കോട്ടതീര്‍ത്തു ബീസ്റ്
കോട്ടതീര്‍ത്തു ബീസ്റ്
Sunday, January 25, 2015 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാജ്പഥിലേക്കുള്ള യാത്രയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാറില്‍ കയറണോ അതോ തന്റെ സ്വന്തം കാറായ ബീസ്റില്‍ പോകണോ എന്ന കാര്യം ഒബാമ തീരുമാനിക്കും. ഇക്കാര്യത്തില്‍ തീരുമാനം അമേരിക്കയ്ക്ക് എടുക്കാമെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാര്‍.

കാഡിലാക്ക് വണ്‍ എന്ന അത്യാധുനിക സൌകര്യങ്ങളുള്ള ഒബാമയുടെ ഔദ്യോഗിക കാര്‍ അമേരിക്കയുടെ രഹസ്യ ഏജന്‍സിയുടെ കോഡ് പേരായ ബീസ്റ് എന്നാണ് അറിയപ്പെടുന്നത്.

രൂപത്തില്‍ മാത്രം കാഡിലാക്ക്

അമേരിക്കന്‍ കാര്‍ നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോഴ്സിന്റെ ലക്ഷ്വറി കാര്‍ വിഭാഗത്തിലെ ഏറ്റവും കൂടിയ ഇനങ്ങളില്‍ ഒന്നാണ് കാഡിലാക്ക്. ബീസ്റ് ഒറ്റ നോട്ടത്തില്‍ കാഡിലാക്കാണെന്നു തോന്നുമെങ്കിലും ഡിസൈന്‍ മാത്രമാണ് കാഡിലാക്കിന്റേത്. ബീസ്റിന്റെ ഷാസി ഷെവെര്‍ലെയുടെ കോഡിയാക് എന്ന ട്രക്കിന്റേതാണ്.

കനത്ത സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ ബീസ്റ്റ് ലോകത്തുള്ള ഏതൊരു ആഡംബരക്കാറിനും മേലെയാണ്. വിമാനങ്ങള്‍ക്കും മറ്റും ഉള്ളതുപോലെ 20 സെന്റിമീറ്റര്‍ കനത്തിലാണ് ഈ കാറിന്റെ ബോഡി. അഞ്ച് ഇഞ്ച് കനത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ളാസുകളാണ് കാറിനുള്ളത്. എട്ട് ടണ്ണാണ് കാറിന്റെ തൂക്കം. അലൂമിനിയവും ടൈറ്റാനിയവും സെറാമിക്സും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. അഞ്ചടി പത്ത് ഇഞ്ചാണ് ഉയരം. 18 അടി നീളവുമുണ്ട്.

വേഗത്തിലെന്തു കാര്യം

6.6 ലിറ്റര്‍ ഡുറാമാക്സ് ടര്‍ബോ ഡീസല്‍ വി-8 എന്‍ജിനാണ് ഈ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസലും ബയോഡീസലും ഈ കാറില്‍ ഉപയോഗിക്കാന്‍ സാധിക്കും. മറ്റ് കാറുകളെ പോലെ ബീസ്റ് ചീറിപ്പായില്ല. 100 കിലോമീറ്ററാണ് പരമാവധി വേഗത. അതിലേക്ക് എത്താന്‍ പതിനഞ്ച് സെക്കന്‍ഡ് വേണം.

ഏഴു പേര്‍ക്കു സസുഖം

ഏഴുപേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നതാണു കാര്‍. പ്രസിഡന്റിന്റെ കാബിനില്‍ അഞ്ചു പേര്‍ക്ക് ഇരിക്കാം.

സാരഥിയും സ്പെഷല്‍

പ്രത്യേകം പരിശീലനം ലഭിച്ച ഡ്രെെവറാണ് ബീസ്റ് ഓടിക്കുന്നത്. സീക്രട്ട് സര്‍വീസ് ഏജന്റായിരിക്കും ഇയാള്‍. ഒരു അടിയന്തര സാഹചര്യം വന്നാല്‍ പ്രസിഡന്റിനെ എങ്ങനെ സംരക്ഷിക്കാം തുടങ്ങി കാറിന്റെ ഓരോ പ്രവര്‍ത്തനത്തിലും ഡ്രെെവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.


