ആര്‍എസ്എസ് ഇടപെടല്‍: ഘര്‍ വാപസി ഉപേക്ഷിച്ചു
Thursday, December 18, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമായതോടെ ക്രിസ്മസ് ദിനത്തില്‍ അലിഗഡില്‍ നടത്താനിരുന്ന കൂട്ട മതം മാറ്റത്തില്‍നിന്നു സംഘപരിവാര്‍ സംഘടനയായ ധര്‍മ ജാഗരണ്‍ മഞ്ച് പിന്മാറി. ഘര്‍ വാപസി എന്ന് ആദ്യം പേരിട്ട ചടങ്ങ് യുപി സര്‍ക്കാരിന്റെ വിലക്കിനെത്തുടര്‍ന്ന് ഘര്‍ ഘര്‍ സ്വാഗത് എന്നു പേരു മാറ്റിയിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്നു 400 പേരെ ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുമെന്നായിരുന്നു പരിപാടിയുടെ സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. ആര്‍എസ്എസ് ഇടപെടലിനെത്തുടര്‍ന്നാണു പരിപാടി തത്കാലം റദ്ദാക്കിയതെന്നാണു വിവരം.

എന്നാല്‍, പരിപാടി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും ആര്‍എഎസ് ഇടപെടലിനെത്തുടര്‍ന്നു തത്കാലത്തേക്കു മാറ്റിവയ്ക്കുകയാണെന്നുമാണു സംഘാടകരായ ധര്‍മ ജാഗരണ്‍ സമിതിയുടെ വിശദീകരണം.

ജില്ലാഭരണകൂടം അറസ്റ് ചെയ്യുമെന്നു പറഞ്ഞു തങ്ങളെ ഫോണിലൂടെയും മാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തി എന്നാണു ധര്‍മജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പറയുന്നത്. കൂട്ട മതപരിവര്‍ത്തനത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിരുന്നെന്നും എന്നാല്‍, ഉന്നത നേതൃത്വത്തില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണു പരിപാടി റദ്ദാക്കിയതെന്നും സമിതിയുടെ അലിഗഡ് യൂണിറ്റ് കണ്‍വീനര്‍ സത്പ്രകാശ് നവ്മാന്‍ പറഞ്ഞു.

ആര്‍എസ്എസ് ഉന്നത നേതൃത്വത്തില്‍നിന്നു നിര്‍ദേശം വന്നതു കൊണ്ടാണു മതപരിവര്‍ത്തന പരിപാടിയില്‍നിന്നു പിന്‍വാങ്ങിയതെന്നു ധര്‍മജാഗരണ്‍ സമിതിയുടെ യുപി അധ്യക്ഷന്‍ രാജ്വേശ്വര്‍ സിംഗ് പറയുന്നു. 400ല്‍ അധികം മുസ്ളിംകളെയാണു മതപരിവര്‍ത്തനം നടത്തി ഹിന്ദുക്കളാക്കാനിരുന്നത്. ഈ മുസ്ലിംകളുടെ പൂര്‍വികര്‍ യഥാര്‍ഥത്തില്‍ രജപുത്രരായിരുന്നു. പിന്നീട് ഇസ്ലാം മതത്തിലേക്കു മാറിയതാണ്. അവരെയാണു വീണ്ടും ഹിന്ദുമതത്തിലേക്കു തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നതെന്നും രാജ്വേശ്വര്‍ സിംഗ് പറയുന്നു. ബുലന്ദ്ശാര്‍, അലിഗഡ്, മഥുര, ഹത്രാസ്, ഇറ്റ, ആഗ്ര, ബദാവൂന്‍ എന്നിവടങ്ങളില്‍നിന്നുള്ള ആളുകളെയാണു മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.


കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി എംപിമാരോടു വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും ലക്ഷ്മണ രേഖ കടക്കരുതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശം വന്നതിനു തൊട്ടു പിന്നാലെയാണു ധര്‍മജാഗരണ്‍ മഞ്ച് ഘര്‍ വാപസി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത്. ഗോരഖ്പൂരില്‍നിന്നുള്ള ബിജെപി എംപി യോഗി ആദിത്യ നാഥ് പരിപാടിയില്‍ പങ്കെടുക്കുമെന്നു പറഞ്ഞതു പാര്‍ലമെന്റിലടക്കം വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഘര്‍ വാപസി ഉപേക്ഷിച്ചിട്ടില്ലെന്നും മതപരിവര്‍ത്തന പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കഴിഞ്ഞ ദിവസവും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ചടങ്ങ് പ്രഖ്യാപിച്ചതിനു ശേഷം അലിഗഡില്‍ ജില്ലാ ഭരണകൂടം 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രതികൂലമാകുമെന്നു ഭയന്നാണു ബിജെപി നേതൃത്വവും ആര്‍എസ്എസും മതപരിവര്‍ത്തനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ സംഘപരിവാര്‍ സംഘടനയോടു നിര്‍ദേശിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.