കാറിനുള്ളില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു യൂബറിന്റെ സന്ദേശം
Sunday, January 25, 2015 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരോധനം നീങ്ങിയതിനു തൊട്ടു പിന്നാലെ യൂബര്‍ ടാക്സി സര്‍വീസ് തങ്ങളുടെ കാറിനുള്ളില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്കു തങ്ങള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയെന്ന ഇ മെയില്‍ സന്ദേശം അയച്ചു.

പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഡഗ്ലസ് വിഗ്ഡര്‍ ഇക്കാര്യം യൂബറിന്റെ ഇ മെയില്‍ ലഭിച്ച കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. അതേസമയം, വിവാദത്തിലകടപ്പെട്ട യൂബര്‍ ടാക്സി സര്‍വീസിനു വീണ്ടും തലസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ എന്ത് സുരക്ഷാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ യൂബറിന്റെ ഡ്രെെവറായിരുന്ന ശിവ് കുമാര്‍ യാദവിന്റെ മാനഭംഗക്കേസിലുള്ള വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നതിനായി ഇവര്‍ക്കു വീണ്ടും അനുമതി നല്‍കിയിരിക്കുന്നത്. യൂബറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു മുന്‍പു സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കണമെന്നും ഡ്രെെവര്‍മാരെ നിയമിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പൊതുജനങ്ങള്‍ക്കു ഹാനിയുണ്ടാക്കുന്ന തരത്തിലല്ലെന്ന് ഉറപ്പുവരുത്തണമെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇതു വരെ വ്യക്തമായിട്ടില്ല.


അതേസമയം യൂബര്‍ ടാക്സിക്കു സേവനം പുനരാരംഭിക്കാനുള്ള അനുമതി കൊടുത്തിട്ടില്ലെന്നും കമ്പനി ഇപ്പോഴും കരിമ്പട്ടികയില്‍ തന്നെയാണെന്നുമാണു ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, യൂബറിന്റെ മൊബൈല്‍ ആപ്ളിക്കേഷനില്‍ ഡല്‍ഹിയില്‍ ടാക്സി ലഭ്യമാണെന്നും ബുക്ക് ചെയ്യാമെന്നും കാണിച്ചിട്ടുണ്ട്.

യൂബര്‍ ടാക്സിയുടെ ഡ്രെെവര്‍ 27കാരിയായ യുവതിയെ ഡിസംബര്‍ ഏഴിന് ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ കമ്പനിയുടെ പെര്‍മിറ്റ് റദ്ദാക്കപ്പെട്ടത്. ഡല്‍ഹിയില്‍ ഞങ്ങള്‍ തിരികെ യെത്തി എന്ന് യൂബര്‍ അവകാശപ്പെടുമ്പോഴും പെര്‍മിറ്റില്ലാതെ എങ്ങനെ സര്‍വീസ് നടത്താന്‍ സാധിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

ചട്ടങ്ങളെല്ലാം പാലിച്ചു തന്നെയാണു വീണ്ടും ഡല്‍ഹിയില്‍ തങ്ങള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നാണു യൂബറിന്റെ വിശദീകരണം. ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ പോലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പടെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.