കല്‍ക്കരി: സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കി
കല്‍ക്കരി: സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കി
Wednesday, January 28, 2015 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കല്‍ക്കരി ബ്ളോക്കുകളുടെ കൈമാറ്റ ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണു സിബിഐ പ്രത്യേക വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യവസായി കുമാര്‍ മംഗളം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ് എന്നിവര്‍ക്കെതിരേ എടുത്ത കേസിലാണ് സിബിഐയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍നിന്നു രേഖപ്പെടുത്തിയ മൊഴിയുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ മറികടന്ന് 2005 ല്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.


പ്രതികള്‍ക്കെതിരേ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 27നു ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍ പ്രകാരമാണ് സിബിഐയുടെ നടപടി.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രണ്ടാഴ്ച കൂടി സമയം ആവശ്യമുണ്െടന്നും സിബിഐ വ്യക്തമാക്കി. തുടര്‍ന്ന്, ഇനിയുള്ള അന്വേഷണങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് ഫെബ്രുവരി 19ന് സമര്‍പ്പിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഭരത് പരാശര്‍ സിബിഐയോടു നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.