മതപരിവര്‍ത്തന വിഷയം: രാജ്യസഭ വീണ്ടും സ്തംഭിച്ചു
മതപരിവര്‍ത്തന വിഷയം: രാജ്യസഭ വീണ്ടും സ്തംഭിച്ചു
Saturday, December 20, 2014 12:26 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തന വിഷയത്തില്‍ ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി മറുപടി നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധത്തില്‍ ഇന്നലെയും രാജ്യസഭ സ്തംഭിച്ചു. പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ വേദന ഉണ്ടാക്കിയതെന്നും അതുകൊണ്ട് അദ്ദേഹം തന്നെയാണു മരുന്നു നല്‍കേണ്ടതെന്നും പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണു മതപരിവര്‍ത്തന വിഷയത്തില്‍ രാജ്യസഭയുടെ നടപടികള്‍ പൂര്‍ണമായി തടസപ്പെടുന്നത്.

മതപരിവര്‍ത്തന വിഷയത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നും മന്ത്രിസഭയുടെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രിയാണു മറുപടി പറയേണ്ടതെന്നുമാണു പ്രതിപക്ഷ നിലപാട്. എന്നാല്‍, ചര്‍ച്ചയ്ക്കു മറുപടി നല്‍കേണ്ടത് ആരെന്നു തീരുമാനിക്കേണ്ടതു പ്രതിപക്ഷമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി മറുപടി നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഭരണപക്ഷവും ശഠിച്ചു..

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ സഭാനടപടികള്‍ നിര്‍ത്തിവച്ച് പ്രമേയം പാസാക്കുന്നതിനായി പി. രാജീവ് എംപി നല്‍കിയ നോട്ടീസില്‍ ആരു മറുപടി നല്‍കുമെന്ന കാര്യത്തില്‍ സമവായം ഉണ്ടാകാത്തതോടെ ധനകാര്യ ബില്ലുകളും അംഗങ്ങളുടെ സ്വകാര്യ ബില്ലുകളും മാത്രം പരിഗണിച്ച് തിങ്കളാഴ്ച ചേരാനായി രാജ്യസഭ പിരിഞ്ഞു.

അതേസമയം, സഭയിലെത്തി പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ നരേന്ദ്ര മോദി, ഇന്നലെ ലോക്സഭയിലെത്തിയെങ്കിലും രാജ്യസഭയിലെത്താന്‍ കൂട്ടാക്കിയില്ല. സര്‍ക്കാരിന്റെ നടപടികള്‍ പാര്‍ലമെന്റിനെ അവഹേളിക്കലാണെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം, തന്റെ സഹപ്രവര്‍ത്തകര്‍ പാര്‍ലമെന്റിനെ ബഹുമാനിക്കാത്ത സംഭവത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി ഉറപ്പു നല്‍കണമെന്നു പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.


കഴിഞ്ഞ ആറു മാസമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ ശ്രദ്ധിക്കുകയാണ്. അദ്ദേഹം തനിക്കുവേണ്ടിയാണു വോട്ട് ചോദിക്കുന്നത്, പാര്‍ട്ടിക്കു വേണ്ടിയല്ല. തനിക്കുവേണ്ടി വോട്ട് ചോദിക്കുന്നതു ദോഷകരമാണെന്നു ഞാന്‍ പറയില്ല, എന്നാല്‍, അതു ദേശവിരുദ്ധമായതിനോ കുറ്റകൃത്യത്തിനോ ആകരുതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയാണു വേദനയുണ്ടാക്കിയതെന്നും അദ്ദേഹം തന്നെയാണ് ഇതിനു മരുന്നു നല്‍കേണ്ടതെന്നും പ്രതിപക്ഷനേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി. ഇതു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചെങ്കിലും പാര്‍ലമെന്റിനെ ബഹുമാനിക്കാന്‍ പ്രധാനമന്ത്രിയും സഹപ്രവര്‍ത്തരും സഭയിലെത്തി ഉറപ്പു നല്‍കണമെന്നും ബഹളത്തിനിടെ ഗുലാംനബി ആവശ്യപ്പെട്ടു.

അതേസമയം, ചര്‍ച്ച നടത്താമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തയാറാണെന്നും അതു തുടങ്ങാനാണു പ്രതിപക്ഷം തയാറാകേണ്ടതെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. എന്നാല്‍, ചര്‍ച്ചയ്ക്ക് ഉപാധി വയ്ക്കുന്നതു കീഴ്വഴക്കങ്ങള്‍ക്ക് എതിരാണ്. ചര്‍ച്ചയ്ക്കു പ്രധാനമന്ത്രിതന്നെ മറുപടി പറയണമെന്നു ചട്ടങ്ങളില്‍ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.