നൈപുണ്യ വികസനവും തൊഴിലും വെല്ലുവിളികള്‍: സാമ്പത്തിക സര്‍വേ
നൈപുണ്യ വികസനവും തൊഴിലും വെല്ലുവിളികള്‍: സാമ്പത്തിക സര്‍വേ
Saturday, February 28, 2015 12:22 AM IST
ന്യൂഡല്‍ഹി: നൈപുണ്യങ്ങള്‍ വികസിപ്പിക്കാനും അവ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഇരട്ട വെല്ലുവിളിയാണ് രാജ്യത്തിനുള്ളതെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പറയുന്നു. 2014ലെ ലേബര്‍ ബ്യൂ റോ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ വിദഗ്ധ തൊഴില്‍സേന രണ്ട് ശതമാനം മാത്രമാണ്. ഇതു വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുച്ഛമാണ്. 15 വയസ് പ്രായമുള്ളവരില്‍ നൈപുണ്യങ്ങള്‍ ലഭിച്ചവരോ ലഭിച്ചുകൊണ്ടിരിക്കുന്നവരോ 6.8 ശതമാനം മാത്രമാണ്.

ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം 2013-14 കാലഘട്ടത്തില്‍ കാര്‍ഷികേതര മേഖലയില്‍ 120 ദശലക്ഷം വിദഗ്ധ തൊഴിലാളികള്‍ ആവശ്യമായിരുന്നു. ഔദ്യോഗിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവം, ഗുണമേന്മയുടെ കുറവ്, ഹൈസ്കൂളുകളിലെ കൊഴിഞ്ഞുപോകല്‍ നിരക്ക്, അപര്യാപ്തമായ നൈപുണ്യ പരിശീലന ശേഷി, നൈപുണ്യത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാട്, പ്രഫഷണല്‍ കോഴ്സുകളിലെ വിദ്യാര്‍ഥികളില്‍ പോലുമുള്ള വ്യവസായാധിഷ്ഠിത വൈദഗ്ധ്യത്തിന്റെ അഭാവം എന്നിങ്ങനെ ഇന്ത്യന്‍ തൊഴില്‍സേനയുടെ കുറഞ്ഞ നൈപുണ്യ ശേഷിയുടെ കാരണങ്ങള്‍ പലതാണ്. ഗ്രാമീണ മേഖലകളിലെ പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയിലെ കുറഞ്ഞു വരുന്ന തൊഴില്‍ നിരക്കിലും സര്‍വേ ആശങ്ക രേഖപ്പെടുത്തി. തൊഴില്‍ ദാനത്തില്‍ നിര്‍മാണ മേഖലയുടെ ശുഷ്കിച്ച പങ്കാണ് ഇന്ത്യയിലെ തൊഴില്‍ ഉത്പാദനത്തിന്റെ വേഗത്തെ ബാധിക്കുന്ന പ്രധാന ഘടകമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പരിഷ്കാരങ്ങള്‍ക്ക് അനുകൂലമായ ജനവിധി

സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും അനുകൂലമായ സാഹചര്യ സൃഷ്ടിക്കും വ്യക്തമായ ജനവിധി ലഭിച്ചതായി സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു. ഇരട്ട അക്കത്തിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നു സര്‍വേ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രയാസത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കമ്മിയുടെയും ഉത്പാദന മുരടിപ്പിന്റെയും രൂപയുടെ മൂല്യത്തിലുള്ള ചാഞ്ചാട്ടത്തിന്റെയും കാലം കഴിഞ്ഞതായി സര്‍വേ പറയുന്നു.

വിപണിവിലയുടെ അടിസ്ഥാനത്തില്‍ വളര്‍ച്ച 2015-16-ല്‍ 8.1 ശതമാനം മുതല്‍ 8.5 ശതമാനമായി കണക്കാക്കുന്നു. 2012-13-ല്‍ ജിഡിപിയിലെ വളര്‍ച്ച 5.1 ശതമാനമായിരുന്നത് 2013-14-ല്‍ 6.7 ശതമാനമായി വര്‍ധിച്ചു. 2014-15-ല്‍ 7.4 ശതമാനമായിരിക്കുമെന്നും കണക്കാക്കുന്നു.

