ചരക്കുകൂലി കുത്തനേ കൂട്ടി
ചരക്കുകൂലി കുത്തനേ കൂട്ടി
Friday, February 27, 2015 12:02 AM IST
ന്യൂഡല്‍ഹി: യാത്രക്കൂലി കൂട്ടിയില്ലെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ ചരക്കുകൂലി കുത്തനേ കൂട്ടിക്കൊണ്ടു ജനങ്ങള്‍ക്ക് അധികഭാരം ചുമത്താന്‍ റെയില്‍വേ മന്ത്രി സുരേഷ്പ്രഭു മടിച്ചില്ല.

അടിസ്ഥാന ചരക്കുകൂലി പത്തുശതമാനം വര്‍ധിപ്പിച്ചു. പ്രധാനപ്പെട്ട 12 ഇനം സാധനങ്ങള്‍ക്ക് 0.8 ശതമാനം മുതല്‍ 10 ശതമാനംവരെ നിരക്കു കൂട്ടുകയും ചെയ്തു. പൊതുവിലക്കയറ്റത്തിന് ഇതു കാരണമാകും.

ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും യൂറിയയ്ക്കും ചരക്കുകൂലി 10 ശതമാനമാണു കൂട്ടിയത്. കല്‍ക്കരിക്ക് 6.3 ശതമാനം. സിമന്റിന് 2.7 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും 0.8 ശതമാനമേ വര്‍ധിപ്പിച്ചുള്ളൂ. നിലക്കടല എണ്ണയ്ക്ക് 2.1 ശതമാനമാണു കൂട്ടിയത്. ഇരുമ്പിനും ഉരുക്കിനും 0.8 ശതമാനമേ വര്‍ധനയുള്ളൂ. എന്നാല്‍, പച്ചിരുമ്പിനും ഇരുമ്പ് സ്ക്രാപ്പിനും 3.1 ശതമാനംവീതം കൂട്ടി.


അതേസമയം, ചുണ്ണാമ്പുകല്ലിനും ഡോളമൈറ്റിനും മാംഗനീസിനും ചരക്കുകൂലി 0.3 ശതമാനം കുറച്ചു. ഡീസലിന് ഒരുശതമാനം കുറച്ചിട്ടുണ്ട്. നിരക്കുവര്‍ധന ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.