ബജറ്റ് ഒറ്റനോട്ടത്തില്‍
Sunday, March 1, 2015 12:43 AM IST
കാര്‍ഷികവായ്പ 8.5 ലക്ഷം കോടി

ചെറുകിട, പാര്‍ശ്വവല്‍കൃത കര്‍ഷകരെ പ്രത്യേകം ലക്ഷ്യമിട്ട് ഫലപ്രദവും പ്രശ്നരഹിതവുമായ കാര്‍ഷിക വായ്പകള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

2015-16 ല്‍ കാര്‍ഷിക വായ്പകള്‍ക്കായി 8.5 ലക്ഷം കോടി രൂപ നീക്കിവച്ചു. നബാര്‍ഡില്‍, ഗ്രാമീണ അടിസ്ഥാന സൌകര്യ വികസന നിധിക്കുവേണ്ടി 25,000 കോടി രൂപ നീക്കിവയ്ക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. ദീര്‍ഘകാല ഗ്രാമീണ വായ്പാ നിധിക്കായി 15,000 കോടിയും ഹ്രസ്വകാല സഹകരണ ഗ്രാമീണ പുനര്‍ വായ്പാ നിധിക്ക് 45,000 കോടിയും ഹ്രസ്വകാല ആര്‍ആര്‍ബി പുനര്‍ വായ്പാ നിധിക്ക് 15,000 കോടിയും നീക്കിവയ്ക്കും.


സാംസ്കാരിക പൈതൃക കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ പുനഃസ്ഥാപിക്കും

ഇന്ത്യയുടെ 25 ലോകപൈതൃക ഇടങ്ങളിലെ സൌകര്യങ്ങള്‍ അപര്യാപ്തമാണെന്നും അവ പുനഃസ്ഥാപിക്കേണ്ടതുണ്െടന്നും ധനമന്ത്രി പറഞ്ഞു. ഇവയുടെ പ്രകൃതിഭംഗി നിലനിര്‍ത്തി, ഇവിടങ്ങളില്‍ ദിശാസൂചികകള്‍, സഹായകേന്ദ്രങ്ങള്‍, വാഹന പാര്‍ക്കിംഗ് സൌകര്യം, അംഗപരിമിതര്‍ക്ക് ആവശ്യമായ സഹായം, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ടാക്കണം.

ഇത്തരത്തില്‍ വികസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ചുവടെ:

1. പുരാതന ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും
2. കര്‍ണാടകത്തിലെ ഹമ്പി
3. രാജസ്ഥാനിലെ കുംഭാള്‍ഗാസും മറ്റു കോട്ടകളും
4. ഗുജറാത്തില്‍ പട്ടാനിലെ റാണി കി വാവ്
5. ജമ്മു കാഷ്മീരില്‍ ലഡാക്കിലുള്ള ലേ പാലസ്
6. ഉത്തര്‍പ്രദേശിലെ വാരാണസി ക്ഷേത്ര നഗരം
7. പഞ്ചാബില്‍ അമൃത്സറിലെ ജാലിയന്‍വാലാ ബാഗ്
8. ഹൈദരാബാദിലെ ഖുത്തബ് ഷാഹി ശവകുടീരം


ആദായനികുതിയിലെ മാറ്റങ്ങള്‍

ആദായനികുതി നിരക്കിലോ സ്ളാബുകളിലോ മാറ്റമില്ല. സെസ് നിരക്കും പഴയതു തുടരും.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന് അനുവദിച്ചിരുന്ന കിഴിവ് 15,000 രൂപയില്‍നിന്ന് 25,000 രൂപയാക്കി. 60 വയസിനു മുകളിലുള്ളവര്‍ക്ക് പരിധി 20,000ല്‍നിന്ന് 30,000 രൂപയാക്കി.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലാത്ത 80 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് (വളരെ മുതിര്‍ന്ന പൌരന്മാര്‍) 30,000 രൂപ വരെയുള്ള ചികിത്സച്ചെലവ് കിഴിക്കാം.