നിരവധി പരിഷ്കാര നടപടികള്‍ സ്വീകരിച്ചതിനാല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കിനു പ്രതീക്ഷയ്ക്ക് വകയുണ്ട്. കൂടുതല്‍ പരിഷ്കാര നടപടികള്‍ പുറകെ വരുന്നതാണ്. ഡീസല്‍ വില നിയന്ത്രണം നീക്കിയതും ഊര്‍ജ ഉത്പന്നങ്ങള്‍ നികുതിക്കു വിധേയമാക്കിയതും പാചകവാതക സബ്സിഡി നേരിട്ട് ഉപഭോക്താക്കള്‍ക്കു നല്‍കിയതും കല്‍ക്കരി ലേലത്തിനു സുതാര്യത ഉറപ്പാക്കിയതും പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിച്ചതും സാമ്പത്തികസര്‍വേയില്‍ എടുത്തുപറയുന്നു.

പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ സ്വീകരിച്ചതു റവന്യൂ വരുമാനം പങ്കുവയ്ക്കുന്നതില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. 2013 അവസാനം മുതല്‍ പണപ്പെരുപ്പം ആറു ശതമാനം കണ്ടു കുറഞ്ഞതും 2012-2013-ലെ മൂന്നാം പാദത്തില്‍ കറന്റ് അക്കൌണ്ട് കമ്മി ജിഡിപിയുടെ 6.7 ശതമാനമായിരുന്നതു കുറഞ്ഞു വരുന്ന സാമ്പത്തികവര്‍ഷം ഒരു ശതമാനത്തിലെത്തുന്നതും ഇന്ത്യയെ നിക്ഷേപസൌഹൃദ രാഷ്ട്രമാക്കിത്തീര്‍ക്കും.

മണ്‍സൂണ്‍ അനുകൂലമാണെങ്കില്‍ നടപ്പുവര്‍ഷം വളര്‍ച്ച എട്ടു ശതമാനമാകുമെന്ന പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മണ്‍സൂണ്‍ സാധാരണമായിരിക്കുമെന്നു പ്രവചിക്കപ്പെടുന്നു. എന്നിരുന്നാലും അടിസ്ഥാന വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വളര്‍ച്ച 2013-14-ല്‍ 2014-15-ല്‍ 1.1 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ. മഴയുടെ ഏറ്റക്കുറച്ചിലാണ് ഇതിനു കാരണം.

ആഭ്യന്തരമായ ഡിമാന്റാണ് 2014-15-ല്‍ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോയത്. ഈ കാലയളവില്‍ പുറത്തുനിന്നുള്ള പിന്തുണ കാര്യമായി ഉണ്ടായില്ല. കയറ്റുമതിയിലെ വളര്‍ച്ച 0.9 ശതമാനവും ഇറക്കുമതിയിലെ വളര്‍ച്ച ഏതാണ്ട് (-) 0.5 ശതമാനവുമായിരിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇറക്കുമതി കുറഞ്ഞതിനു കാരണം അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതാണ്.

ആഭ്യന്തര മൊത്ത സമ്പാദ്യത്തിന്റെ വളര്‍ച്ചാനിരക്ക് 2011-12-ല്‍ ജിഡിപിയുടെ 33.9 ശതമാനത്തില്‍ നിന്ന് 2013-14-ല്‍ 30.6 ശതമാനമായി കുറഞ്ഞു. കുടുംബങ്ങളുടെ സമ്പാദ്യനിരക്കില്‍ ഗണ്യമായ കുറവുണ്ടായതാണ് കാരണം. നിക്ഷേപനിരക്കിലും ഇടിവുണ്ടായി. 2011-12-ല്‍ ജിഡിപിയുടെ 38.2 ശതമാനമായിരുന്ന നിക്ഷേപനിരക്ക് 2013-14-ല്‍ 32.3 ശതമാനമായി കുറഞ്ഞു.

ദീര്‍ഘകാല വളര്‍ച്ചയുടെ ചാലകശക്തിയായി സ്വകാര്യനിക്ഷേപം നില്‍ക്കുന്നതാണ്. എന്നാല്‍, പൊതുമേഖലയിലെ നിക്ഷേപം ഇടക്കാലത്തു വളര്‍ച്ചയില്‍ ഒരു പ്രമുഖ പങ്ക് തുടര്‍ന്നും വഹിക്കും.

