മതേതരം ഒഴിവാക്കല്‍: ശിവസേനയുടെ നിലപാടിനെ തള്ളി വെങ്കയ്യ നായിഡു
മതേതരം ഒഴിവാക്കല്‍: ശിവസേനയുടെ നിലപാടിനെ തള്ളി വെങ്കയ്യ നായിഡു
Friday, January 30, 2015 10:54 PM IST
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആഭിമുഖത്തില്‍നിന്ന് മതേതരം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കുന്നതിനു ചര്‍ച്ചചെയ്യാമെന്ന നിയമമന്ത്രി രവിശങ്കര്‍പ്രസാദിന്റെയും ഈവാക്കുകള്‍ ഒഴിവാക്കണമെന്ന ശിവസേനയുടേയും നിലപാടിനെ കേന്ദ്ര ഭവന വികസനമന്ത്രി എം. വെങ്കയ്യ നായിഡു തള്ളി. മതേതരത്വം മുറുകെപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ വെങ്കയ്യ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം, സോഷ്യലിസം എന്നീവാക്കുകള്‍ നീക്കംചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്ന പ്രശ്നമില്ലെന്നും വ്യക്തമാക്കി.

മതേതര നിലപാട് ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്, അതു സംസ്കാരത്തിന്റെ ഭാഗവുമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തതാണ് വാക്കുകള്‍. അതൊഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന പ്രശ്നമില്ലെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി വ്യക്തമാക്കി.

ശിവസേനയുടെയും നിയമന്ത്രിയുടേയും നിലപാടിനെ എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ വികസനത്തിലേക്കു നയിക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആ നിലപാടിലാണ് ഉറച്ചുനില്‍ക്കേണ്ടതെന്ന് പിഎംകെ അധ്യക്ഷന്‍ എസ്. രാംദോസ് പറഞ്ഞു. ശിവസേനയുടേയും മന്ത്രിയുടേയും ആവശ്യം ഞെട്ടലുണ്ടാക്കുന്നതാണ്. മതേതരം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കിയുള്ള ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതു ബോധപൂര്‍വമാണെന്ന് സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വിവിധ കക്ഷിനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും പ്രശ്നത്തില്‍ ആശങ്ക രേഖപ്പെടുത്തി. വിനാശകരമാണ് ഈ നിലപാടെന്നു ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയും പറഞ്ഞു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തികച്ചും നിര്‍ഭാഗ്യകരമാന്നു പറഞ്ഞ സമാജ്വാദി പാര്‍ട്ടി നേതൃത്വം ഇവ ലോകത്തിനു തെറ്റായ സന്ദേശമാണ് പകര്‍ന്നുനല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.

റിപ്പബ്ളിക്ദിനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം നല്‍കിയ ഒരു പരസ്യത്തില്‍ 1976 നു മുമ്പത്തെ ഭരണഘടനാ വാചകമുള്ള ചിത്രം ഉപയോഗിച്ചതാണ് വിവാദത്തിനു തുടക്കമായത്. മതേതരം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കി ഇന്ത്യ പരമാധികാര, ജനാധിപത്യ റിപ്പബ്ളിക് ആണ് എന്നുമാത്രമാണ് ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.