിയുടെ ജന്മദിനം പവിത്രമായ ക്രിസ്മസ് ദിനത്തിലായതിനു തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു.

മതപരിവര്‍ത്തന, ക്രിസ്മസ് പ്രവൃത്തിദിന വിഷയം മൂന്നു ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളെയും കലുഷിതമാക്കിയിരുന്നു. ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനം തുടരണമെന്നും ബാബറി മസ്ജിദ് തകര്‍ത്തതു ഹിന്ദുക്കളുടെ ഐക്യമാണു കാണിക്കുന്നതെന്നുമായിരുന്നു ബിജെപി എംപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന. പ്രതിഷേധത്തെ തുടര്‍ന്നു ക്രിസ്മസ് ദിവസം അലിഗഡില്‍ സംഘപരിവാര്‍ നടത്താനിരുന്ന മതപരിവര്‍ത്ത സമ്മേളനം തത്കാലത്തേക്കു മാറ്റിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.