ക്രിസ്മസിനു സല്‍ഭരണ ദിനാചരണം: ന്യായീകരിച്ച് രവിശങ്കര്‍ പ്രസാദ്
ക്രിസ്മസിനു സല്‍ഭരണ ദിനാചരണം: ന്യായീകരിച്ച് രവിശങ്കര്‍ പ്രസാദ്
Monday, December 22, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ മുഴുനീള സല്‍ഭരണ ദിനാഘോഷം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. സല്‍ഭരണ ദിനം ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ക്രിസ്മസ് ദിനത്തിലാണെങ്കിലും സര്‍ക്കാരിന്റെ ഈ നടപടിയെ ക്രൈസ്തവര്‍ അഭിനന്ദിക്കുകയേയുള്ളുയെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. മതപരിവര്‍ത്തന വിഷയത്തില്‍ പാര്‍ലമെന്റില്‍ അടക്കം വലിയ കോലാഹലമുയരുന്നതിനിടെ ക്രിസ്മസ് ദിനം മുഴുനീള പ്രവര്‍ത്തിദിനമാക്കാന്‍ യുജിസി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25നു സല്‍ഭരണ ദിവസമായി ആചരിക്കാനാണു നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍വകലാശാലകള്‍, ഐഐടികള്‍, നവോദയ വിദ്യാലയങ്ങള്‍, ഇതര കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കു കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവും ബന്ധപ്പെട്ട തലവന്മാരും നല്‍കിയ വിവാദ ഉത്തരവുകള്‍ക്കു പിന്നാലെയാണു യുജിസിയും ഉത്തരവ് പുറത്തിറക്കിയത്. ഇതു സംബന്ധിച്ച് ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.


സല്‍ഭരണം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ ജനങ്ങള്‍ക്കു വലിയ വിശ്വാസമാണുള്ളത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചതിന്റെയും വിശ്വാസം അത് ഊട്ടിയുറപ്പിക്കുന്നു. സല്‍ഭരണത്തിന്റെ ഗുണമേന്മകള്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ക്രൈസ്തവര്‍ അനുമോദിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘപരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മോദിയുടെ സമീപനം എല്ലാവരോടും ഇഴുകിച്ചേരുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി മുന്നോട്ടു പോകുന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി മോദി മൌനം പാലിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് പ്രസാദ് മറുപടി നല്‍കിയില്ല. പരിഹാര മാര്‍ഗങ്ങള്‍ എടുക്കുന്നുണ്െടന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.