സംസ്ഥാനത്ത് 640 കോടിയുടെ റേഷന്‍ ചോര്‍ന്നു
Saturday, February 28, 2015 12:14 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: സംസ്ഥാനത്തു വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 111 കോടി രൂപയുടെ റേഷന്‍ സാധനങ്ങള്‍ ചോര്‍ന്നു. മണ്ണെണ്ണ, ഭക്ഷ്യവിഭവങ്ങളടക്കം 640 കോടി രൂപയുടെ സാധനങ്ങളാണ് ചോര്‍ന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി വച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന് അനുവദിച്ച 1,20,192 കിലോ ലിറ്റര്‍ മണ്ണെണ്ണയില്‍ 34 ശതമാനവും ചോര്‍ന്നു. എന്നാല്‍, ദേശീയ തലത്തില്‍ ചോര്‍ച്ച 41 ശതമാനമാണ്. 10,044 കോടി രൂപയുടെ മണ്ണെണ്ണയാണ് ഇതിലൂടെ നഷ്ടം.

മണ്ണെണ്ണയ്ക്കു പുറമേ കേരളത്തിനു കേന്ദ്രത്തില്‍നിന്നനുവദിച്ച 1,155,661 ടണ്‍ അരിയില്‍ 2,32,861 ടണ്‍ അരിയും ചോര്‍ന്നു. ഇതിന് 377 കോടി രൂപ വരും. 20 ശതമാനമാണ് അരിയുടെ ചോര്‍ച്ച. 273,146 ടണ്‍ ഗോതമ്പ് കേരളത്തിന് അനുവദിച്ചതില്‍ 12146 ടണ്‍ ചോര്‍ന്നുപോയി. ഇതിന് 152 കോടി രൂപ വരും. അനുവദിച്ച ഗോതമ്പില്‍ 45 ശതമാനവും ചോര്‍ന്നു പോയെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍ റേഷന്‍ ഗോതമ്പിന്റെ ചോര്‍ച്ച 54 ശതമാനമാണ്. 12,598 കോടിയുടെ 10,184,070 ടണ്‍ ഗോതമ്പാണു ദേശീയ തലത്തില്‍ ചോര്‍ന്നത്. 48 ശതമാനം റേഷന്‍ പഞ്ചസാരയും ചോര്‍ന്നുപോകുകയാണെന്നും ബാക്കിയുള്ള പഞ്ചസാരയുടെ വലിയൊരു ഭാഗവും മധ്യവര്‍ഗമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചോര്‍ച്ച തടയാന്‍ സാധിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്കുള്ള മണ്ണെണ്ണ വിഹിതം 41 ശതമാനം കുറച്ചാലും കുഴപ്പമില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ചോര്‍ന്നുപോയ സാമഗ്രികള്‍ കരിഞ്ചന്തയില്‍ എത്തിയിരിക്കാന്‍ ഇടയുണ്െടന്നും വ്യക്തമാക്കുന്നു. സാമ്പത്തിക സര്‍വേയുടെ ഒന്നാം വാല്യത്തില്‍ 60, 61, 62 പേജുകളിലായാണു കേരളത്തില്‍നിന്നു ചോര്‍ന്ന റേഷന്‍ സാമഗ്രികളുടെ കണക്ക് നിരത്തിയിരിക്കുന്നത്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ കണക്കനുസരിച്ചു കേരളത്തിന് ആവശ്യമായതിനേക്കാള്‍ 40597 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികം ലഭിക്കുന്നുണ്ട്. ദരിദ്ര-പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, റെയില്‍വേ, എല്‍പിജി, നാഫ്ത, ഇരുമ്പയിര്, വളം, വൈദ്യുതി, ജലം എന്നിവയ്ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നല്‍കുന്നുണ്െടന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 37,8000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മാത്രം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ദരിദ്രര്‍ക്കും അര്‍ഹരായവര്‍ക്കും ഗുണം ചെയ്തിട്ടില്ല. വന്‍തോതിലുള്ള ചോര്‍ച്ചയാണ് എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്നതതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമേ താഴേത്തട്ടിലുള്ള 80 ശതമാനം ജനങ്ങളില്‍ കേവലം 28 ശതമാനം മാത്രമാണു റെയില്‍വേയുടെ സേവനം ഉപയോഗിച്ചതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. താഴേത്തട്ടിലുള്ള 50 ശതമാനം കുടുംബങ്ങള്‍ ആകെ ഉപയോഗിച്ചതു സബ്സിഡിയോടെയുള്ള മൊത്തം എല്‍പിജിയുടെ 25 ശതമാനം മാത്രമാണ്. ദരിദ്രര്‍ക്കു പത്തു രൂപയുടെ ആനുകൂല്യം ലഭിക്കുമ്പോള്‍ സമ്പന്നര്‍ക്ക് 80 രൂപ ലഭിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.


മണ്ണെണ്ണയുടെ 51 ശതമാനവും ഉപയോഗിക്കുന്നതു ദരിദ്രരല്ല. ഇതില്‍ത്തന്നെ 15 ശതമാനം മണ്ണെണ്ണയുടെ ഉപയോക്താക്കളും സമ്പന്ന വിഭാഗത്തില്‍ പെടുന്നവരാണ്. കര്‍ഷകരുള്‍പ്പെടെയുള്ള താഴേത്തട്ടിലുള്ളവര്‍ക്കു വളം, വൈദ്യുതി സബ്സിഡി എന്നിവ ലഭിക്കുന്നില്ല. വെള്ളത്തിന്റെ സബ്സിഡിയുടെ 60 ശതമാനവും സ്വകാര്യ ഉപഭോക്താക്കള്‍ക്കാണു ലഭിക്കുന്നത്.

സബ്സിഡി അര്‍ഹരായവര്‍ക്കു ലഭിക്കുന്നില്ലെന്നു നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ദരിദ്രര്‍ക്കു മാത്രം സബ്സിഡി നല്‍കിയാല്‍ മതിയാവുമെന്നാണു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലൂടെ നിരീക്ഷിക്കുന്നത്. സബ്സിഡികള്‍ നേരിട്ടു പണമായി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.