നിയമന അഴിമതിയെച്ചൊല്ലി ബഹളം: മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു
Friday, February 27, 2015 12:09 AM IST
ഭോപ്പാല്‍: നിയമന അഴിമതിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു ചര്‍ച്ചയൊന്നുമില്ലാതെ ബജറ്റ് പാസാക്കിയശേഷം മധ്യപ്രദേശ് നിയമസഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാം ബോര്‍ഡ് (എംപിപിഇബി) നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ രാം നരേശ് യാദവിനോട് രാജിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിയമസഭയിലും അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ ഭാര്യക്കും അഴിമതിയില്‍ പങ്കുണ്െടന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ബഹളത്തെത്തുടര്‍ന്ന് പലതവണ നിര്‍ത്തിവച്ച നിയമസഭ നിശ്ചയിച്ചതിന് 29 ദിവസം മുമ്പേ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. അതിനുമുമ്പ് 2015-16 വര്‍ഷത്തെ ബജറ്റ് ചര്‍ച്ചകളൊന്നുമില്ലാതെ ശബ്ദവോട്ടോടെ ബിജെപി സര്‍ക്കാര്‍ പാസാക്കുകയും ചെയ്തു.

കഴിഞ്ഞ 18 നാണ് സഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയത്. അന്നുമുതല്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായ സമരപരിപാടികളാണു നടത്തിവരുന്നത്. ഇന്നലെ നിരവധി തവണ നടപടികള്‍ നീട്ടിവച്ചെങ്കിലും ബഹളം ശമിക്കാത്തതിനെത്തുടര്‍ന്ന് സഭ അനിശ്ചിതമായി നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ ഡോ. സീതാശരണ്‍ ശര്‍മ തീരുമാനിക്കുകയായിരുന്നു.


നിയമസഭയുടെ ചരിത്രത്തിലെ കറുത്തദിനമാണിതെന്നും ബജറ്റ് സമ്മേളനത്തെ ഇത്ര ക്രൂരമായ രീതിയില്‍ അവസാനിപ്പിച്ച ചരിത്രം മുമ്പെങ്ങും കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് റാം നിവാസ് റാവത് ചൂണ്ടിക്കാട്ടി. ഇതിനിടെ മുഖ്യമന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്െടന്ന ആരോപണം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് ആവര്‍ത്തിച്ചു.

യോഗ്യതാപരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഭാര്യ സാധനാസിംഗാണ് ശിപാര്‍ശ ചെയ്തത്. സാധനാസിംഗ് അയച്ച എസ്എംഎസ് സന്ദേശങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം പരസ്യമാക്കി. മുഖ്യമന്ത്രി രാജിവയ്ക്കണെന്നും ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.

മധ്യപ്രദേശ് പ്രഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് നടത്തിയ നിയമനങ്ങളില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മയ്ക്കും 129 പേര്‍ക്കുമെതിരെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18നു അന്വേഷണസംഘം എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.