വിദേശനിക്ഷേപം മറച്ചുവച്ചാല്‍ ഏഴു വര്‍ഷം തടവ്
Sunday, March 1, 2015 12:52 AM IST
ന്യൂഡല്‍ഹി: വിദേശത്തെ നിക്ഷേപങ്ങള്‍ മറച്ചുവച്ചുളള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും ഏഴു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.

ഇഎസ്ഐ, പിഎഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നിര്‍ഭയ പദ്ധതിക്ക് 1,000 കോടി രൂപ അധികമായി നല്കും. ആഭ്യന്തര കടവും വിദേശകടവും പുതിയ ഏജന്‍സിയുടെ കീഴിലാക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ആദായനികുതി ദായകര്‍ക്കുള്ള ഇളവുപരിധി കൂട്ടിയില്ല. എന്നാല്‍, ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് 50,000 രൂപ വരെ വിഹിതത്തിനു നികുതിയിളവു പ്രഖ്യാപിച്ചു. യാത്രാബത്തയ്ക്കുള്ള നികുതിയിളവ് പ്രതിമാസം 1,600 രൂപയാക്കി. നിലവില്‍ ഇത് 800 രൂപയാണ്. പെണ്‍കുട്ടികള്‍ക്കുളള സുകന്യ സമൃദ്ധി യോജനയിലെ നിക്ഷപങ്ങള്‍ക്കു പൂര്‍ണ നികുതിയിളവു നല്‍കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി വിഹിതത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവു വരുത്തി.

രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കുമായി പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. 12 രൂപ വാര്‍ഷിക പ്രീമിയം അടച്ച് അംഗമാകുന്നവര്‍ക്കു രണ്ടു ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.


സ്പോര്‍ട്സ് വികസനത്തെക്കുറിച്ചു ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശമേയില്ല. 52 ശതമാനം പേര്‍ 25 വയസില്‍ താഴെയുള്ള രാജ്യത്തു സ്പോര്‍ട്സിന് ഊന്നല്‍ നല്‍കാത്തതു നിരാശ ജനകമായി.

കഴിഞ്ഞ വര്‍ഷം 5,7,5000 കോടി രൂപയായിരുന്ന പദ്ധതി വിഹിതം ഇത്തവണ 4,65,277 രൂപയായി വെട്ടിക്കുറച്ചു. പദ്ധതിയിതര ചെലവ് 13,12,220 കോടി രൂപയാണ്. ഇതടക്കം മൊത്തം ചെലവ് 17,77,477 കോടി രൂപയാണ്. നികുതിയില്‍നിന്നു പ്രതീക്ഷിക്കുന്ന ആകെ വരവ് 14,49,490 കോടി രൂപയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 5,23,958 കോടി രൂപയുമാണ്.

പ്രതിരോധ മേഖലയ്ക്കുള്ള വിഹിതത്തില്‍ കാര്യമായ വര്‍ധനയില്ല. മൊത്തം 2,46,727 കോടി രൂപയാണു പ്രതിരോധത്തിനായി വകയിരുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയ്ക്ക് 68,968 കോടി രൂപയും, ആരോഗ്യമേഖലയ്ക്ക് 33,152 കോടി രൂപയും, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഉള്‍പ്പെട്ട ഗ്രാമീണ വികസന മേഖലയ്ക്ക് 79,536 കോടി രൂപയും, ഭവന, നഗര വികസനമേഖലയ്ക്ക് 22,407 കോടി രൂപയും വനിതാ, ശിശു വികസനത്തിന് 10,351 കോടി രൂപയും, ജലവിഭവ, ഗംഗാ പുനരുജ്ജീവനത്തിന് 4,173 കോടി രൂപയുമാണു ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.