മതപരിവര്‍ത്തനം: പാര്‍ലമെന്റ് സ്തംഭിച്ചു
മതപരിവര്‍ത്തനം:  പാര്‍ലമെന്റ് സ്തംഭിച്ചു
Tuesday, December 23, 2014 12:17 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ശീതകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ മതപരിവര്‍ത്തന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ചു. കഴിഞ്ഞ ആഴ്ചയുടെ തുടര്‍ച്ചയെന്ന പോലെ ഇന്നലെയും മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളമുയര്‍ത്തിയത്. രാജ്യസഭ പ്രതിഷേധമുഖരിതമായതിനെത്തുടര്‍ന്നു നാലു തവണ നിര്‍ത്തിവച്ചു.

സഭയില്‍ വന്നു മറുപടി പറയാന്‍ 56 ഇഞ്ച് നെഞ്ചളവിന്റെ ആവശ്യമൊന്നുമില്ലെന്നും ഹൃദയത്തിനു നാലിഞ്ചെങ്കിലും വലിപ്പമുണ്ടായാല്‍ മതിയെന്നുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയന്റെ പരിഹാസമായിരുന്നു ഇന്നലെ പാര്‍ലമെന്റില്‍ കൈയടി നേടി ഹിറ്റായ ഡയലോഗ്. രാജ്യത്തിനു വലിയ നെഞ്ചളവുള്ള നേതാവിനെ ആവശ്യമുണ്െടന്ന മോദിയുടെ തെരഞ്ഞെടുപ്പുകാലത്തെ പ്രസംഗം ഉദ്ധരിച്ചാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

മതപരിവര്‍ത്തന വിഷയത്തില്‍ ലോക്സഭയില്‍ പ്രതിഷേധം കത്തിക്കാളുന്നതിനിടെ ആര്‍ജെഡി എംപി രാജീവ് രഞ്ജന്‍ എന്ന പപ്പു യാദവ് കടലാസ് കീറിയെറിഞ്ഞതു ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയുടെ രൂക്ഷ പ്രതികരണത്തിലേക്കാണു വഴിതെളിച്ചത്. രോഷാകുലനായ ഡെപ്യൂട്ടി സ്പീക്കര്‍ പത്തു മിനിറ്റു നേരത്തേക്കു സഭ നിര്‍ത്തി വച്ചു.

തനിക്കു നേരേ കടലാസ് കീറിയെറിഞ്ഞ പപ്പു യാദവിന്റെ നടപടി അങ്ങേയറ്റം മോശമായിപ്പോയെന്നും സ്പീക്കറുടെ കസേരയോടു ബഹുമാനമുണ്ടാകണമെന്നും പറഞ്ഞു.എന്നാല്‍, അം ഗങ്ങള്‍ക്കു സ്പീക്കറുടെ കസേരയെ അപമാനിക്കാന്‍ യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്ന വിശദീകരണവുമായി പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തെത്തി. തങ്ങള്‍ക്കു സ്പീക്കറോട് അങ്ങേയറ്റം ബഹുമാനമുണ്െടന്നും തങ്ങളുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനോടു മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്നു താന്‍ സ്പീക്കര്‍ക്കു നേരേയല്ല കടലാസെറിഞ്ഞതെന്നും ക്ഷമിക്കണമെന്നും പപ്പു യാദവും പറഞ്ഞു . ബഹളത്തിനിടെ സിപിഎം, തൃണമുല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടികളുടെയും എംപിമാര്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.

കേരളത്തിലെ ഘര്‍ വാപസി വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. സ്പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു ലോക്സഭ വീണ്ടും പ്രതിഷേധത്തില്‍ മുങ്ങി. കേരളത്തില്‍നിന്നുള്ള എംപിമാരായ കെ.സി. വേണുഗോപാലും എന്‍.കെ. പ്രേമചന്ദ്രനുമാണു ലോക്സഭയില്‍ ഘര്‍ വാപസി വിഷയത്തില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ബഹളം രൂക്ഷമായപ്പോള്‍ ലോക്സഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു, മതപരിവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരി നോ ബിജെപിക്കോ യാതൊരു പ ങ്കുമില്ലെന്ന വിശദീകരണവുമായി രംഗത്തെത്തി. മതപരിവര്‍ത്തന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നു പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മുലായം സിംഗ് യാദവും മായാവതിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ഇതിനു പുറമേ, ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുമതം വിട്ടു പോയവരെ തിരിച്ചു കൊണ്ടു വരുമെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തനത്തിനു പുറമേ കള്ളപ്പണം, തൊഴില്‍ അവസരമുണ്ടാക്കല്‍ തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷം പ്രധാനമന്ത്രിയുടെ നേരേ വിരല്‍ചൂണ്ടി. ഇതേ വിഷയങ്ങളില്‍ ലോക്സഭയിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായിരുന്നു. മുസ്ലിംകളെയും ക്രൈസ്തവരെയും ഹിന്ദുമതത്തിലേക്കു മാറ്റുന്ന സ്വീകാര്യമല്ലാത്ത അജന്‍ഡയാണു സര്‍ക്കാര്‍ പിന്തുടരുന്നതെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം, വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.