80 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഗുരുതരമായ ചില രോഗങ്ങളുടെ ചികിത്സച്ചെലവില്‍ കിഴിക്കാന്‍ അനുവദിച്ചിട്ടുള്ള സംഖ്യ 60,000 രൂപയില്‍നിന്ന് 80,000 രൂപയാക്കി.

ഭിന്നശേഷിയുള്ളവര്‍ക്ക് 80 ഡിഡി, 80 യു വകുപ്പുകള്‍ പ്രകാരം 25,000 രൂപയുടെ അധിക കിഴിവ് അനുവദിക്കും.

ഏതെങ്കിലും പെന്‍ഷന്‍ ഫണ്ടിലോ ന്യൂപെന്‍ഷന്‍ സ്കീമി(എന്‍പിഎസ്)ലോ അടയ്ക്കുന്ന തുകയ്ക്കുള്ള കിഴിവ് ഒരുലക്ഷം രൂപയില്‍നിന്ന് ഒന്നര ലക്ഷം രൂപയാക്കി.

ന്യൂപെന്‍ഷന്‍ സ്കീമിലെ അടവിന് 80 സിസിഡി പ്രകാരമുള്ള കിഴിവ് 50,000 രൂപ കണ്ടു വര്‍ധിപ്പിച്ചു. എല്ലാവര്‍ക്കും പെന്‍ഷന്‍ ഉള്ള ഒരു സമൂഹം ലക്ഷ്യമിട്ടാണിതെന്നു മന്ത്രി ജയ്റ്റ്ലി പറഞ്ഞു.

സുകന്യ സമൃദ്ധി സ്കീമിലെ നിക്ഷേപങ്ങള്‍ 80 സി പ്രകാരം കിഴിവുള്ളതാണ്. ഈ നിക്ഷേപം മടക്കി നല്‍കുമ്പോള്‍ പലിശയ്ക്കും മുതലിനും സമ്പൂര്‍ണ നികുതി ഒഴിവു നല്‍കുന്നതായി മന്ത്രി പ്രഖ്യാപിച്ചു.

ശമ്പള വരുമാനക്കാര്‍ക്കുള്ള ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് മാസം 800 രൂപയില്‍നിന്ന് 1,600 രൂപയാക്കി. ഒരു വര്‍ഷം 19,200 രൂപ ഈയിനത്തില്‍ വരുമാനത്തില്‍നിന്നു കിഴിക്കാം.

മുതിര്‍ന്ന പൌരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ വരിഷ്ഠ ബീമ യോജനയെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കി.

സ്വച്ഛ് ഭാരത് കോശിനുള്ളതുപോലെ ക്ളീന്‍ ഗംഗാ ഫണ്ടിനുള്ള സംഭാവനകള്‍ക്ക് 100 ശതമാനം കിഴിവ് അനുവദിച്ചു.

യോഗ പരിശീലന പ്രചാരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന സംഭാവന 2 (15) പ്രകാരമുള്ള ധര്‍മലക്ഷ്യ സംഭാവനയായി കണക്കാക്കും. ഇതിന് അര്‍ഹമായ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കും.

ആദായനികുതി നിരക്കുകള്‍

2015-16 ല്‍ ശമ്പളവരുമാനക്കാര്‍ക്കു സ്രോതസില്‍ നികുതി കിഴിക്കാനും (ടിഡിഎസ്) മുന്‍കൂര്‍ നികുതി കണക്കാക്കാനുമുള്ള നിരക്കുകള്‍.