പഞ്ചറാകില്ല, പണി മുടക്കില്ല

ഗുഡിയറിന്റെ പഞ്ചറാകാത്ത പ്രത്യേകതരം ടയറാണ് ബീസ്റിനുള്ളത്. വെടിവച്ച് ടയര്‍ തുളച്ചാലും കാറ് വഴിയില്‍ കിടക്കില്ല. വീണ്ടും സഞ്ചരിക്കാന്‍ സാധിക്കും. സ്റീല്‍ റിമ്മുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

കവചത്തിനുള്ളില്‍ ഇന്ധനടാങ്ക്

ഒരു കാരണവശാലും പൊട്ടിത്തെറിക്കാത്ത തരത്തിലുള്ളതാണ് ഇന്ധന ടാങ്ക്. ലോഹനിര്‍മിത ടാങ്കിനു പുറത്തു ബാഹ്യസമ്മര്‍ദം തടുക്കുന്നതിന് പത നിറച്ച ഒരു കവചമുണ്ട്.
സ്വയം പ്രതിരോധിക്കും

എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള ശേഷി ബീസ്റിനുണ്ട്. കെമിക്കല്‍ അറ്റാക്കുണ്ടായാല്‍ പുറത്തു നിന്നുള്ള വായുവിന്റെ പ്രവേശനം അവസാനിക്കും. പിന്നീട് വാഹനത്തിന്റെ അകത്ത് ഘടിപ്പിച്ചിട്ടുള്ള ഓക്സിജന്‍ സിലിണ്ടറില്‍നിന്ന് ശ്വസിക്കാം. കാറിന്റെ അടിയില്‍ ബോംബ് സ്ഥോടനത്തെ പ്രതിരോധിക്കാനുള്ള പാളിയുണ്ട്. ബുള്ളറ്റ് അകത്ത് കടക്കാത്ത ബോഡി. ഉള്ളില്‍ പവര്‍ ആക്ഷന്‍ എയര്‍ ഗണ്‍, ജെയിംസ് ബോണ്ട് സിനിമകളിലേതുപോലുള്ള ടിയര്‍ ഗ്യാസ് ഗണ്ണും മുന്‍വശത്തുണ്ട്. ഡ്രെെവര്‍ക്ക് കാണുന്നതിനായി നൈറ്റ് വിഷന്‍ കാമറ കൂടാതെ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കേണ്ട ആയുധങ്ങളും കാറിലുണ്ട്. പ്രസിഡന്റിന്റെ രക്തഗ്രൂപ്പില്‍പ്പെട്ട രക്തവും കാറിനകത്ത് കരുതിയിട്ടുണ്ടാകും.

നാടു മാറിയാലും നമ്പര്‍ മാറില്ല

ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും ബീസ്റിനു വാഷിംഗ്ടണ്‍ ഡിസിയുടെ നമ്പര്‍ പ്ളേറ്റാണ്. വലതുവശത്ത് അമേരിക്കന്‍ ഫ്ളാഗും ഇടതുവശത്ത് സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ ഫ്ളാഗും. അമേരിക്കയിലായിരിക്കുമ്പോള്‍ മറ്റ് രാജ്യങ്ങളുടെ കൊടിയുടെ സ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ ഫ്ളാഗായിരിക്കും ഉണ്ടാവുക.

വീഡിയോ കോണ്‍ഫറന്‍സ്

ബീസ്റിനുള്ളില്‍നിന്ന് പ്രസിഡന്റിന് അമേരിക്കന്‍ ഭരണകൂടത്തിലെ പ്രധാനികളോടും പ്രതിരോധ ആസ്ഥാനമായ പെന്റഗണുമായും വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താം. എല്ലായ്പോഴും ജിപിഎസ് ബന്ധിതമായിരിക്കും കാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.