ഗുജറാത്തിലെ പ്രവാസി സമ്മേളനത്തില്‍ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ മടക്കത്തിന്റെ ശതാബ്ദി ആചരിക്കും
ഗുജറാത്തിലെ പ്രവാസി സമ്മേളനത്തില്‍ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ മടക്കത്തിന്റെ ശതാബ്ദി ആചരിക്കും
Tuesday, December 23, 2014 12:23 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ചു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യയിലേക്കു മടങ്ങിയെത്തിയതിന്റെ ശതാബ്ദി ആഘോഷം ഗുജറാത്തിലെ പ്രവാസി സമ്മേളനത്തില്‍ ആചരിക്കുന്നു. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിലെ മഹാത്മാ മന്ദിരത്തില്‍ ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന പതിമൂന്നാമതു പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളനം അതിനാല്‍ തന്നെ ചരിത്ര സംഭവമാകുമെന്നു വിദേശ, പ്രവാസികാര്യമന്ത്രി സുഷമ സ്വരാജും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നടക്കം വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രവാസികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പതിവു പോലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഗയാന പ്രസിഡന്റ് ഡൊണാള്‍ഡ് റമോത്തര്‍ ഈ വര്‍ഷത്തെ പിബിഡിയില്‍ വിശിഷ്ടാതിഥിയായിരിക്കും. മഹാത്മജിയുടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വരവിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചു ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രിയെയും സമ്മേളനത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പത്തു മുഖ്യമന്ത്രിമാര്‍ ഗുജറാത്തില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സുഷമ അറിയിച്ചു. യുപി, നാഗാലാന്‍ഡ് മുഖ്യമന്ത്രിമാരും ബിജെപിയുടെ മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത് മുഖ്യമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചു അതാതു മുഖ്യമന്ത്രിമാരുമായി പ്രതിനിധികള്‍ക്കു ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സെഷനുകള്‍ ജനുവരി ഒമ്പതിനു രാവിലെ നടക്കും.


ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം അടക്കം ഒമ്പതു പ്രത്യേക ചെറു സമ്മേളനങ്ങളും പിബിഡിയോട് അനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.

ഒമ്പതാം തീയതി ഉച്ചകഴിഞ്ഞാണ് ഗള്‍ഫിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച. ഫ്രഞ്ച് സംസാരിക്കുന്ന ഇന്ത്യന്‍ വംശജര്‍, ഗുജറാത്ത് വംശജര്‍ തുടങ്ങിയ പ്രത്യേക സമ്മേളനങ്ങളും ഇത്തവണ ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ചിട്ടുണ്െടന്നു സുഷമ പറഞ്ഞു.

ഈ വര്‍ഷത്തെ പ്രവാസി സമ്മാന്‍ പുരസ്കാരങ്ങള്‍ ഒമ്പതാം തീയതി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വിതരണം ചെയ്യും. എട്ടാം തീയതി രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.