രാജ്യസഭയില്‍ കോണ്‍ഗ്രസിനു പുറമേ എസ്പി, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളും പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. പ്രധാന മന്ത്രി എത്തിയില്ലെങ്കില്‍ സഭ നട ത്തിക്കില്ല എന്നായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ മുദ്രാവാക്യം.

ഉച്ചയ്ക്കു മൂന്നു മണിക്കു മുന്‍പായി നാലുതവണയാണു രാജ്യസഭ നിര്‍ത്തിവച്ചത്. ജെഡിയു നേതാവ് ശരത് യാദവ് ആണ് സഭയില്‍ മതപരിവര്‍ത്തനവിഷയം ഉന്നയിച്ചത്. ബിജെപി മന്ത്രിമാരും എംപിമാരും തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മറന്നു ഘര്‍ വാപസിയുടെ പുറകേയാണെന്നു സമാജ് വാദി പാര്‍ട്ടി നേതാവ് ശരത് യാദവ് ആരോപിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സമാജ് വാദി പാര്‍ട്ടി എംപി രാം കൃപാല്‍ യാദവ് ചൂണ്ടിക്കാട്ടി. രാംകൃപാലിനു പിന്തുണയുമായി സിപിഎമ്മില്‍നിന്നു സീതാ റാം യെച്ചൂരിയും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു ഡെറിക് ഒബ്രയനും രംഗത്തെത്തി. മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ടു സഭയിലെത്തി മറുപടി നല്‍കണമെന്നു കോണ്‍ഗ്രസിന്റെ ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. കൈക്കരുത്തിന്റെ ബലത്തിലാണു പല സംഘടനകളും മതപരിവര്‍ത്തനം സംഘടിപ്പിക്കുന്നതെന്നു സിപിഐ എംപി ഡി.രാജ ആരോപിച്ചു.

ബഹളത്തിനിടെ ഡല്‍ഹി ചേരി നിര്‍മാര്‍ജനം സംബന്ധിച്ച ബില്‍ പാസാക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ബില്‍ പാസാക്കുന്നതു സംബന്ധിച്ചു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അഭ്യര്‍ഥന നടത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. പാര്‍ലമെന്റ് അലര്‍ച്ചകള്‍ക്കുള്ള സ്ഥലമല്ലെന്നും ചര്‍ച്ചകള്‍ക്കുള്ള ഇടമാണെന്നും പ്രഫ. പി.ജെ. കുര്യന്‍ അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. മറ്റു മാര്‍ഗങ്ങളൊന്നും കാണുന്നില്ലെന്നു പറഞ്ഞ അദ്ദേഹം വീണ്ടും സഭ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കി.

ലോക്സഭയില്‍ മുലായം സിംഗ് യാദവ്, നരേന്ദ്ര മോദി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചതിനെ ത്തുടര്‍ന്ന് ആര്‍ജെഡി, ജെഡിയു, എസ്പി അംഗങ്ങള്‍ വാക്കൌട്ട് നടത്തി.

പ്രതിഷേധങ്ങള്‍ക്കിടയിലും മുലായത്തിനു തുടര്‍ന്നു സംസാരിക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അവസരം നല്‍കി. കള്ളപ്പണം തിരികെ കൊണ്ടുവന്ന് ജനങ്ങളുടെ അക്കൌണ്ടുകളില്‍ നിക്ഷേപിക്കും, ചൈന പിടിച്ച ഭൂമി തിരിച്ചുപിടിക്കും എന്നീ വാഗ്ദാനങ്ങളൊക്കെ സര്‍ക്കാര്‍ മറന്നു കഴിഞ്ഞു. കുറഞ്ഞപക്ഷം ഒരു വാഗ്ദാനമെങ്കിലും പാലിക്കാനുള്ള മനസു കാണിക്കണമെന്നും മുലായം ആവശ്യപ്പെട്ടു. എന്നാല്‍, മറുപടിയുമായി എഴുന്നേറ്റ വെങ്കയ്യ നായിഡു ഇതു തെരഞ്ഞെടുപ്പു റാലിയല്ലെന്നും പാര്‍ലമെന്റാണെന്ന് ഓര്‍ക്കണമെന്നുമാണു പറഞ്ഞത്. ഈ സമയം ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.