നിക്ഷേപത്തിനുള്ള സാമ്പത്തിക സഹായമെന്ന നിലയില്‍ ഗവണ്‍മെന്റുകള്‍ കടമെടുക്കാവുന്നതാണെന്ന സാമ്പത്തികനയത്തിലെ സുവര്‍ണ നിയമം സാമ്പത്തിക സര്‍വേ ഓര്‍മിപ്പിക്കുന്നു. സാമ്പത്തിക കമ്മി മൂന്നു ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സര്‍വേ ഗവണ്‍മെന്റിനോടു നിര്‍ദേശിക്കുന്നു.

ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം. നൈപുണ്യ വികസനം, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ഇത്തരുണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു ദേശീയ വിപണി സൃഷ്ടിക്കത്തക്കവിധം ചില പ്രത്യേക കാര്‍ഷികോത്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ഭരണഘടനാ വ്യവസ്ഥ ഉണ്ടാക്കണം.

ഗവണ്‍മെന്റിന്റെ സഹകരണ ഫെഡറല്‍ സംവിധാനം, മത്സരക്ഷമതയുള്ള ഫെഡറലിസം എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിതി ആയോഗിന്റെ രൂപീകരണം, ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളുടെ അംഗീകാരം എന്നിവ സഹായിക്കും.

ഭക്ഷ്യസബ്സിഡി: ചെലവഴിച്ചത് 107823.75 കോടി രൂപ

2014-15 സാമ്പത്തിക വര്‍ഷത്തില്‍ (2015 ജനുവരി 9 വരെ) ഭക്ഷ്യ സബ്സിഡിക്കായി 107823.75 കോടി രൂപ ചെലവഴിച്ചു. 2013-14 കാലയളവില്‍ ചെലവഴിച്ചതിനേക്കാള്‍ 20.15% അധികമാണിത്. 87740 കോടി രൂപയാണ് 2013-14 കാലയളവില്‍ ഭക്ഷ്യസബ്സിഡിയിനത്തില്‍ ചെലവഴിച്ചത്.

കൃഷി, ഭക്ഷ്യ മേഖലകളില്‍ ഗവേഷണം, അധ്യാപനം, ജലസേചനം, വളപ്രയോഗം, ലബോറട്ടറികള്‍ എന്നിവയ്ക്കായി വന്‍നിക്ഷേപം ആവശ്യമാണ്. സബ്സിഡികള്‍ നിയന്ത്രിക്കുകയും ഗുണഭോക്താക്കളിലേക്കു പദ്ധതികളുടെ പ്രയോജനങ്ങളെത്താന്‍ ശ്രമിക്കുകയും വേണം. കാര്‍ഷിക മേഖലയില്‍ ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുകയില്‍ ഭൂരിപക്ഷവും സബ്സിഡിയിനത്തിലാണ്. ഉത്പാദനം വര്‍ധിപ്പിക്കാനായി ഈ തുക വിനിയോഗിക്കേണ്ടതുണ്ട്.

സബ്സിഡികളും ജാം നമ്പര്‍ ത്രയവും

ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വില സബ്സിഡികള്‍ സഹായിച്ചിട്ടില്ല. എന്നാല്‍, വിലകളുടെ ഏറ്റക്കുറച്ചിലുകളും പണപ്പെരുപ്പവും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ വില സബ്സിഡി പാവപ്പെട്ടവരെ സഹായിച്ചു. സബ്സിഡികള്‍ ദാരിദ്യ്ര ലഘൂകരണത്തിനു ഗവണ്‍മെന്റിന്റെ പക്കലുള്ള ഒരു നല്ല ആയുധമായി കണക്കാക്കാനാവില്ല.

പാവപ്പെട്ടവര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും സഹായം എത്തിക്കണമോ എന്നതിലല്ല മറിച്ച് എങ്ങനെ ഫലപ്രദമായി എത്തിക്കാം എന്നതിലാണു തര്‍ക്കം. കുടിവെള്ളം, വൈദ്യുതി, വളം, പാചകവാതകം, റെയില്‍വേ, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, അരി, ഗോതമ്പ് എന്നിവയുള്‍പ്പെടെ വലിയൊരു വിഭാഗം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗവണ്‍മെന്റ് സബ്സിഡി നല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് ഇത് ലഭ്യമാകണം എന്ന ഉദ്ദേശ്യത്തോടെയാണിത്.

