മിശ്ര വധക്കേസ്: നാലു പ്രതികള്‍ക്കും ജീവപര്യന്തം
Friday, December 19, 2014 12:23 AM IST
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ലളിത് നാരായണ്‍ മിശ്രയെ 40 വര്‍ഷംമുമ്പു ബോംബ്സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികളെയും ഡല്‍ഹി ജില്ലാ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. രഞ്ജന്‍ ദ്വിവേദി(66), സന്തോഷാനന്ദ (75), സുദേവാനന്ദ്(79), ഗോപാല്‍ജി(73) എന്നിവര്‍ക്കാണു ജില്ലാ ജഡ്ജി വിനോദ് ഗോയല്‍ ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൊലപാതകം, ആയുധമോ സ്ഫോടകവസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണം, മുറിവേല്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. സന്തോഷാനന്ദും സുദേവാനന്ദും 25,000 രൂപ വീതവും ദ്വിവേദിയും ഗോപാല്‍ജിയും 20,000 രൂപ വീതവും പിഴയൊടുക്കണം.

മിശ്രയുടെ കുടുംബത്തിനും മരിച്ച മറ്റു രണ്ടുപേരുടെ കുടുംബാംഗങ്ങള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന്‍ ബിഹാര്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. കൂടാതെ സാരമായി പരിക്കേറ്റ ഏഴുപേരുടെ കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതവും പരിക്കേറ്റ 20 പേര്‍ക്ക് അര ലക്ഷം വീതവും നല്കണം.

ഗ്രനേഡ് കൈവശം വച്ചതിന് സ്ഫോടനവസ്തു നിയമപ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ശിക്ഷ വിധിക്കുന്നതിനെക്കുറിച്ചുള്ള വാദപ്രതിവാദത്തിനിടെ, വധശിക്ഷ നല്കണമോ എന്നു കോടതിക്കു തീരുമാനിക്കാമെന്നു സിബിഐ അറിയിച്ചു.

1975 ജനുവരി രണ്ടിനു ബിഹാറിലെ സമസ്തിപുര്‍ റെയില്‍വേ സ്റേഷനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ റെയില്‍വേ മന്ത്രി എല്‍.എന്‍. മിശ്രയെ ദ്വിവേദിയും ആനന്ദമാര്‍ഗി സംഘടനയിലുള്ളവരും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ആനന്ദമാര്‍ഗിനെ രണ്ടുവര്‍ഷം സര്‍ക്കാര്‍ നിരോധിച്ചു.


ജനുവരി രണ്ടിനു സമസ്തിപുര്‍ റെയില്‍വേ പോലീസ് കേസ് രജിസ്റര്‍ ചെയ്തു. ജനുവരി മൂന്നിനു മിശ്ര മരിച്ചു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ജനുവരി ഏഴിനു സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തു. നവംബര്‍ 12നു പാറ്റ്നയിലെ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 1979 ഡിസംബര്‍ 17നു സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേസ് ഡല്‍ഹി കോടതിയിലേക്കു മാറ്റി. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന സംശയത്താല്‍ സംസ്ഥാനത്തിനു പുറത്തുള്ള കോടതിയിലേക്കു വിചാരണ മാറ്റുന്ന ആദ്യ കേസാണിത്.

1981 ജനുവരി 21നു നാലു പ്രതികള്‍ക്കെതിരേ സെഷന്‍സ്കോടതി കുറ്റം ചുമത്തി. 2011 ഒക്ടോബര്‍ 12നു സുപ്രീംകോടതി കേന്ദ്രത്തോടു തത്സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 37 വര്‍ഷമായി എന്നതിനാല്‍ കേസ് അവസാനിപ്പിക്കാനാവില്ലെന്നു പ്രതികളുടെ അപേക്ഷ തള്ളിക്കൊണ്ട് 2012 ഓഗസ്റ് 17നു സുപ്രീംകോടതി വിധിച്ചു. 2012 സെപ്റ്റംബര്‍ 12നു ഡല്‍ഹി കോടതിയില്‍ അന്തിമവാദം തുടങ്ങി. ആനന്ദമാര്‍ഗികളാണു സ്ഫോടനത്തിനു പിന്നിലെന്നു സെപ്റ്റംബര്‍ 14 നു സിബിഐ അറിയിച്ചു.

2014 ഡിസംബര്‍ 10നു സന്തോഷാനന്ദ, സുദേവാനന്ദ, ഗോപാല്‍ജി, അഡ്വ. രഞ്ജന്‍ ദ്വിവേദി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു. വിധിപ്രഖ്യാപനത്തിനുമുമ്പുള്ള അന്തിമവാദം കേള്‍ക്കല്‍ ഡിസംബര്‍ 15നു നടന്നു. ഡിസംബര്‍ 18നു നാലു പ്രതികള്‍ക്കും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ ഇതുവരെ 13 സാക്ഷികളെ വിസ്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.