ബംഗളൂരുവില്‍നിന്നു കുരുന്നു ഹൃദയം പറന്നു: മറ്റൊരു കുരുന്നിനു ജീവനേകാന്‍
Saturday, December 20, 2014 12:31 AM IST
ബംഗളൂരു: ബംഗളൂരു നഗരത്തിലെയും ചെന്നൈ നഗരത്തിലെയും ഗതാഗതക്കുരുക്കുകളെല്ലാം ആ മഹദ് യാത്രയ്ക്കു തടസമായില്ല. ഇരു നഗരങ്ങളിലെയും റോഡുകളില്‍ തടസങ്ങള്‍ നീക്കി ഗ്രീന്‍ കോറിഡോര്‍ തീര്‍ത്ത് ആംബുലന്‍സിന് വഴിയൊരുക്കി കാതു കൂര്‍പ്പിച്ചു പോലീസ് രംഗത്തുണ്ടായിരുന്നു. കുതിച്ചുപാഞ്ഞ ഈ ആംബുലന്‍സിനുള്ളില്‍ തുടിച്ചുകൊണ്ടിരിക്കുന്ന ഒരു കുരുന്നു ഹൃദയമായിരുന്നു ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ മസ്തിഷ്ക മരണം സംഭവിച്ച രണ്ടു വയസുകാരന്റെ ഹൃദയം അങ്ങനെ ചെന്നൈയില്‍ മരണത്തോടു മല്ലടിച്ചുകഴിഞ്ഞ മറ്റൊരു കുരുന്നിന് പുതുജീവനേകി. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍നിന്നും ചെന്നൈയിലെ ഫോര്‍ട്ടിസ് മലബാര്‍ ആശുപത്രിയിലേക്കുള്ള ഈ യാത്ര നാലു മണിക്കൂറെടുത്തു. ഇരു ആശുപത്രികളിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണു കുരുന്നുഹൃദയം തുന്നിച്ചേര്‍ത്തത്.

ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ എച്ച്എഎല്‍ വിമാനത്താവളത്തിലെത്തിച്ച ഹൃദയം എയര്‍ആംബുലന്‍സിലാണു ചെന്നൈയിലെത്തിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.10നാണ് എയര്‍

ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. അപ്പോഴേയ്ക്കും വിമാനത്താവള പരിസരത്ത് എല്ലാ സൌകര്യങ്ങളോടുംകൂടിയുള്ള ആംബുലന്‍സ് സജ്ജമായി നിന്നിരുന്നു. 12 മിനിറ്റിനുള്ളില്‍ നഗരത്തിലെ 12 ജംഗ്ഷനുകള്‍ മറികടന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചു ഹൃദയവും വഹിച്ചുള്ള ആംബുലന്‍സ് ഫോര്‍ട്ടിസ് മലബാര്‍ ആശുപത്രിയിലെത്തി.


ബംഗളൂരുവിലെ ഐടി ഉദ്യോഗസ്ഥദമ്പതികളുടെ മകനായ രണ്ടുവയസുകാരനു ബുധനാഴ്ച രാത്രിയാണു മസ്തിഷ്കമരണം സംഭവിച്ചത്. കഴിഞ്ഞ 14നാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതം വാങ്ങിയശേഷം ഡോക്ടര്‍മാര്‍ വിവരം ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രി അധികൃതരെ അറിയിച്ചു. ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഡയലറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന രോഗം ബാധിച്ചു മരണത്തോടു മല്ലടിച്ചുകഴിയുന്ന രണ്ടു വയസുകാരന് അനുയോജ്യമായ ഹൃദയത്തിനായി ഡോക്ടര്‍മാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഉടന്‍ വിദഗ്ധസംഘം ബംഗളൂരുവിലേക്കു പോകുകയും നടപടിക്രമങ്ങള്‍ക്കു ശേഷം എയര്‍ആംബുലന്‍സില്‍ അവയവം ചെന്നൈയിലെത്തിക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.