60 വയസില്‍ താഴെയുള്ളവര്‍

2,50,000 രൂപ വരെ നികുതി ഇല്ല.
2,50,001 - 5,00,000 10 ശതമാനം
5,00,001 - 10,00,000 20 ശതമാനം
10 ലക്ഷത്തിനു മുകളില്‍ 30 ശതമാനം
60 വയസിനു മുകളില്‍ 80-നു താഴെ വരെ 3,00,000 രൂപ വരെ ഇല്ല
3,00,001 - 5,00,000 10 ശതമാനം
5,00,001 - 10,00,000 20 ശതമാനം
10 ലക്ഷത്തിനു മുകളില്‍ 30 ശതമാനം
80 വയസും അതിനു മുകളിലും
5,00,000 രൂപ വരെ ഇല്ല
5,00,001 - 10,00,000 20 ശതമാനം
10 ലക്ഷത്തിനു മുകളില്‍ 30 ശതമാനം

സെസുകള്‍

വിദ്യാഭ്യാസ സെസ്-നികുതിയുടെ രണ്ടു ശതമാനം
സെക്കന്‍ഡറി-ഉന്നത വിദ്യാഭ്യാസ സെസ്-നികുതിയുടെ ഒരു ശതമാനം.

ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനെ സെബിയില്‍ ലയിപ്പിക്കും

ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനെ(എഫ്എംസി)സെബിയുമായി ലയിപ്പിക്കുമെന്നു ധനമന്ത്രി അറിയിച്ചു. ഊഹക്കച്ചവടം കുറയ്ക്കാനും അവധി വിപണിയുടെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനാണിത്. ആര്‍ബിഐയുമായി കൂടിയാലോചിച്ച് ഫെമാ നിയമത്തിന്റെ ആറാം വകുപ്പ് ഭേദഗതി ചെയ്യാനും നിര്‍ദേശമുണ്ട്.

കൂടംകുളം നിലയത്തിന്റെ രണ്ടാം യൂണിറ്റ് കമ്മീഷന്‍ ചെയ്യും

കൂടംകുളം ആണവനിലയത്തിന്റെ രണ്ടാമത് യൂണിറ്റ് 2015-16 വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യും. 4,000 മെഗാവാട്ട് ശേഷിയുള്ള അഞ്ച് പുതിയ അള്‍ട്രാ മെഗാ ഊര്‍ജ പദ്ധതികള്‍ പ്ളഗ് ആന്‍ഡ് പ്ളേ അടിസ്ഥാനത്തില്‍ സ്ഥാപിക്കും. പദ്ധതി ലേലം സുതാര്യമായ സംവിധാനത്തിലൂടെയാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും. ലക്ഷം കോടി നിക്ഷേപം വരെ ഇതിലൂടെ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ്, തുറമുഖം, റെയില്‍വേ പാതകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി അടിസ്ഥാന സൌകര്യപദ്ധതികള്‍ക്കും പ്ളഗ് ആന്‍ഡ് പ്ളേ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും.

പോസ്റല്‍ ബാങ്കിംഗ് പദ്ധതി

ജനങ്ങള്‍ക്കു പ്രാഥമിക സാമ്പത്തിക സംവിധാനങ്ങള്‍ ഉപയോഗ പ്പെടുത്താനുള്ള സൌകര്യമുറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു ധനമന്ത്രി പറഞ്ഞു. 1,54,000 സേവനകേന്ദ്രങ്ങളോടു കൂടിയ തപാല്‍ ശൃംഖലയെ ഇതിനായി ഉപയോഗപ്പടുത്തും. പരാതികള്‍ പരിഹരിക്കുന്നതിന് ദൌത്യസംഘം രൂപീകരിക്കും.



വിദ്യാഭ്യാസ മേഖലയ്ക്ക് 68,968 കോടി

ഉച്ചഭക്ഷണ പദ്ധതിക്ക് ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് 68,968 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 33,156 കോടിയും തൊഴിലുറപ്പു പദ്ധതിക്കുള്‍പ്പെടെ ഗ്രാമവികസന പദ്ധതികള്‍ക്ക് 79,526 കോടിയും ബജറ്റില്‍ വകയിരുത്തി.

