ഫാക്ട് പുനരുദ്ധാരണ പാക്കേജ് എല്‍എന്‍ജിക്കു ശേഷമെന്നു മോദി
ഫാക്ട് പുനരുദ്ധാരണ പാക്കേജ് എല്‍എന്‍ജിക്കു ശേഷമെന്നു മോദി
Thursday, December 18, 2014 12:11 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊച്ചിയിലെ എല്‍എന്‍ജി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാതെ ഫാക്ടിനു പുനരുദ്ധാരണ പാക്കേജ് അനുവദിക്കുന്നതു പ്രായോഗികമാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍എന്‍ജിയുടെ പ്രകൃതിവാതക ശൃംഖല പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഫാക്ടിന്റെ അനുബന്ധ വികസനം നടപ്പിലാകുകയുള്ളു. ഇതു സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഫാക്ട് പുനരുദ്ധാരണത്തിനുള്ള പ്രത്യേക പാക്കേജ് അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാരടങ്ങിയ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണു നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്.

എഫ്എസിടിക്ക് 991.9 കോടിയുടെ സാമ്പത്തിക രക്ഷാപാക്കേജ് അനുവദിക്കണമെന്ന കേന്ദ്ര രാസവളം മന്ത്രാലയത്തിന്റെ ശിപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് ഫാക്ടിലും പ്രകൃതിവാതകം ഇന്ധനമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കി. എന്നാല്‍, വിപണി വിലയില്‍ കുറച്ചു പ്രകൃതിവാതകം നല്‍കാന്‍ ഗെയില്‍ (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ) തയാറാകാത്തതിനെത്തുടര്‍ന്നാണു ഫാക്ടിന്റെ പ്രതിസന്ധി രൂക്ഷമായത്. അതേസമയം, കേരളത്തില്‍ സ്ഥലമേറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഈ സാഹചര്യത്തില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്മാറാന്‍ ആലോചിക്കുകയാണെന്നും ഗെയില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.


ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോളാണ് എല്‍എന്‍ജി പ്രകൃതിവാതക ശൃംഖല പൂര്‍ത്തിയായാല്‍ മാത്രമേ പാക്കേജ് അനുവദിക്കാനാവൂയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പൈപ്പ്ലൈന്‍ പൂര്‍ത്തിയാക്കുന്നതുവരെ പാക്കേജ് വൈകിപ്പിച്ചാല്‍ ഫാക്ടിന്റെ പ്രതിസന്ധി വര്‍ധിക്കുമെന്നു എംപിമാര്‍ വിശദമാക്കി. ഇക്കാര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി എംപിമാരടങ്ങിയ സംഘം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും രാസവളം മന്ത്രി അനന്തകുമാറുമായും കൂടിക്കാഴ്ച നടത്തി. എംപിമാരായ പ്രഫ. കെ.വി. തോമസ്, പി. കരുണാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പി. രാജീവ്, ഇന്നസെന്റ്, കെ.എന്‍. ബാലഗോപാല്‍, പി.കെ. ബിജു, എം.ബി. രാജേഷ്, പി.കെ. ശ്രീമതി, ഫാക്ട് പ്രതിനിധികളായ ജോര്‍ജ് തോമസ്, കെ. രാധാകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.