ഈ സബ്സിഡികള്‍ വഴി നേരിട്ടുള്ള ഏകദേശ ചെലവ് 3,78,000 കോടി രൂപ അഥവാ 2011-12-ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.2 ശതമാനം വരും.

ഈ സബ്സിഡികള്‍ യഥാര്‍ഥത്തില്‍ പാവപ്പെട്ടവര്‍ക്കു ലഭിക്കുന്നുണ്േടാ? നിര്‍ഭാഗ്യവശാല്‍ സബ്സിഡികള്‍ ചിലപ്പോഴെങ്കിലും ചോര്‍ന്നുപോകാറുണ്ട്. ഉദാഹരണത്തിന് വൈദ്യുതി സബ്സിഡിയുടെ പ്രയോജനം വൈദ്യുതീകരിക്കപ്പെട്ട വീടുകള്‍ക്കു മാത്രമാണ്. മണ്ണെണ്ണയുടെ കാര്യത്തില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ നല്‍കുന്ന മണ്ണെണ്ണയുടെ 41 ശതമാനവും ചോര്‍ന്നുപോകുന്നു. അവശേഷിക്കുന്ന 59 ശതമാനത്തില്‍ 46 ശതമാനം മാത്രമാണു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്.


ജാം നമ്പര്‍ ത്രയം - ജന്‍ധന്‍ യോജന, ആധാര്‍, മൊബൈല്‍ എന്നിവ വഴി സംസ്ഥാനങ്ങള്‍ക്കു സാമ്പത്തിക ആനുകൂല്യങ്ങളിലെ ചോര്‍ച്ച ഒഴിവാക്കി പാവപ്പെട്ടവര്‍ക്കു ലഭ്യമാക്കാനാകും.

ഭക്ഷ്യധാന്യ ഉല്‍പ്പാദനം 257.07 ദശലക്ഷം ടണ്‍

2014-15-ലെ രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പ്പാദനം 257.07 ദശലക്ഷം ടണ്ണായിരിക്കും. രാജ്യത്തെ വാര്‍ഷിക ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ നാലാമത്തെ ഉയര്‍ന്ന നിരക്കാണിത്. മണ്‍സൂണ്‍ മഴയില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ഉല്‍പ്പാദനനഷ്ടം മുന്‍വര്‍ഷത്തെക്കാള്‍ മൂന്നു ശതമാനം അധികത്തില്‍ നിജപ്പെടുത്താന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി ഉല്‍പ്പാദനത്തേക്കാള്‍ 8.15 ദശലക്ഷം ടണ്‍ കൂടുതലാണ് 2014-15-ലെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം.

2013-14 കാലയളവില്‍ സംസ്ഥാനങ്ങളില്‍ പഞ്ചാബാണ് ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിച്ചത്. ഹെക്ടര്‍ ഒന്നിന് പഞ്ചാബ് 3952 കിലോഗ്രാം അരിയും 5017 കിലോഗ്രാം ഗോതമ്പും ഉല്‍പ്പാദിപ്പിച്ചു. നിലക്കടല ഉല്‍പ്പാദനത്തില്‍ ഗുജറാത്ത് പരമാവധി ഉല്‍പ്പാദനക്ഷമത കൈവരിച്ചു. ഹെക്ടര്‍ ഒന്നിന് 2668 കിലോഗ്രാം.

കാര്‍ഷിക മേഖലയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിളവ് മെച്ചപ്പെടുത്തുന്നതോടൊപ്പം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവണം ഈ രംഗത്ത് കൈക്കൊള്ളേണ്ട തന്ത്രം.