ഭവന നിര്‍മാണത്തിനും നഗരവികസനത്തിനുമായി 22,407 കോടിയും വനിതാ- ശിശുക്ഷേമത്തിന് 10,351 കോടിയും ജലവിഭവ, നമാമി ഗംഗേ പദ്ധതികള്‍ക്കായി 4,173 കോടി രൂപയും വിലയിരുത്തി. സ്ത്രീസുരക്ഷയ്ക്കായുള്ള നിര്‍ഭയ നിധിക്ക് 1,000 കോടി രൂപ വകയിരുത്തി.

ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലാ പദ്ധതി വേഗത്തിലാക്കും. ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴിക്കായി 1200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


സ്വയം തൊഴില്‍, പ്രതിഭാ വിനിയോഗ സംവിധാനം

സ്വയം തൊഴില്‍, പ്രതിഭാ വിനിയോഗ സംവിധാനം (സേതു) രൂപീകരിക്കും. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലയില്‍ ബിസിനസ് തുടങ്ങുന്നതിനും സ്വയം തൊഴിലിലേര്‍പ്പെടുന്നതിനും ആവശ്യമായ പിന്തുണ നല്‍കും. സേതു പദ്ധതി രൂപീകരിക്കുന്നതിന് നിതി ആയോഗിന് 1,000 കോടി രൂപ പ്രാരംഭ തുക നല്‍കും.

കാല്‍ഡോര്‍ നിര്‍ദേശിച്ച സ്വത്തുനികുതിക്കു ഗുഡ്ബൈ

യൂറോപ്യന്‍ വിദഗ്ധനായ നിക്കോളാസ് കാല്‍ഡോറുടെ ഉപദേശപ്രകാരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചുമത്തിയ സ്വത്തുനികുതി 58 വര്‍ഷത്തിനു ശേഷം ഇല്ലാതാകുന്നു. ഇന്നലെ അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റാണ് 1957ലാരംഭിച്ച നികുതി നിര്‍ത്തലാക്കുന്നത്. അസമത്വം കുറയ്ക്കുക എന്നതായിരുന്നു ഈ നികുതിയുടെ ലക്ഷ്യം.

1992-ല്‍ രാജാ ചെല്ലയ്യ കമ്മിറ്റി ഈ നികുതി സമഗ്രമായി പൊളിച്ചെഴുതാന്‍ നിര്‍ദേശിച്ചു. ഉത്പാദനക്ഷമമല്ലാത്തതും അനഭിലഷണീയവുമായ സാമ്പത്തിന്മേല്‍ മാത്രമേ ഇതു ചുമത്താവൂ എന്നാണു ചെല്ലയ്യ നിര്‍ദേശിച്ചത്.

ഇപ്പോള്‍ 30 ലക്ഷം രൂപയ്ക്കുമേല്‍ മൂല്യമുള്ള സ്വത്തിനാണ് ഈ നികുതി. അതിനു കണക്കാക്കുന്ന ആസ്തി ഇനങ്ങളും കുറവാണ്.ഇതില്‍നിന്നുള്ള വരവു തീരെ കുറവാണ്. 2011-12 ല്‍ 788.67 കോടി കിട്ടി. പിറ്റേവര്‍ഷം 844.12 കോടി. 1.15 ലക്ഷം പേരാണ് ഈ നികുതി പരിധിയില്‍ വരുന്നവര്‍.

സ്വത്തുനികുതി ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുന്നത് ഒരുകോടിയില്‍ കൂടുതല്‍ ആദായമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രണ്ടു ശതമാനം സര്‍ചാര്‍ജ് ചു മത്തിയാണ്.

ഇതുവഴി 9000 കോടി രൂപ ലഭിക്കും.

