മദര്‍ തെരേസയ്ക്കെതിരായ പരാമര്‍ശം: രാജ്യസഭ സ്തംഭിച്ചു
മദര്‍ തെരേസയ്ക്കെതിരായ പരാമര്‍ശം: രാജ്യസഭ സ്തംഭിച്ചു
Friday, February 27, 2015 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മദര്‍ തെരേസയെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവിയുടെ വിവാദ പരാമര്‍ശത്തെച്ചൊല്ലി ഇന്നലെ രാജ്യസഭ സ്തംഭിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണു പ്രതിപക്ഷം പ്രതിഷേധിച്ചത്.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യാന്‍ സഭ 15 മിനിട്ട് നേരത്തേക്കു നിര്‍ത്തി വെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രയിനാണ് ശൂന്യവേളയില്‍ വിഷയമുന്നയിച്ചത്. മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തിയെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭാരത രത്ന പുരസ്കാരം നേടിയ 43 പേരെയും അപമാനിക്കുന്നതിനു തുല്യമാണ്. ഒരു ഹിന്ദുവിനെ നല്ല ഹിന്ദുവായും മുസ്ലിമിനെ നല്ല മുസ്ലിമായും ക്രിസ്ത്യാനിയെ നല്ല ക്രിസ്ത്യാനിയായും പരിവര്‍ത്തനം ചെയ്യുമെന്നാണു മദര്‍ തെരേസ തന്നെ പറഞ്ഞിട്ടുള്ളത്. ഭഗവദ്ഗീതയില്‍ നിന്നാണു കൂടുതല്‍ പഠിക്കാനുള്ളതെന്നും ഭാഗവതില്‍നിന്നല്ലെന്നും ഡെറിക് ഒബ്രിയന്‍ പറഞ്ഞു.

ഇതിനെ ഖണ്ഡിച്ചു കൊണ്ടു ബിജെപിയിലെ വിനയ് കത്യാര്‍ രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷ ബഹളം രൂക്ഷമായത്. സിപിഎമ്മിലെ പി. രാജീവ് ഭാഗവതിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു തുടങ്ങിയവരെ വ്യക്തിഹത്യ ചെയ്യാന്‍ തുനിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മദര്‍ തെരേസയ്ക്കെതിരെയും തിരിഞ്ഞിരിക്കുകയാണെന്നും ഇതു രാജ്യത്ത് വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണെന്നും പി. രാജീവ് എംപി കുറ്റപ്പെടുത്തി. ബിജെപി എംപിമാരുടെ ന്യായീകരണങ്ങള്‍ക്കെതിരേ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ശക്തമായ ആരോപണങ്ങളുമായി വിമര്‍ശിച്ചു.


സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചു പിടിക്കാന്‍ വേണ്ടിയാണ് ഇത്തരം വിവാദ പരാമര്‍ശങ്ങളുടെ മേല്‍ മൌനം പാലിക്കുന്നതെന്നു സമാജ് വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ പറഞ്ഞു. ലവ് ജിഹാദ്, ഘര്‍വാപസി തുടങ്ങിയ പലതും ഉയര്‍ത്തിപ്പിടിച്ചിട്ടും ബിജെപി തിരിച്ചടി നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, മദര്‍ തെരേസയുടെ സേവനങ്ങളില്‍ ഒരു തരത്തിലുള്ള സംശയങ്ങളുമില്ലെന്നും രാജ്യം മദര്‍ തെരേസയെ ബഹുമാനിക്കുന്നുവെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി മന്ത്രി മുക്താര്‍ അബാസ് നഖ്വി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.