വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി ഉടന്‍: പരീക്കര്‍
Monday, February 2, 2015 12:34 AM IST
ന്യൂഡല്‍ഹി: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പ്രതിരോധ മന്ത്രാലയം ഇതിന്റെ നടപടികളുമായി അതിവേഗം മുന്നോട്ടുപോകുകയാണെന്നും പദ്ധതിയുടെ അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരി 17ന് ധനകാര്യമന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്നും ഡല്‍ഹി കോട്ടാ ഹൌസില്‍ മന്ത്രിയെ കാണാനെത്തിയ 27 അംഗ വിമുക്തഭടന്‍മാരുടെ സംഘത്തിന് അദ്ദേഹം ഉറപ്പുനല്‍കി.

പദ്ധതി ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടു വിമുക്തഭടന്‍മാരുടെ പ്രകടനം ഡല്‍ഹിയില്‍ നടന്നിരുന്നു. ഇതിനുശേഷമാണു സംഘം മന്ത്രിയെ കാണാനെത്തിയത്. പരീക്കളുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നെന്നു വിമുക്തഭട സംഘത്തിന്റെ ചെയര്‍മാന്‍ റിട്ട.മേജര്‍ ജനറല്‍ സത്ബിര്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അടുത്തുവരുന്ന ബജറ്റില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ ഉള്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തോടു പ്രതിരോധമന്ത്രാലയം നിര്‍ദേശിക്കുമെന്ന് അറിയിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.


20 ലക്ഷത്തിലധികം വരുന്ന വിമുക്തഭടന്‍മാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതി. റിട്ടയര്‍മെന്റ്സമയം കണക്കിലെടുക്കാതെ ഒരേ റാങ്കില്‍ ഒരേ സര്‍വീസ് കാലാവധിയില്‍ വിരമിച്ചവര്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.