ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നു സുപ്രീംകോടതി
ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നു സുപ്രീംകോടതി
Thursday, January 29, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ വെബ് സേര്‍ച്ച് എന്‍ജിനുകളായ ഗൂഗിള്‍, യാഹു, മൈക്രോ സോഫ്റ്റ് കമ്പനികളോടു സുപ്രീംകോടതിയുടെ നിര്‍ദേശം. ലിംഗനിര്‍ണയത്തെ സഹായിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും ആഹ്വാനങ്ങളും ഇല്ലെന്ന് സേര്‍ച്ച് എഞ്ചിനുകള്‍ ഉറപ്പ് വരുത്തണമെന്നും ഇന്ത്യയിലെ നിയമങ്ങള്‍ക്കനുസരിച്ച് രാജ്യത്തു പ്രവര്‍ത്തിക്കണമെന്നും ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ലിംഗനിര്‍ണയം മൂലം രാജ്യത്തു പെണ്‍കുട്ടികളുടെ ജനന നിരക്ക് ക്രമാതീതമായി കുറയുന്നതു സംബന്ധിച്ച കേസില്‍ നടത്തിയ ഇടക്കാല ഉത്തരവിലാണു കോടതി നിര്‍ദേശം. സേര്‍ച്ച് എഞ്ചിനുകളില്‍ ലിംഗ നിര്‍ണയം സംബന്ധിച്ച വാക്കുകള്‍ തെരയുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ കടന്നുവരുന്നത് പിസി-പിഎന്‍ഡിറ്റി നിയമം 22-ാം വകുപ്പിന്റെ ലംഘനമാണ്. അവ ഒഴിവാക്കാന്‍ ബന്ധപ്പെട്ട പരസ്യ ദാതാക്കളോടു സേര്‍ച്ച് എഞ്ചിനുകള്‍ നിര്‍ദേശിക്കണം. ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ കൂടി ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രങ്ങളും വര്‍ധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്ന ഫെബ്രുവരി 11ന് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.


എന്നാല്‍, ഇത്തരത്തില്‍ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെയും പരസ്യങ്ങളെയും നിരീക്ഷിക്കാന്‍ നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയെ അറിയിച്ചത്. അതേസമയം, ഉള്ളടക്കത്തില്‍ നിയമവിരുദ്ധമായതുണ്െടന്നു കണ്െടത്തുന്നവയുടെ യുആര്‍എല്‍ (യൂണിഫോം റിസോഴ്സ് ലൊകേറ്റര്‍) തടയാന്‍ സേവന ദാതാക്കളോടു നിര്‍ദേശിക്കാമെന്നും വിവര സാങ്കേതിക മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കി. 1971ല്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍ ഉണ്ടാകുന്നെന്ന ജനന ശരാശരി 2011ല്‍ ആയിരത്തിന് 918 എന്നായി കുറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ഇത് 871 ആണെങ്കില്‍ ഹരിയാനയില്‍ 849 ആണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.