100,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും

2022-ഓടെ 100,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷം കൊണ്ട് പാരമ്പര്യേതര ഊര്‍ജമേഖലയില്‍ 16000 കോടി സോളാര്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ശുദ്ധ ഊര്‍ജ നിധിയിലേക്ക് 17,000 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. ശുദ്ധ ഊര്‍ജ സെസ് ഏര്‍പ്പെടുത്തിയാണ് ഇതെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇക്കൊല്ലം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടുതല്‍ ഉടമ്പടികള്‍ ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര കണ്‍വന്‍ഷന്‍ തീരുമാനങ്ങളുടെ ചുവടുപിടിച്ചാണു നടപടികള്‍ സ്വീകരിച്ചുവരുന്നത്. 16,511.43 കോടി രൂപയുടെ 46 ശുദ്ധ ഊര്‍ജ പദ്ധതികള്‍ക്ക് ഈ നിധിയില്‍ നിന്നു സഹായം നല്‍കും. കൃഷി, ജലസംരക്ഷണം, ഫോറസ്ട്രി മേഖലകളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് രൂപീകരിച്ചു. ഒരു തുടക്കമെന്ന നിലയില്‍ ഈ നിധിയിലേക്ക് 100 കോടി രൂപ അനുവദിച്ചു.

ഇക്കൊല്ലം ഡിസംബറില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആഗോള ഉടമ്പടി ഒപ്പുവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ ഉടമ്പടി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുമെന്നാണ് പ്രതീക്ഷ. ദാരിദ്യ്ര നിര്‍മാര്‍ജനത്തിലേക്ക് നയിക്കുന്നതോടൊപ്പം സുസ്ഥിര വികസനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും ഉടമ്പടി ഉപകരിക്കും.

സേവനമേഖലയില്‍ 10.6 ശതമാനം വളര്‍ച്ച

ഇന്ത്യയുടെ സേവന മേഖല നടപ്പുസാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ മൂല്യനിര്‍ണയമനുസരിച്ച് 10.6 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. 2013-ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 72.4 ശതമാനവും സംഭാവന ചെയ്ത ഇന്ത്യയുടെ സേവന മേഖല ചൈന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും പെട്ടെന്ന് വളരുന്ന സേവനമേഖലയാണ്. ഇന്ത്യയുടെ മൂല്യവര്‍ധിത വളര്‍ച്ചയുടെ പകുതിയും സേവനമേഖലയില്‍ നിന്നാണ്. 59.6 ശതമാനമാണ് സേവനമേഖലയുടെ ഇതിലേക്കുള്ള സംഭാവന.

സാമ്പത്തിക, റിയല്‍ എസ്റേറ്റ്, പ്രഫഷണല്‍ സര്‍വീസസ്, പബ്ളിക് അഡ്മിനിസ്ട്രേഷന്‍, പ്രതിരോധം എന്നീ മേഖലകളുടെ മികച്ച പ്രകടനമാണു സേവനമേഖലയുടെ വളര്‍ച്ചയ്ക്കു ശക്തി പകര്‍ന്നത്. 2014-15 കാലയളവില്‍ സേവനമേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 105.8 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്.

വനിതാ സാക്ഷരതാ നിരക്കില്‍ വര്‍ധ
2011-ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ വനിതാ സാക്ഷരതാ നിരക്കില്‍ 10.9 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 64.6 ശതമാനമാണ് വനിതാ സാക്ഷരതാ നിരക്ക്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 80.9 ശതമാനമാണെങ്കിലും മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 5.6 ശതമാനം വളര്‍ച്ചാനിരക്കേ രേഖപ്പെടുത്തിയിട്ടുള്ളൂ.

ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര നിലവാരത്തെ അപേക്ഷിച്ച് കുറവാണ്. 15 വയസ് പ്രായമുള്ള വിദ്യാര്‍ഥികളുടെ അറിവും നൈപുണ്യവും പരിശോധിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി വിശകലന പദ്ധതിയില്‍ തമിഴ്നാടും ഹിമാചല്‍ പ്രദേശും മാത്രമാണു മുന്നിട്ടുനില്‍ക്കുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ “പഠേ ഭാരത് ബഠേ ഭാരത്’ പദ്ധതി തദ്ദേശഭരണകൂടങ്ങള്‍ താത്പര്യമെടുത്താല്‍ വിജയകരമായി നടപ്പിലാക്കാം.

