ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘടിത ഗൂഢാലോചനയെന്നു മെത്രാന്മാര്‍
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘടിത ഗൂഢാലോചനയെന്നു മെത്രാന്മാര്‍
Friday, December 19, 2014 12:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തു ന്യൂനപക്ഷങ്ങള്‍ക്കെതിരേ സംഘടിത ഗൂഢാലോചനയുണ്െടന്നും അക്രമണങ്ങള്‍ ആസൂത്രിതമാണെന്നും ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡോ. അനില്‍ കൂട്ടോയും. മതംമാറ്റ നിരോധന ബില്ലിനേക്കാള്‍ രാജ്യത്തു ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്യ്രമാണു വേണ്ടതെന്നും ഡല്‍ഹി-ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

നരേന്ദ്ര മോദി ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല. ഇന്ത്യക്കാരായ എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങള്‍ക്കതിരേ പ്രധാനമന്ത്രി ഇടപെടണമെന്നും ആര്‍ച്ച്ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ടുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ആഗ്രയിലും മറ്റും നടന്നത്. രാജ്യത്തു പലയിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതായാണു വിവരം. മതസ്വാതന്ത്യ്രം സംബന്ധിച്ചു ഭരണഘടന വ്യവസ്ഥകളില്‍ അധിഷ്ഠിതമായിരിക്കണം ഇതു തടയാനുള്ള നിയമം. നിയമത്തിന്റെ പേരില്‍ മതസ്വാതന്ത്യ്രത്തിനു വിലക്കേര്‍പ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിനും കൂട്ടുനില്‍ക്കില്ലെന്നും ഇത്തരം നടപടികള്‍ കത്തോലിക്ക സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നും ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

മതപരിവര്‍ത്തനം എന്നത് ആരെയും നിര്‍ബന്ധിച്ചോ പ്രലോഭനത്തിലൂടെയോ നടത്തേണ്ടതല്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഭരണകൂടത്തിന്റെ സംരക്ഷണം ഉറപ്പാക്കി ആസൂത്രിതമായാണ് ആഗ്രയില്‍ അടുത്തയിടെ ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തിയത്. പാവപ്പെട്ടവര്‍ക്കു ബിപിഎല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നല്‍കാമെന്നു വ്യാമോഹിപ്പിച്ചു സംഘം ചേര്‍ത്ത ശേഷം മതപരിവര്‍ത്തനം നടത്തുകയാണെന്നാണു മനസിലാക്കാന്‍ കഴിഞ്ഞതെന്നും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

മതപരിവര്‍ത്തനം എന്നതു യഥാര്‍ഥത്തില്‍ മനഃപരിവര്‍ത്തനമാണ്.നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഒരിക്കലും കത്തോലിക്ക സഭയ്ക്കു അംഗീകരിക്കാനാവില്ല. രാജ്യത്തെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും രാഷ്ട്രീയമായി ഉന്നംവച്ചുകൊണ്ടാണു കേന്ദ്രമന്ത്രിമാരും എംപിമാരും ഏകീകൃത സിവില്‍ കോഡ് പോലുള്ള നിയമങ്ങളും ബില്ലുകളും കൊണ്ടു വരണമെന്നാവശ്യപ്പെടുന്നത്. ക്രിസ്ത്യാനികള്‍ വിശുദ്ധദിനമായി കണക്കാക്കുന്ന ക്രിസ്മസ് ദിനം പ്രവൃത്തിദിനമാക്കി മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിക്കപ്പെട്ട സംഭവം പ്രഥമദൃഷ്ട്യാ തന്നെ ദുരൂഹതയുണര്‍ത്തുന്നതാണ്. സംഭവത്തിനു പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്െടന്നു വ്യക്തമാണ്. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു നിവേദനം സമര്‍പ്പിച്ചിട്ടുള്ളതാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണം നടക്കുന്നു എന്നു മാത്രമാണു അധികൃതരുടെ ഭാഗത്തു നിന്നുള്ള മറുപടിയെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.


സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സംഘപരിവാര്‍ സംഘടനകളാണു മതപരിവര്‍ത്തനം നടത്തുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ല. അടുത്തയിടെ പാര്‍ലമെന്റില്‍ വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ യോഗി ആദിത്യ നാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലാണു കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷം നടത്തിയ നാലു വനിതകള്‍ അടങ്ങിയ പന്ത്രണ്ടംഗ സംഘത്തെ പോലീസ് അന്യായമായി തടങ്കലില്‍ വച്ചത്. ഏറെ നേരം ഇവരെക്കുറിച്ചു ബന്ധുക്കള്‍ക്കു പോലും വിവരം നല്‍കാതെ മതപരിവര്‍ത്തനം നടത്തിയെന്ന പേരിലാണു പോലീസ് തടങ്കലില്‍ വച്ചതെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഡയറക്ടര്‍ റവ. വിജയേഷ് ലാല്‍ പറഞ്ഞു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റവ. റിച്ചാര്‍ഡ് ഹവല്‍, ദേശീയോദ്ഗ്രഥന കൌണ്‍സില്‍ അംഗം ഡോ. ജോണ്‍ ദയാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുരുന്നുകള്‍ക്കു ബിഷപ്പുമാര്‍ ആദരാ ഞ്ജലിയര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.