ജയന്തി പാര്‍ട്ടി വിട്ടത് അമിത് ഷായെ കണ്ടശേഷമെന്ന്
ജയന്തി പാര്‍ട്ടി വിട്ടത് അമിത് ഷായെ കണ്ടശേഷമെന്ന്
Saturday, January 31, 2015 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചതു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ ശീതകാല സമ്മേളന സമയത്താണ് അമിത് ഷായും ജയന്തി നടരാജ നും കൂടിക്കാഴ്ച നടത്തിയതെന്നാണു സൂചനകള്‍.

പുതിയ രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടിയാണു ജയന്തി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരേ ആരോപണമുന്നയിച്ചതെന്നു കോണ്‍ഗ്രസും ആരോപിക്കുന്നു. എന്നാല്‍, ഷായെ കണ്ടിട്ടില്ലെന്നും തത്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നുമാണ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ജയന്തി നടരാജന്‍ പറഞ്ഞത്.

അതേസമയം, പാരിസ്ഥിതിക അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടു നിലവിലുള്ള സിബിഐ അന്വേഷണം തനിക്കെതിരേ നീങ്ങാതിരിക്കാനുള്ള മുന്‍കരുതലാണ് ജയന്തിയുടെ നീക്കമെന്നും വ്യാഖ്യാനം വന്നിട്ടുണ്ട്. ഇരുമ്പയിര് ഖനനം, മറ്റു ഖനന നടപടികള്‍ തുടങ്ങിയവയ്ക്കു പരിസ്ഥിതി അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടു നാലു കേസുകള്‍ സിബിഐ രജിസ്റര്‍ ചെയ്തിട്ടുണ്ട്.


അടിസ്ഥാനപരമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി വളരെ പെട്ടെന്നാണ് ഇവയ്ക്ക് അനുമതി നല്‍കിയെന്നാണു കേസ്. കേസില്‍ ജയന്തി നടരാജനെ ചോദ്യം ചെയ്യാനിടയുണ്െടന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്െടങ്കിലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ബിജെപിയില്‍ ചേക്കേറാന്‍ ജയന്തി നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ എതിര്‍പ്പുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ജയന്തി നടരാജന്റെ വെളിപ്പെടുത്തലുകളെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചു. വന്‍കിട പദ്ധതികള്‍ക്കു പരിസ്ഥിതി അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് വികസന മുരടിപ്പിനു കാരണമായതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.