15-നും 18-നും ഇടയ്ക്കു പ്രായമുള്ള 100 ദശലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. ശരിയായ തൊഴില്‍ നൈപുണ്യമില്ലാത്തതുകാരണം വിവിധ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കാനാവാതെ ഇവര്‍ വിഷമിക്കുകയാണ്.

ടെക്നോളജി സ്റാര്‍ട്ട് അപ്പുകളില്‍ വന്‍ വളര്‍ച്ച

ഇന്ത്യയുടെ സേവനമേഖലയിലെ കയറ്റുമതിക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയത് വിവരസാങ്കേതിക വിദ്യ (ഐടി), ഐടി അനുബന്ധ മേഖലയാണ്. ബിസിനസ് പ്രോസസ് മാനേജ്മെന്റ് അടങ്ങുന്ന ഐടി, ഐടി അനുബന്ധ വ്യവസായങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. 35 ലക്ഷം പേരാണ് ഈ വ്യവസായങ്ങളില്‍ ജോലി നോക്കുന്നത്. ഈ മേഖലയുടെ വരുമാനം 2014-15ല്‍ 12 ശതമാനം വര്‍ധിച്ചതായി നാസ്കോം കണക്കുകള്‍ പറയുന്നു.

ടെക്നോളജി സ്റാര്‍ട്ട് അപ്പുകളുടെയും സോഫ്ട്വെയര്‍ ഉത്പന്നങ്ങളുടെയും രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനാണു പോയവര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചത്. 3,100 ല്‍ അധികം സ്റാര്‍ട്ട് അപ്പുകളുമായി ലോകത്തെ നാലാമത്തെ ഏറ്റവും വലിയ സ്റാര്‍ട്ട് അപ്പ് ഹബ്ബാണ് ഇന്ന് ഇന്ത്യ. 2015-16 വര്‍ഷം സോഫ്ട്വെയര്‍ ഉത്പന്ന സേവന വരുമാനം 12 ശതമാനത്തിനും 14 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച രേഖപ്പെടുത്തും.

ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവില്‍ 7.1 ശതമാനവും അതു വഴിയുള്ള വിദേശനാണ്യ ശേഖരത്തില്‍ 6.6 ശതമാനം വര്‍ധനയും 2014 ല്‍ ഉണ്ടായി. എന്നിരുന്നാലും ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം ആഗോള ടൂറിസത്തിന്റെ 0.6 ശതമാനം മാത്രമാണ്. ഫ്രാന്‍സിന്റേത് 7.8 ശതമാനവും അമേരിക്കയുടേത് 6.4 ശതമാനവുമാണ്. ഇന്ത്യയുടെ പഴക്കം ചെന്ന കപ്പല്‍ വ്യൂഹങ്ങള്‍ അടിയന്തരമായി പരിഷ്കരിക്കേണ്ടതുണ്ട്. റിയല്‍ എസ്റേറ്റ് ഭവന മേഖലയുടെ വളര്‍ച്ച 2012-13 ലെ 7.6 ശതമാനത്തില്‍ നിന്ന് 2013-14 ല്‍ 6 ശതമാനമായി കുറഞ്ഞു. സിനിമ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതോടെ ഇന്ത്യ രാജ്യാന്തര സ്റുഡിയോകളുടെ ഇഷ്ട സങ്കേതമായി മാറുകയാണ്.

സാമ്പത്തിക ഫെഡറലിസം നടപ്പാക്കും

പതിനാലാം ധനകാര്യ കമ്മീഷന്‍ വഴി ലഭിക്കുന്ന നികുതി വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കു നേട്ടമുണ്ടാകും. കമ്മീഷന്റെ ശിപാര്‍ശകള്‍ സഹകരണാത്മക, മത്സരാധിഷ്ഠിത ഫെഡറലിസം നടപ്പാക്കും.

ജനറല്‍ വിഭാഗം സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക വിഭാഗത്തില്‍ ജമ്മു കാഷ്മീര്‍, ഹിമാചല്‍ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കുമാണ് ഏറ്റവുമധികം നേട്ടമുണ്ടാകുക. കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളുടെ ചെലവഴിക്കല്‍ ശേഷി വര്‍ധിപ്പിക്കും. കുറഞ്ഞ ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങള്‍ക്ക് ശരാശരി ആളോഹരിയില്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.