വീസ ഓണ്‍ അറൈവല്‍ 150 രാജ്യങ്ങളിലേക്ക്

43 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ള വീസ ഓണ്‍ അറൈവല്‍ ഘട്ടംഘട്ടമായി 150 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

ദരിദ്രവിഭാഗങ്ങള്‍ക്കു കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷ്വറന്‍സ്

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ വിജയത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും,പ്രത്യേകിച്ച് ദരിദ്രര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടി സാര്‍വത്രിക സാമൂഹിക സുരക്ഷാ സംവിധാനം രൂപീകരിക്കുന്നതിനു ധനമന്ത്രി നിര്‍ദേശിച്ചു.

12 രൂപ വാര്‍ഷിക അടവില്‍ രണ്ടു ലക്ഷം രൂപ കവറേജ് ലഭിക്കുന്ന അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന ഉടന്‍ ആരംഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്കും കാലയളവിനും ആനുപാതികമായി നിശ്ചിത പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയും ആരംഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 2015 ഡിസംബര്‍ 30 നു മുന്‍പ് ആരംഭിക്കുന്ന അക്കൌണ്ടുകളില്‍ പരമാവധി വാര്‍ഷിക സംഭാവന 1,000 രൂപ എന്ന കണക്കില്‍ പ്രീമിയത്തിന്റെ 50 ശതമാനം ഗവണ്‍മെന്റ് നല്‍കും. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ഇന്‍ഷ്വറന്‍സ് പദ്ധതി 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ നടപ്പാക്കും. സാധാരണ മരണത്തിനും അപകടമരണത്തിനും രണ്ടു ലക്ഷം രൂപ കവറേജ് ലഭിക്കും. മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ക്ഷേമനിധി രൂപീകരിക്കുകയും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള മുതിര്‍ന്ന പൌരന്മാര്‍ക്കു ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കായി പുതിയ പദ്ധതി നടപ്പാക്കുകയും ചെയ്യും.

ഔപചാരിക വിദ്യാഭ്യാസം നേടാത്ത ന്യൂനപക്ഷ യുവാക്കള്‍ക്കു മികച്ച തൊഴില്‍ ലഭിക്കാന്‍ സംയോജിത വിദ്യാഭ്യാസ, ജീവനപദ്ധതിയായ നയി മന്‍സില്‍ ആരംഭിക്കും. പാഴ്സികളുടെ സംസ്കാരികത്തനിമയെക്കുറിച്ച് അറിവു പകരുന്നതിനായി ദി എവര്‍ലാസ്റിംഗ് ഫ്ളെയിം എന്ന പേരില്‍ എക്സിബിഷന്‍ സംഘടിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.


സേവനനികുതി ഇനി 14 ശതമാനം

വിദ്യാഭ്യാസ സെസ് ഉള്‍പ്പെടെ സേവനനികുതി നിരക്ക് 12 ശതമാനത്തില്‍നിന്ന് 14 ശതമാനമാക്കി വര്‍ധിപ്പിച്ചു. പുതിയ സേവനനികുതി നിരക്കില്‍ വിദ്യാഭ്യാസ സെസും സെക്കന്‍ഡറി - ഹയര്‍ സെക്കന്‍ഡറി സെസും ഉള്‍പ്പെടുത്തി. ബിസിനസ് സ്ഥാപനങ്ങള്‍ക്കു ഗവണ്‍മെന്റ് നല്കുന്ന എല്ലാ സേവനങ്ങളെയും സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവന്നു.

കാര്‍ഷികോത്പന്നങ്ങള്‍ വാഹ നങ്ങളില്‍ കൊണ്ടുപോകുന്നതു സേവന നികുതിയില്‍നിന്ന് ഒഴിവാക്കി. മ്യൂച്ചല്‍ഫണ്ട് ഏജന്റുകള്‍ മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ക്കു നല്കുന്ന സേവനത്തെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നതു പിന്‍വലിച്ചു. ലോട്ടറി ടിക്കറ്റുകളുടെ മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ ഇനിയും സേവനനികുതി കൊടുക്കേണ്ടി വരും. ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പബ്ളിക് ടെലിഫോണുകള്‍ സേവനനികുതി പരിധിയില്‍ ഉള്‍പ്പെടും. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സേവനനികുതി ഒഴിവു നല്കിയതു പിന്‍വലിച്ചു.

