മതപ്രചാരണ സ്വാതന്ത്യ്രം തേടി ഐഎഎസ് ഓഫീസര്‍ കോടതിയിലേക്ക്
മതപ്രചാരണ സ്വാതന്ത്യ്രം തേടി  ഐഎഎസ് ഓഫീസര്‍ കോടതിയിലേക്ക്
Friday, January 30, 2015 11:29 PM IST
ചെന്നൈ: മതപ്രചാരണം നടത്തുന്നതില്‍നിന്ന് തന്നെ വിലക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഐഎഎസ് ഓഫീസര്‍ കോടതിയിലേക്ക്. 1990 ബാച്ച് തമിഴ്നാട് കേഡറിലെ ഐഎഎസ് ഓഫീസറായ സി. ഉമാശങ്കറാണ് ഇഷ്ടപ്പെട്ട മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രം തേടി കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടയാളാണ് ഉമാശങ്കര്‍. ഇവാഞ്ചലിസ്റ് സഭാംഗമായ ഇദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തും ഇപ്പോള്‍ സുവിശേഷപ്രസംഗം നടത്താറുണ്ട്. ഇതാണു സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. മതപ്രചാരണം അവസാനിപ്പിക്കണമെന്നും ഇതു തുടര്‍ന്നാല്‍ സാമുദായികസൌഹാര്‍ദം തകരുമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 24ന് തമിഴ്നാട് ചീഫ് സെക്രട്ടറി കെ.ജ്ഞാനദേശികന്‍ ഉമാശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. സര്‍വീസ്ചട്ടങ്ങള്‍ ലംഘിക്കുന്നതു തുടര്‍ന്നാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് 50കാരനായ ഉമാശങ്കര്‍ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്രസമ്മേളനം നടത്തി സര്‍ക്കാര്‍നടപടിയെ ചോദ്യം ചെയ്യാനും ഉമാശങ്കര്‍ മറന്നില്ല.

ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള തന്റെ മൌലിക അവകാശത്തെ സര്‍വീസ് ചട്ടങ്ങള്‍ക്കു തടയിടാനാവില്ലെന്നാണ് ഉമാശങ്കറിന്റെ വാദം. ഭരണഘടന ഉറപ്പുവരുത്തുന്ന മൌലിക അവകാശങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ക്കും ബാധകമാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ഹൈന്ദവവിശ്വാസിയായിരിക്കെ താന്‍ ക്ഷേത്രങ്ങളില്‍ ആരാധിക്കാനും രഥങ്ങള്‍ വലിക്കുവാനും പോകാറുണ്ടായിരുന്നുവെന്നും അന്ന് ആരും പരാതിയുമായി രംഗത്തുവന്നിരുന്നില്ലെന്നും സംഘ്പരിവാറിന്റെ സമ്മര്‍ദ്ദപ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ തനിക്കെതിരേ രംഗത്തുവരുന്നതെന്നും ഉമാശങ്കര്‍ പറയുന്നു.


തന്റെ സുവിശേഷയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ സൌഖ്യം പ്രാപിക്കുന്നുണ്െടന്നും തന്റെ ശക്തിയല്ല യേശുവിന്റെ ശക്തിയാണ് ഈ അത്ഭുതത്തിനു പിന്നിലെന്നും ഉമാശങ്കര്‍ പറയുന്നു. ആര് എതിര്‍ത്താലും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, തന്റെ വിശ്വാസവും അനുഭവവും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഉമാശങ്കറിന് അവകാശമുണ്െടന്നാണ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ് എസ്ര സര്‍ഗുണം പറയുന്നത്. ഹിന്ദുത്വ സംഘടനകളാണ് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2008ലാണ് ഉമാശങ്കര്‍ ക്രൈസ്തവമതം സ്വീകരിച്ചത്. അന്നുമുതല്‍ അദ്ദേഹം സുവിശേഷയോഗങ്ങളില്‍ പതിവായി പങ്കെടുക്കുന്നുമുണ്ട്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് രണ്ടാഴ്ചമുമ്പ് കന്യാകുമാരി ജില്ലയില്‍വച്ച് ഉമാശങ്കറിന്റെ കാര്‍ ഹൈന്ദവസംഘടനാപ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തിരുന്നു.

ഇ-ഗവേര്‍ണന്‍സില്‍ വിദഗ്ധനായ ഉമാശങ്കര്‍ മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഡിഎംകെ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളായ സൌജന്യ ടെലിവിഷന്‍ വിതരണത്തിനും സര്‍ക്കാരുടമസ്ഥതയില്‍ കേബിള്‍ ടിവി ശൃംഖല തുടങ്ങുന്നതിനും നേതൃത്വം നല്‍കിയത് ഉമാശങ്കറായിരുന്നു. സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ഡിസിപ്ളിനറി പ്രൊസീഡിംഗ്സ് വിഭാഗം കമ്മീഷണറാണ് നിലവില്‍ ഉമാശങ്കര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.