ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനം: ഡല്‍ഹിയില്‍ ആഘോഷം ഭക്തിനിര്‍ഭരം
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനം: ഡല്‍ഹിയില്‍ ആഘോഷം ഭക്തിനിര്‍ഭരം
Monday, February 2, 2015 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള കൃതജ്ഞതാര്‍പ്പണമായി ഡല്‍ഹി ഫരീദാബാദ് രൂപത സംഘടിപ്പിച്ച തിരുനാള്‍ ഭക്തിനിര്‍ഭരമായി. വിശുദ്ധ ചാവറയച്ചന്റെ നാമധേയത്തിലുള്ള ഹരിനഗര്‍ ഇടവകയുടെ അടുത്തുള്ള ശ്യാംബാബ സ്റേഡിയത്തില്‍ ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിശ്വാസികളാണു പങ്കെടുത്തത്. ഡല്‍ഹി ഫരീദാബാദ് രൂപതയും സിഎംഐ, സിഎംസി സന്യാസ സമൂഹവും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ തിരുനാളിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.

ഹരിനഗറിലെ ഇടവകയില്‍ നിന്നുള്ള പ്രദക്ഷിണത്തോടെ രാവിലെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വവും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ തോമസ് തുരുത്തിമറ്റം തുടങ്ങിയവര്‍ സഹകാര്‍മികത്വവും വഹിച്ചു.


പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്തു. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, സിഎംസി ജനറാള്‍ സിസ്റര്‍ സാങ്റ്റ, ജസ്റീസ് സിറിയക് ജോസഫ്, ഹരിനഗര്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍ ശ്യാം ശര്‍മ, രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സി.ജെ. ജോസ്, ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചു സിസ്റര്‍ വില്യം രചിച്ച പുസ്തകം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ചടങ്ങില്‍ പ്രകാശനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.