ഒരു ലക്ഷം രൂപ വരെ ചെലവുള്ള നാടകങ്ങള്‍, ക്ളാസിക്കല്‍ കലാപ്രകടനങ്ങള്‍, കലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ റെയില്‍വേവഴി കൊണ്ടു പോകുന്നതിനും സേവന നികുതി ഒഴിവ് നല്കും. പയറുവര്‍ഗങ്ങള്‍, ധാന്യപ്പൊടി, പാല്, ഉപ്പ് എന്നിവ റെയില്‍വേ വഴി കൊണ്ടു പോകുന്നതും സേവനനികുതിയില്‍നിന്ന് ഒഴിവാക്കി.

വ്യാപാരം സുഗമമാക്കുന്നതിനു നടപടികള്‍

വ്യാപാര നടത്തിപ്പ് സുഗമമാക്കുന്നതിനു നിയമപരമായ സാധുതയും വേഗവും കൈവരിക്കുന്നതിനു പാപ്പര്‍ നിയമ പരിഷ്കാരം മുഖ്യ പരിഗണന അര്‍ഹിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

നിലവിലുള്ള പീഡിത വ്യവസായ കമ്പനി നിയമവും വ്യവസായ ധനകാര്യ പുനരുദ്ധാരണ ബ്യൂറോയും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ആഗോള നിലവാരത്തിലുള്ള, നിയമപരമായി വേണ്ടത്ര അധികാരങ്ങളോടുകൂടിയ സമഗ്രമായ ബാങ്ക്റപ്ട്സി കോഡ് (ആമിസൃൌുര്യേ ഇീറല) 2015-16 ധനകാര്യവര്‍ഷത്തില്‍ കൊണ്ടുവരുമെന്നു ധനമന്ത്രി അറിയിച്ചു.

ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു പണലഭ്യത ഗണ്യമായി മെച്ചപ്പെടുത്തുന്നതിലേക്കു കോര്‍പറേറ്റ് മേഖലയുമായുള്ള വ്യാപാര ഇടപാടുകള്‍ക്കായി ഇലക്ട്രോണിക് ട്രേഡ് റിസീവബിള്‍ ഡിസ്കൌണ്ടിംഗ് സംവിധാനം (ഠഞലഉട) നിലവില്‍ വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുകട മാനേജ്മെന്റ് ഏജന്‍സി

ഇന്ത്യയുടെ ആഭ്യന്തര, വിദേശ കടമെടുപ്പ് ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഒരു പൊതുകട മാനേജ്മെന്റ് ഏജന്‍സി (പിഡിഎംഎ) സ്ഥാപിക്കും. കടപ്പത്ര വിപണിയെ വിപുലപ്പെടുത്തുകയാണ് ഇന്ത്യയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഒരു വഴി. പിഡിഎംഎ സ്ഥാപിക്കുന്നതിന് ഇന്ത്യയെ ലോകോത്തര ഓഹരി കമ്പോളത്തിന്റെ തലത്തിലേക്ക് മാറ്റുമെന്നു മന്ത്രി പറഞ്ഞു.

ഹരിത വികസനം ഉറപ്പാക്കും

ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതി ഗവണ്‍മെന്റ് ആരംഭിക്കും. 2015-16 കാലയളവില്‍ 75 കോടി രൂപ അടങ്കല്‍ തുകയായ പദ്ധതിയാണ് ആരംഭിക്കുക. 2022 ഓടെ പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജോത്പാദന ലക്ഷ്യം 1,75,000 മെഗാവാട്ടായി പുനര്‍നിശ്ചയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.